
കൊച്ചി: ഓണം റിലീസ് ചിത്രം എ ആർ എമ്മിന്റെ വ്യാജ പതിപ്പ് പ്രചരിക്കുന്നതിൽ പ്രതികരിച്ച് നായകൻ ടൊവിനോ തോമസ്. സിനിമ വ്യവസായത്തെ ആകെ ബാധിക്കുന്ന വിഷയമെന്നും പിന്നിൽ ഒരു സംഘം തന്നെ പ്രവർത്തിക്കുന്നോ എന്ന് സംശയമെന്നും ടൊവിനോ തോമസ് പ്രതികരിച്ചു.
അതേ സമയം വ്യാജപതിപ്പ് ഇറങ്ങിയതിൽ നിയമ നടപടിക്കൊരുങ്ങുകയാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. തന്‍റെ സിനിമയെ ടാർഗറ്റ് ചെയ്യുന്നു എന്ന് സംവിധായകൻ ജിതിൻ ലാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത് ഓണം റിലീസ് ആയി തിയറ്ററുകളിലെത്തിയ എആര്‍എം (അജയന്‍റെ രണ്ടാം മോഷണം) എന്ന ചിത്രത്തിന്‍റെ വ്യാജ പതിപ്പ് പുറത്തായ വാർത്ത കഴിഞ്ഞദിവസമാണ് എത്തിയത്. ട്രെയിന്‍ യാത്രയ്ക്കിടെ ഒരാള്‍ ചിത്രം മൊബൈല്‍ ഫോണില്‍ കാണുന്ന ദൃശ്യം സംവിധായകന്‍ ജിതിന്‍ ലാല്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.
"ഒരു സുഹൃത്താണ് ഇത് എനിക്ക് അയച്ചുതന്നത്. ഹൃദയഭേദകം. വേറെ ഒന്നും പറയാനില്ല. ടെലിഗ്രാം വഴി എആര്‍എം കാണേണ്ടവര്‍ കാണട്ടെ. അല്ലാതെ എന്ത് പറയാനാ"?, ലഘു വീഡിയോയ്ക്കൊപ്പം സംവിധായകന്‍ കുറിച്ചു.
12ന് സിനിമ റിലീസായി രണ്ട് ദിവസത്തിന് ശേഷം കോഴിക്കോട് ഒരു പരിപാടിയിൽ പങ്കെടുക്കവെയാണ് സിനിമ അഞ്ചോളം ടെലഗ്രാം ഗ്രൂപ്പുകളിൽ ഷെയർ ചെയ്യപ്പെട്ടിട്ടുണ്ടെന്ന വിവരം ആദ്യം അറിഞ്ഞതെന്ന് ജിതിൻ ലാൽ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവെ പറഞ്ഞു. ആരോ കരുതിക്കൂട്ടി ചെയ്തതാണെന്നാണ് തങ്ങളുടെ ആന്റി പൈറസി വിഭാഗം അറിയിച്ചത്. പിന്നീട് മലയാളം, തമിഴ് തെലുങ്ക് ഭാഷകളുടെ പകർപ്പ് വന്നതായി അറിയിച്ചു. സാധ്യമാവുന്നിടത്തോളം തടയാൻ ശ്രമിച്ചു.
എന്നാൽ ഇന്ന് ജനശതാബ്ദി എക്സ്പ്രസിൽ സഞ്ചരിക്കുകയായിരുന്ന ഒരു സുഹൃത്താണ് ഒരാൾ ഫോണിൽ സിനിമ കാണുന്നതിന്റെ ചിത്രം അയച്ചുതന്നത്. തന്റെയും ഈ സിനിമയ്ക്ക് പിന്നിലുള്ള മറ്റുള്ളവരുടെയും എട്ട് വർഷത്തെ സ്വപ്നമാണ് ഈ സിനിമയെന്നും ഇപ്പോൾ നടക്കുന്നത് കൊലപാതകത്തിന് തുല്യമാണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സിനിമയുടെ വ്യാജ പതിപ്പ് പുറത്തിറങ്ങിയ സംഭവത്തിൽ നിയമ നടപടി സ്വീകരിക്കുമെന്നും നാളെത്തന്നെ പൊലീസിൽ പരാതി നൽകുമെന്നും നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.
'എആര്‍എം' വ്യാജ പതിപ്പ് പുറത്ത്; ഹൃദയഭേദകമെന്ന് സംവിധായകൻ, നിയമ നടപടി സ്വീകരിക്കുമെന്ന് നിർമാതാവ്
നാല് ദിവസം, വാലിബന്റെ ലൈഫ് ടൈം കളക്ഷൻ തൂക്കി 'എആർഎം' ! വിസ്മയം തീർത്ത് ഓണച്ചിത്രങ്ങളിൽ ഒന്നാമൻ
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ