കലാ സംവിധായകൻ സുനിൽ ബാബു അന്തരിച്ചു; അവസാന ചിത്രം വിജയുടെ വാരിസ്

Published : Jan 06, 2023, 07:36 AM IST
കലാ സംവിധായകൻ സുനിൽ ബാബു അന്തരിച്ചു; അവസാന ചിത്രം വിജയുടെ വാരിസ്

Synopsis

സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത അനന്തഭദ്രം എന്ന സിനിമയിലെ  സംവിധാനത്തിന് മികച്ച കലാ സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചിട്ടുണ്ട്. 

കൊച്ചി: സിനിമാ കലാ സംവിധായകനും പ്രൊഡക്ഷന്‍ ഡിസൈനറുമായ സുനിൽ ബാബു അന്തരിച്ചു. 50 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രി 11 മണിക്ക് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. കാലിലുണ്ടായ ചെറിയ നീരിനെ തുടർന്നാണ് സുനിലിനെ മൂന്നു ദിവസം മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയായ സുനില്‍ മലയാളം, തമിഴ്, തെലുങ്ക്, ബോളിവുഡ് സിനിമകളില്‍ തിരക്കുള്ള  കലാ സംവിധായകനായിരുന്നു. 

വിജയ് നായകനായ തമിഴ് ചിത്രം വാരിസിലാണ് അവസാനം പ്രവർത്തിച്ചത്. ഈ ചിത്രം റിലീസാകാനിരിക്കെയാണ് മരണം സംഭവിക്കുന്നത്. വിവിധ ഭാഷൽകളില്‍  നൂറോളം സിനിമകളില്‍ കലാ സംവിധായകനായി പ്രവര്‍ത്തിച്ച സുനില്‍ ബാബു മൈസൂരു ആർട്സ് കോളേജിലെ പഠനത്തിനു ശേഷം കലാ സംവിധായകൻ സാബു സിറിലിന്റെ സഹായിയായാണ് ചലച്ചിത്ര രംഗത്തേക്ക് എത്തിയത്. പ്രശസ്ത ക്യാമറാമാന്‍  സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത അനന്തഭദ്രം എന്ന സിനിമയിലെ  സംവിധാനത്തിന് മികച്ച കലാ സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചിട്ടുണ്ട്. 

അനന്തഭദ്രം, ഉറുമി, ഛോട്ടാ മുംബൈ, ആമി, പ്രേമം, നോട്ട്ബുക്ക്, കായംകുളം കൊച്ചുണ്ണി, പഴശ്ശിരാജ, ബാംഗ്ലൂർ ഡെയ്‌സ് തുടങ്ങിയവയാണ് സുനില്‍ ബാബുവിന്‍റെ മലയാളത്തിലെ ശ്രദ്ധേയ ചിത്രങ്ങള്‍. ബോളിവുഡിൽ എം.എസ്. ധോണി, ഗജിനി, ലക്ഷ്യ, സ്പെഷൽ ചൗബീസ് തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ച സുനില്‍ ഒരു ഇംഗ്ലീഷ് ചിത്രത്തിനും കലാ സംവിധാനം നിർവഹിച്ചിട്ടുണ്ട്. മല്ലപ്പള്ളി കുന്നന്താനം രാമമംഗലം തങ്കപ്പൻ നായരുടെയും സരസ്വതിയമ്മയുടെയും മകനാണ് സുനില്‍ ബാബു. ഭാര്യ: പ്രേമ. മകൾ: ആര്യ സരസ്വതി.  മൃതദേഹം അമൃത ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

Read More :  ഒരു കുടുംബത്തിലെ മൂന്ന് പേര്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍; ഗൃഹനാഥന്‍ ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയത് ഇന്നലെ

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍