ആ വ്യക്തിയെ വേദനിപ്പിക്കുക എന്നതായിരുന്നില്ല ഉദ്ദേശ്യം, വിശദീകരണവുമായി അഹാന കൃഷ്‍ണകുമാര്‍

By Web TeamFirst Published Jul 27, 2020, 4:09 PM IST
Highlights

അഭിപ്രായ വ്യത്യാസം അറിയിക്കുക എന്ന ഉദ്ദേശത്തോടെയാണ് ചെറിയ ഭാഗം മാത്രമായി സ്റ്റോറിയിൽ ഉൾപ്പെടുത്തിയത് എന്ന് അഹാന കൃഷ്‍ണകുമാര്‍.

സ്വര്‍ണക്കടത്തും ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് അഹാന കൃഷ്‍ണകുമാര്‍ ചെയ്‍ത ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറി വലിയ ചര്‍ച്ചയായിരുന്നു. അഹാന കൃഷ്‍ണകുമാര്‍ വിശദീകരണവുമായി രംഗത്ത് എത്തുകയും ചെയ്‍തിരുന്നു. അഹാന കൃഷ്‍ണകുമാറിന് എതിരെ രൂക്ഷമായ വിമര്‍ശനങ്ങളുണ്ടായി. സൈബര്‍ ആക്രമണത്തിന് എതിരെ ഒരു വീഡിയോയുമായും അഹാന കൃഷ്‍ണകുമാര്‍ രംഗത്ത് എത്തിയിരുന്നു. വിശദീകരണമാവശ്യപ്പെട്ട് ഒരുപാട് പേര്‍ കമന്റിടുകയും ചെയ്‍തിരുന്നു. അതില്‍ ഒരു കമന്റിന് അഹാന കൃഷ്‍ണകുമാര്‍ മറുപടി പറഞ്ഞതും ചര്‍ച്ചയായി. സൈബര്‍ ബുള്ളിയിംഗിന് എതിരെ രംഗത്ത് എത്തിയ അഹാന കൃഷ്‍ണകുമാര്‍ അതുതന്നെയാണ് നടത്തുന്നത് എന്നായിരുന്നു ഒരാള്‍ പറഞ്ഞത്. തന്റെ കമന്റിന്റെ ചെറിയ ഭാഗം മാത്രം എടുത്ത് മറുപടി പറഞ്ഞപ്പോള്‍ ഒരുപാട് പേരുടെ മുന്നില്‍ മോശക്കാരനാക്കി എന്നായിരുന്നു അയാള്‍ പറഞ്ഞത്. ഇപ്പോള്‍ എല്ലാ കാര്യങ്ങള്‍ക്കും വിശദീകരണവുമായി അഹാന കൃഷ്‍ണകുമാര്‍ രംഗത്ത് എത്തിയിരിക്കുന്നു. സാമൂഹ്യമാധ്യമത്തിലൂടെയാണ് അഹാന കൃഷ്‍ണകുമാറിനറെ പ്രതികരണം.

അഹാന കൃഷ്‍ണകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഒരുപാട് വർഷങ്ങളായി സോഷ്യൽ മീഡിയയിലും പുറത്തും നിങ്ങളെല്ലാവരുടെയും അകമഴിഞ്ഞ സ്നേഹം അനുഭവിക്കാൻ ഭാഗ്യം ലഭിച്ചവരാണ്  ഞാനും എന്റെ കുടുംബവും. അതു കൊണ്ടു തന്നെ നിങ്ങളോരോരുത്തരും ഞങ്ങൾക്ക് അത്രയേറെ പ്രിയപ്പെട്ടവരാണ്.

ഞാൻ പോസ്റ്റ് ചെയ്‍ത് ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറിയുടെ ചുവട് പിടിച്ച് ഒട്ടനവധി മെസേജുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ എനിക്ക് ലഭിച്ചത്, അതിൽ ഭൂരിപക്ഷവും ആവശ്യപ്പെട്ടത് ആ സ്റ്റോറിയിൽ പരാമർശിക്കപ്പെട്ട വ്യക്തിയോടും, അതോടൊപ്പം ആ സ്റ്റോറി ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അവരോടും ഒരു വിശദീകരണം നൽകണം എന്നാവശ്യപ്പെട്ടു കൊണ്ടുള്ളതായിരുന്നു.  കഴിഞ്ഞ ദിവസങ്ങളിൽ എന്റെ ചുറ്റിലും ഒരുപാട് കാര്യങ്ങൾ സംഭവിക്കുന്നുണ്ടെന്ന് അറിയാമായിരുന്നെങ്കിലും, അതെല്ലാം പ്രോസസ്സ് ചെയ്തെടുക്കാൻ എനിക്കൊരല്പം സാവാകാശം ആവശ്യമായിരുന്നു. ഒരിക്കലും ആ വ്യക്തിയെ വേദനിപ്പിക്കുക എന്നതോ, കുറ്റക്കാരനായി ഫ്രെയിം ചെയ്യുക എന്നതോ ആയിരുന്നില്ല എന്റെ ഉദ്ദേശം. എന്റെ പോസ്റ്റിനു താഴെ ആ വ്യക്തിയിട്ട കമന്റിലെ ചില ഭാഗങ്ങളോടുള്ള എന്റെ അഭിപ്രായ വ്യത്യാസം അറിയിക്കുക എന്ന ഉദ്ദേശത്തോടെയാണ് ആ ഭാഗം മാത്രമായി സ്റ്റോറിയിൽ ഉൾപ്പെടുത്തിയത്.

മുകളിൽ പറഞ്ഞത് പോലെ ഒരാളെയും വേദനിപ്പിക്കുക എന്നതോ, തെറ്റുകാരനായി ചിത്രീകരിക്കുക എന്നതോ ഒന്നുമായിരുന്നില്ല എന്റെ ഉദ്ദേശം, മറിച്ച് അദ്ദേഹത്തിന്റെ പരാമർശത്തിനു മറുപടി കൊടുക്കുക എന്നത് മാത്രമായിരുന്നു. ഇപോള്‍ എന്റെ ഉദ്ദേശശുദ്ധി തെളിയിക്കുക എന്നതിനുമപ്പുറം പ്രാധാന്യം എന്റെ പ്രവൃത്തികൾ ആരെയെങ്കിലും വേദനപ്പിച്ചിട്ടുണ്ടെങ്കിൽ അവരോട് നിരുപാധികം ക്ഷമ ചോദിക്കുക എന്നതിനാണെന്നു ഞാൻ മനസ്സിലാക്കുന്നു.

വ്യക്തിപരമായി അറിയില്ലെങ്കിലും എന്റെ‌ ഫോളോവേഴ്സ് ലിസ്റ്റിലുള്ള ഒരോരുത്തരും എന്റെ ജീവിതത്തിന്റെ ഭാഗമാണ്, വില മതിക്കാനാകാത്ത സമ്പാദ്യമാണ്. അതു കൊണ്ടാണ് നിങ്ങളുമായി ബന്ധപ്പെട്ട ഓരോ മൈൽസ്റ്റോണുകളും നമ്മൾ ഒരുമിച്ച് ആഘോഷിച്ചിട്ടുള്ളത്‌. നാളിതു വരെ നിങ്ങൾ നൽകിയ സ്നേഹവും പിന്തുണയും കരുതലുമാണു എന്നെ വഴി നടത്തിയത്, അതിനൊട്ടും കുറവു വന്നിട്ടില്ലെന്നും, അതിനിയും ഉണ്ടാകും എന്നുമുള്ള പ്രതീക്ഷയോടെ
നിങ്ങളുടെ സ്വന്തം
അഹാന കൃഷ്‍ണ

click me!