
ഛായാഗ്രഹകനായി കൈയൊപ്പ് പതിപ്പിച്ച തനു ബാലക് പൃഥ്വിരാജിനെ നായകനാക്കി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 'കോള്‍ഡ് കേസ്'. ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഡയറക്ട് ഓടിടി റിലീസായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയ ചിത്രം ഇതിനോടകം തന്നെ ഹിറ്റ് ചാർട്ടില്‍ ഇടം നേടി. ക്രൈം ഇന്‍വെസ്റ്റിഗേഷനൊപ്പം പാരലല്‍ ട്രാക്കില്‍ ഹൊറര്‍-സൂപ്പര്‍നാച്ചുറല്‍ ഘടകങ്ങള്‍ അടങ്ങിയ ഹൈബ്രിഡ് ഴോണറായ ചിത്രം വേറിട്ട പ്രമേയത്തിലും അവതരണ മികവുകൊണ്ടും വേറിട്ട കലാ സൃഷ്ടിയാണ്.
കായലില്‍ വലവീശുന്ന മീന്‍ പിടുത്തക്കാരന് ഗാര്‍ബേജ് ബാഗില്‍ പൊതിഞ്ഞ നിലയില്‍ മനുഷ്യന്റെ തലയോട്ടി ലഭിക്കുന്നു. ഇതൊരു കൊലപാതകത്തിലേക്ക് വിരല്‍ ചൂണ്ടുന്നതായി പോലീസ് പറയുന്നു. ആരാണ് കൊല്ലപ്പെട്ടത്? ആരാണ് കൊലപാതകി? എന്തിനാണ് കൊലപ്പെടുത്തിയത്? എന്നീ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടലാണ് കോള്‍ഡ് കേസ് എന്ന ചിത്രം.
ഒരു മികച്ച അന്വേഷണവും അതിന്റെ പര്യവസാനവും നല്ല രീതിയിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ചിത്രത്തില്‍ എസിപി സത്യജിത്ത് എന്ന കേന്ദ്ര കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. ആറ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം പൃഥ്വിരാജ് വീണ്ടും ഒരു പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. 'മുംബൈ പൊലീസ്', 'മെമ്മറീസ്' എന്നീ സിനിമകളിലെ പൃഥ്വിയുടെ പൊലീസ് കഥാപാത്രം പോലെ തന്നെ ഏറം ചർച്ച ചെയ്യപ്പെട്ടിരിക്കുന്ന കഥാപാത്രമാണ് എസിപി സത്യജിത്ത്. അതിമാനുഷികതയോ, പഞ്ച് ഡയലോഗുകളെ ഇല്ലാതെ തന്നെ പ്രേക്ഷകനൊപ്പം സഞ്ചരിക്കുന്ന കഥാപാത്രമാണ് എസിപി സത്യജിത്ത്, രണ്ട് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍, സൂപ്പര്‍നാച്ചുറല്‍ ട്രാക്കുകള്‍ ഇടയ്ക്കിടെ സ്വിച്ച് ചെയ്‍തുകൊണ്ട് മുന്നോട്ടുപോകുന്ന കഥപറച്ചിലില്, ഇതിനിടയിലും
എവിടെയും ഏച്ചുകെട്ടല്‍ തോന്നിപ്പിക്കാതെ സ്ക്രീനില്‍ നിറഞ്ഞ് നില്‍ക്കുന്ന കഥാപാത്രമാണ് എസിപി സത്യജിത്ത്.
ക്രൈം ഇന്‍വെസ്റ്റിഗേഷനും ഹൊറര്‍-സൂപ്പര്‍നാച്ചുറല്‍ ഘടകങ്ങളും ഒരേ പാരലല്‍ ട്രാക്കില്‍ കൊണ്ടു വന്നും എന്നതാണ് ചിത്രത്തിന്റെ വിജയം. അന്വേഷണത്തിന്റെ ആദ്യ ഘട്ടം ആരാണ് കൊലപാതകി എന്നതിനെക്കുറിച്ചല്ല മറിച്ച് ആരാണ് കൊല്ലപ്പെട്ടത് എന്നതിനെക്കുറിച്ചാണ്. ഒരു കൊലപാതകത്തെക്കുറിച്ച് രണ്ടു പേർ നടത്തുന്ന രണ്ട് അന്വേഷണങ്ങളും യുക്തിസഹജമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മുന്നോട്ട് ഒരാൾ പോവുമ്പോൾ തന്നിലേക്ക് താൻ പോലുമറിയാതെ എത്തുന്ന നിമിത്തത്തെ പിന്തുടരുന്ന നായികയിലൂടെയും ചിത്രം കഥ പറയുന്നു. പത്രപ്രവർത്തകയായ മേധ പത്മജ എന്ന കഥാപാത്രമായി അതിഥി ബാലനും ശ്രദ്ധേയ വേഷത്തിലെത്തുന്നു. അലൻസിയർ, ലക്ഷ്മിപ്രിയ, അനിൽ നെടുമങ്ങാട്, ആത്മേയ തുടങ്ങിയ വലിയ താരനിര മികച്ച രീതിയിൽ തങ്ങളുടെ കഥാപാത്രത്തെ അവതരിപ്പിച്ചു.
കണ്ടു മടുത്ത ക്ലീഷേ പ്രേത സീനുകളോ ത്രില്ലർ കഥ കൊണ്ടുവരുവാനുള്ള ഏച്ചുകെട്ടലോ ഇല്ലായെന്നതാണ് ചിത്രത്തെ മികവുറ്റതാക്കുന്നത്. ത്രില്ലര്‍ ഗണത്തില്‍ വരുന്ന ചിത്രങ്ങളില്‍ നിന്ന് പ്രേക്ഷകര്‍ എന്ത് പ്രതീക്ഷിക്കുന്നോ അത്തരത്തിലുള്ള എല്ലാ ചേരുവകളും കൂട്ടിയിണക്കിയ കഥ പറച്ചിലിലൂടെ ചിത്രം പ്രേക്ഷകനൊപ്പം സഞ്ചരിക്കുന്നു. ഡാര്‍ക്ക് തീമിലുള്ള ഉദ്വേഗം നിറയ്ക്കുന്ന ഫ്രെയ്മുകള്‍ പ്രേക്ഷകരില്‍ ഭീതി നിറയ്ക്കുന്നുണ്ട്. ആഖ്യാനരീതിയും കഥാപാത്രങ്ങളുടെ പ്രകടനവും സിനിമയ്ക്ക് ഒപ്പം പ്രേക്ഷകനെയും സഞ്ചരിപ്പിക്കുന്നടുത്താണ് കോള്‍ഡ് കേസ് വിജയം തീർക്കുന്നത്.
കൊവിഡ് നിയന്ത്രണങ്ങളുടേതായ 'കുറവുകള്‍' ദൃശ്യപരമായി പ്രേക്ഷകരെ അനുഭവിപ്പെടുത്താത്ത തരത്തിലുള്ള വിഷ്വല്‍ ഗ്രാമര്‍ കൊണ്ടുവരാന്‍ പരസ്യ സംവിധായകന്‍ കൂടിയായ തനു ബാലകിന് കഴിഞ്ഞിട്ടുണ്ട്. ഛായാഗ്രഹണം, പ്രൊഡക്ഷന്‍ ഡിസൈന്‍, സൗണ്ട്സ്കേപ്പ് എന്നീ സാങ്കേതിക മേഖലകളിലെല്ലാം മികവ് പുലര്‍ത്തിയിട്ടുള്ള ചിത്രമാണ് കോള്‍ഡ് കേസ്. ഗിരീഷ് ഗംഗാധരന്റെ വിഷ്വലുകളും ഷമീർ മുഹമ്മദിന്റെ എഡിറ്റിങും പ്രകാശ് അലക്സിന്റെ സംഗീതവും സിനിമയെ കൂടുതൽ മനോഹരമാക്കി. കലാസംവിധാനം അജയൻ ചാലിശ്ശേരി, പ്രൊഡക്‌ഷൻ കൺട്രോളര്‍ ബാദുഷ. നിർമ്മാണം ആന്‍റോ ജോസഫ്, ജോമോൻ ടി. ജോൺ, ഷമീർ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ