
മലയാളികള്‍ മനസില്‍ സൂക്ഷിക്കുന്ന തുലാസ് നീക്കം ചെയ്‍താലേ സ്‍ത്രീധനത്തിന്റെ പേരിലുണ്ടാവുന്ന അതിക്രമങ്ങള്‍ ഒഴിവാക്കുകയുള്ളൂവെന്ന് സലിം കുമാര്‍. ആണ്‍കുട്ടികള്‍ ഉള്ള എല്ലാ വീട്ടിലും ഓരോ തുലാസ് ഉണ്ട്. വരുന്ന സ്‍ത്രീധനത്തിന്റെ തൂക്കം നോക്കാന്‍. ആ തുലാസ് പിടിച്ചെടുക്കുകയാണ് വേണ്ടത് എന്നും സലിംകുമാര്‍ ഡിവൈഎഫ്‍ഐ സംഘടിപ്പിച്ച യുവജന ജാഗ്രത സദസില്‍ പറഞ്ഞു.
എനിക്ക് രണ്ട് ആണ്‍മക്കളാണ്. എന്റെ വീട്ടിലും തുലാസ് ഉണ്ട്. ഞാൻ മേടിച്ചു വച്ചതാണ്. ഇന്ന് അത് ഒഴിവാക്കുകയാണ് എന്നും സലിം കുമാർ പറഞ്ഞു. ഓരോ പെണ്‍കുട്ടികളും മരിച്ച് വീഴുമ്പോള്‍ ഇത്തരം ചര്‍ച്ചകള്‍ ഉണ്ടാവാറുണ്ട്. പിന്നീട് മറ്റൊരു വിഷയം വരുമ്പോള്‍ അതെല്ലാം മാഞ്ഞുപോകും. മരുഭൂമിയില്‍ പെയ്യുന്ന മഴ പോലെ അത് വറ്റിപോകും. പ്രതിഷേധമാകുന്ന ആ വെള്ളത്തെ തളം കെട്ടി നിർത്തി തിരിച്ചുവിടാൻ നമുക്ക് കഴിഞ്ഞിട്ടില്ല. യുവജന രാഷ്‍ട്രീയപാർട്ടികൾ ഈ പ്രശ്‍നം ഏറ്റെടുക്കുന്നതു കാണുമ്പോൾ സന്തോഷമാണെന്നും സലിം കുമാര്‍ പറഞ്ഞു.
ഇവിടെ സ്‍ത്രീകള്‍ ദുരൂഹമായ സാഹചര്യത്തില്‍ മരിക്കുന്നതിന്റെ കാരണങ്ങളില്‍ 50 ശതമാനവും സ്‍ത്രീധനം എന്ന് പറയുന്ന, കോവിഡിനേക്കാള്‍ മാരകമായ വിപത്തു മൂലമാണ്. കോവിഡിന് വാക്‌സിനേഷന്‍ ഉണ്ട്. എന്നാല്‍ കാലങ്ങളായി ഈ സമൂഹത്തില്‍ നിലനില്‍ക്കുന്ന അനാചാരത്തിനെതിരെ വാക്‌സിനേഷന്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും സലിം കുമാര്‍ പറഞ്ഞു
ഞാൻ ആലോചിച്ചപ്പോള്‍ വിസ്‍മയയുടെ മരണത്തില്‍ എനിക്കും ഉത്തരവാദിത്തം ഉണ്ട്. ഭര്‍ത്താവിന് കൊടുക്കുന്ന ശിക്ഷയ്ക്ക് ഞാനും ഉത്തരവാദിയാണ്. കൊവിഡിന്റെ ഭീതിജനകമായ സാഹചര്യത്തില്‍ ആ പെണ്‍കുട്ടിക്ക് വീട്ടില്‍ വന്നു നില്‍ക്കാമായിരുന്നു. ഡോക്ടറിന്റെ ഉപദേശങ്ങള്‍ തേടാമായിരുന്നു, എന്നൊക്കെ പലരും ഉപദേശങ്ങള്‍ പറഞ്ഞു. ഇരുപതാം തിയതിയാണ് ആ പെണ്‍കുട്ടി കൊല്ലപ്പെടുന്നത് എന്നാണ് വാര്‍ത്തകളില്‍ നിന്ന് മനസിലായത്. അത് ഒരു പ്രോസസ് മാത്രമാണ്. അതിന്റെ എത്രയോ ദിവസങ്ങള്‍ക്ക് മുമ്പ് ആ പെണ്‍കുട്ടി മാനസികമായി മരിച്ച് കഴിഞ്ഞിരുന്നു. അവളാകുന്ന ജഡ്‍ജി തൂക്കാൻ വിധിച്ചു കഴിഞ്ഞിരുന്നു, പിന്നീട് അവളാകുന്ന ആരാച്ചാർ ആ കർമം നിറവേറ്റിയെന്ന് മാത്രമേ ഒള്ളൂ. പതിനായിരംവട്ടം തവണ അവള്‍ ആലോചിച്ചുകാണും. തന്റെ ജീവിതം അവസാനിപ്പിക്കാൻ പോകുകയാണ്. പക്ഷേ സലിംകുമാറിനെ പോലുള്ളവരുള്ള സമൂഹമാണ്. സ്‍ത്രീധന പീഡനത്തിന്റെ പേരില്‍ വന്നാല്‍ ഞാൻ അടക്കമുള്ളവര്‍ പറയും, അവള്‍ വീട്ടില്‍ വന്നുനില്‍ക്കുകയാണ്. അല്ലാതെ അവള്‍ ധീരയാണ് എന്ന് ഒരുത്തനും പറയില്ല. അപ്പോള്‍ സമൂഹമാണ് ആദ്യം മാറേണ്ടത് എന്നും സലിം കുമാര്‍ പറഞ്ഞു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ