'അവനെ ഒറ്റയ്ക്കാക്കി പോരുമ്പോൾ കണ്ണ് നിറയുന്നതും കാലിടറുന്നതും അറിഞ്ഞു'; നന്ദുവിന്റെ ഓർമ്മയിൽ സീമ

Web Desk   | Asianet News
Published : Jun 26, 2021, 07:04 PM ISTUpdated : Jun 26, 2021, 07:05 PM IST
'അവനെ ഒറ്റയ്ക്കാക്കി പോരുമ്പോൾ കണ്ണ് നിറയുന്നതും കാലിടറുന്നതും അറിഞ്ഞു'; നന്ദുവിന്റെ ഓർമ്മയിൽ സീമ

Synopsis

നന്ദുവിന്റെ കുടുംബാംഗങ്ങൾക്ക് ഒപ്പം തിരുനെല്ലിയിൽ പോയി ബലികർമങ്ങൾ പൂർത്തിയാക്കിയതിനെ കുറിച്ചായിരുന്നു സീമയുടെ കുറിപ്പ്.

ക്യാൻസറിനെ ചിരിച്ചുകൊണ്ട് നേരിട്ട നന്ദു മഹാദേവ ഓർമയായിട്ട് ഒരു മാസം പിന്നിടുകയാണ്. ഈ അവസരത്തിൽ നന്ദുവുമായി അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്ന നടി സീമ ജി നായർ എഴുതിയ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. നന്ദുവിന്റെ കുടുംബാംഗങ്ങൾക്ക് ഒപ്പം തിരുനെല്ലിയിൽ പോയി ബലികർമങ്ങൾ പൂർത്തിയാക്കിയതിനെ കുറിച്ചായിരുന്നു സീമയുടെ കുറിപ്പ്.

സീമ ജി നായരുടെ വാക്കുകൾ

ഇന്നലെ എന്റെ പ്രിയ നന്ദൂട്ടൻ ഞങ്ങളെ വിട്ടുപോയിട്ട് 41 ദിവസം ആയിരുന്നു.. നന്ദൂട്ടൻ പോകണമെന്ന് ആഗ്രഹിച്ച കുറെ സ്ഥലങ്ങളിൽ പ്രധാനപെട്ട ഒന്ന് തിരുനെല്ലി അമ്പലത്തിൽ ആയിരുന്നു. പല തവണപോകാൻ ആഗ്രഹിച്ചപോളും ഓരോകാര്യങ്ങൾ വന്ന് അത് മാറിപോയിരുന്നു.. ഇന്നലെ നന്ദുട്ടൻ അവിടെ പോയി.. കൂടെ അവന്റെ ജീവനായിരുന്ന അമ്മയും (ലേഖ)അച്ഛനും അനുജനും അനുജത്തിയും.. കൂട്ടത്തിൽ അവനെ ഏറെ സ്നേഹിച്ച ഞാനും, ജസീലയും ഉണ്ടായിരുന്നു.. നന്ദൂട്ടന്റെ ബലികർമങ്ങൾക്കായാണ് പോയത്.. നെഞ്ച് പറിഞ്ഞു പോകുന്ന വേദനയായിരുന്നു.. നന്ദൂട്ടന് പ്രിയപ്പെട്ട സ്ഥലത്തു അവനെ ഒറ്റയ്ക്കാക്കി തിരിച്ചു പോരുമ്പോൾ അറിയാതെ കണ്ണുകൾ നിറയുന്നതും കാലിടറുന്നതും അറിഞ്ഞിരുന്നു.. ഞങ്ങളുടെ അവസ്ഥ ഇതാണെങ്കിൽ അവന്റെ അമ്മ എങ്ങനെ അത് തരണം ചെയ്യുന്നുവെന്ന് ഓർത്തു.. കർമങ്ങൾ പൂർത്തിയായി അവിടുന്നിറങ്ങുമ്പോൾ കണ്ണുനീരൊട്ടിയ ലേഖയുടെ കവിളിൽ ഒരുമ്മ നൽകുമ്പോൾ, ലേഖയെ ചേർത്തുപിടിക്കുമ്പോൾ ആ അമ്മയുടെ നെഞ്ചിടിപ്പ് എനിക്ക് കേൾക്കാമായിരുന്നു.. അമ്മമാർ ജീവിച്ചിരിക്കെ ഒരുപാട് ആഗ്രഹങ്ങൾ ഈ ഭൂമിയിൽ അവശേഷിപ്പിച്ചു കാലയവനികയ്ക്കുള്ളിൽ മറഞ്ഞുപോകുന്ന മക്കളെ കുറിച്ചോർത്തു വെമ്പുന്ന ഒരുപാട് ലേഖമാർ ഇവിടെയുണ്ട്.. ആ അമ്മയുടെ വിശ്വാസം പോലെ നന്ദുട്ടൻ ആ കുടുംബത്തിൽ തന്നെ പുനർജനിക്കും എന്ന വിശ്വാസത്തോടെ.. ഇപ്പോളും അവനെ സ്നേഹിക്കുന്നവരെ ചുറ്റിപറ്റി അവൻ ഇവിടൊക്കെ തന്നെ ഉണ്ടെന്നുള്ള വിശ്വാസത്തോടെ.. അവൻ പകർന്നു തന്ന ഊർജ്ജത്തിൽ ഇപ്പോളും ജീവിക്കുന്ന ഒരുപാട് പേരെ മനസ്സിൽ ഓർത്തുകൊണ്ട്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ
'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ