ദൃശ്യം ഫ്രാഞ്ചൈസിയുടെ അവസാന ഭാഗം, പുതിയ അപ്ഡേറ്റ് എത്തി

മറുഭാഷാ സിനിമാ പ്രേക്ഷകരും കാത്തിരിക്കുന്ന ഒരു മലയാള ചിത്രമുണ്ടെങ്കില്‍ അത് ദൃശ്യം 3 ആണ്. ഏപ്രില്‍ 2 നാണ് ചിത്രത്തിന്‍റെ റിലീസ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒരു പ്രധാന അപ്ഡേറ്റ് പുറത്തെത്തിയിരിക്കുകയാണ്. ദൃശ്യം 3 ന്‍റെ ടീസര്‍ സെന്‍സര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് എന്നതാണ് അത്. ഇന്നാണ് ടീസറിന് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. 1.44 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറാണ് ജീത്തു ജോസഫ് ഒരുക്കിയിരിക്കുന്നത്. ഇത് എന്ന് എത്തുമെന്നത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉടന്‍ ഉണ്ടാവും. ദൃശ്യം ഫ്രാഞ്ചൈസിയിലെ മൂന്നാമത്തെയും അവസാനത്തെയുമായ ഭാഗമാണ് ഏപ്രില്‍ 2 ന് പ്രേക്ഷകരിലേക്ക് എത്താന്‍ ഒരുങ്ങുന്നത്.

ചിത്രത്തില്‍ അഭിനയിച്ച താരങ്ങളും വര്‍ക്ക് ചെയ്ത സാങ്കേതിക പ്രവര്‍ത്തകരുമൊക്കെ എവിടെ പോയാലും നേരിടുന്നത് ദൃശ്യം 3 നെക്കുറിച്ചുള്ള ചോദ്യങ്ങളാണ്. ചിത്രത്തിന് സ്വാഭാവികമായും വരുന്ന വന്‍ ഹൈപ്പ് കുറയ്ക്കാന്‍ ജീത്തു ജോസഫും ശ്രമിക്കുന്നുണ്ട്. ഒറു ജഗപൊഗ പ്രതീക്ഷിച്ച് തിയറ്ററുകളിലേക്ക് എത്തരുതെന്ന് മുന്‍പ് ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. “ഒരു പ്രതീക്ഷയും ഇല്ലാതെ വരിക. ആദ്യ ഭാഗം പോലെയോ രണ്ടാം ഭാഗം പോലെയോ അല്ല ദൃശ്യം 3. ജോര്‍ജുകുട്ടിയുടെ ഇമോഷനുകളില്‍ക്കൂടിയാണ് അതില്‍ യാത്ര ചെയ്യുന്നത്. അങ്ങനത്തെ ഒരു സിനിമയാണ്. അതുകൊണ്ട് നിങ്ങള്‍ ഒരു ഭയങ്കര ജഗപൊഗ സിനിമ പ്രതീക്ഷിച്ചുവന്നാല്‍ നിരാശയായിരിക്കും. പക്ഷേ അതൊരു നല്ല സിനിമ ആണെന്നുള്ള കോണ്‍ഫിഡന്‍സ് എനിക്കുണ്ട്. പിന്നെ ഇതിനെ ആദ്യത്തെയും രണ്ടാമത്തെയും ഭാഗങ്ങളുമായി താരതമ്യം ചെയ്യാന്‍ വന്നാല്‍ എനിക്കറിയില്ല. കാരണം ഞാന്‍ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നം അതാണ്. കാരണം വലതുവശത്തെ കള്ളനെയും പലരും താരതമ്യം ചെയ്യുന്നത് മെമ്മറീസും ദൃശ്യവും ഒക്കെയായിട്ടാണ്. മുന്‍വിധികളില്ലാതെ വന്ന് സിനിമ കാണുക”, ജീത്തു ജോസഫ് പറഞ്ഞിരുന്നു.

ദൃശ്യം 4 ഉണ്ടാവുമോ എന്നൊരു ചോദ്യവും അദ്ദേഹം നേരിട്ടു. അതിനുള്ള മറുപടി ഇങ്ങനെ- “ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ല. ഞാന്‍ ഇതുകൊണ്ട് ഒന്ന് അവസാനിപ്പിക്കാനുള്ള ശ്രമമാണ്. കാരണം ആള്‍ക്കാര്‍ തന്നെ ചോദിക്കും, എന്തുവാടെ ഇത്, നിര്‍ത്തിക്കൂടേ എന്ന്. അതുകൊണ്ടാണ്”, ജീത്തു ജോസഫ് പറഞ്ഞിരുന്നു. ആദ്യ രണ്ട് ഭാഗങ്ങളില്‍ ഇല്ലാതിരുന്ന ചില അഭിനേതാക്കളും മൂന്നാം ഭാഗത്തില്‍ ഉണ്ടായിരിക്കും.

Asianet News Live | Kerala Breaking News | Malayalam Live News | HD News Streaming