
മലയാളത്തിന്റെ പ്രിയ കവി എസ് രമേശൻ നായര്‍ കഴിഞ്ഞ ദിവസമാണ് വിടവാങ്ങിയത്. കവിതയിലും ചലച്ചിത്രഗാനങ്ങളിലും ഒരുപോലെ മികവ് തെളിയിച്ച ആളാണ് എസ് രമേശൻ. ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ എസ് രമേശൻ നായര്‍. കൃഷ്‍ണ ഭക്തിയിലൂന്നിയ ഗാനങ്ങളിലൂടെയും എല്ലാവര്‍ക്കും പ്രിയങ്കരനായി മാറിയ എസ് രമേശ് നായരെ ഓര്‍ക്കുകയാണ് ചലച്ചിത്രകാരനും കവിയുമായി ശ്രീകുമാരൻ തമ്പി.
ശ്രീകുമാരൻ തമ്പിയുടെ കുറിപ്പ്
എന്നേക്കാൾ വലിയ കവി.
ഞാനും രമേശനും തമ്മിലുള്ള ബന്ധം രണ്ടു കവികൾ തമ്മിലുള്ള ബന്ധമായിരുന്നില്ല. രണ്ടു സഹോദരന്മാർ തമ്മിലുള്ള ബന്ധമായിരുന്നു. ഫോണിൽ വിളിക്കുമ്പോൾ ഹാലോ എന്നല്ല 'ചേട്ടാ' എന്ന വിളിയാണ് ആദ്യം കേൾക്കുക. മലയാളകവിതയുടെ പാരമ്പര്യശക്തിയിലും സൗന്ദര്യത്തിലും ഊന്നി നിന്നുകൊണ്ട് പൂർവ്വസൂരികളെപ്പോലും പിന്നിലാക്കുന്ന ശൈലിയിൽ ഉദാത്ത കവിതകൾ രചിച്ച കവിയാണ് എസ് രമേശൻ നായർ. 'എന്നേക്കാൾ വലിയ കവിയാണ് നീ' എന്ന് ഞാൻ രമേശനോട് പറയുമായിരുന്നു. അനവധി വേദികളിൽ വെച്ച് ഞാൻ അത് പരസ്യപ്പെടുത്തിയിട്ടുമുണ്ട്.
രമേശന്റെ സിനിമാഗാനങ്ങളും ഭക്തിഗാനങ്ങളും ഒരുപോലെ സൗന്ദര്യമാർന്നവയാണ്. അരനൂറ്റാണ്ടുകാലം നീണ്ടു നിന്ന അനസൂയവിശുദ്ധമായ ഒരു ബന്ധത്തിനാണ് ഈ മരണം തിരശ്ശീലയിട്ടത്. എങ്ങനെ ഞാൻ മറക്കും ആ ആലിംഗനത്തിലെ സ്‍നേഹോർജ്ജം?