'ചന്ദ്രനുദിക്കുന്ന ദിക്കിലെ ഫാന്‍റസി ഗ്രാമത്തെ അദ്ദേഹം പാട്ടുകളാൽ സമൃദ്ധമാക്കി'; ലാല്‍ജോസിന്‍റെ ഓര്‍മ്മ

By Web TeamFirst Published Jun 19, 2021, 12:04 PM IST
Highlights

കൊവിഡ് ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു എസ് രമേശന്‍ നായരുടെ അന്ത്യം

ഇന്നലെ അന്തരിച്ച കവിയും ഗാനരചയിതാവുമായ എസ് രമേശന്‍ നായരെ അനുസ്‍മരിച്ച് സംവിധായകന്‍ ലാല്‍ജോസ്. ലാല്‍ജോസിന്‍റെ കരിയറിലെ രണ്ടാമത്തെ ചിത്രമായ 'ചന്ദ്രനുദിക്കുന്ന ദിക്കി'ലെ പാട്ടുകള്‍ക്ക് വരികള്‍ എഴുതിയത് രമേശന്‍ നായര്‍ ആയിരുന്നു. ആ ഓര്‍മ്മകളാണ് ചുരുക്കം വാക്കുകളില്‍ ലാല്‍ജോസ് പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിലെ ഫാന്‍റസി ഗ്രാമത്തെ കവി പാട്ടുകളാല്‍ സമൃദ്ധമാക്കിയെന്ന് ലാല്‍ജോസ് പറയുന്നു.

ലാല്‍ജോസിന്‍റെ അനുസ്‍മരണം

"ചന്ദ്രനുദിക്കുന്ന ദിക്കിലെ "ഒരു കുഞ്ഞുപൂവിന്‍റെ ഇതളിൽ നിന്നൊരു തുളളി മധുരം ഒന്ന് കേട്ടുനോക്കൂ.  ഉപാസനാമൂർത്തിയോട് അക്ഷരവരം യാചിക്കുന്ന കവിയെ കാണാം. കുടവുമായി പോകുന്ന അമ്പാടി മുകിൽ ഹൃദയത്തിൽ തളിക്കുന്ന അമൃതായിരുന്നു രമേശൻനായർ സാറിന് കവിത. അത്രമേൽ ബഹുമാനത്തോടെ, പ്രാർത്ഥനയോടെ കവിതയെ സമീപിച്ച എഴുത്തുകാരൻ. മനം കുളിർക്കണ പുലരിമഞ്ഞും സൂര്യകാന്തിപ്പൂക്കളും ആമ്പാടി പയ്യുകളും ഉളള ചന്ദ്രനുദിക്കുന്ന ദിക്കിലെ ഫാന്‍റസി ഗ്രാമത്തെ അദ്ദേഹം പാട്ടുകളാൽ സമൃദ്ധമാക്കി. വിദ്യാജിയും ഞാനും വിദ്യാർത്ഥികളായി  മാഷിന്‍റെ മുമ്പിലെന്നപോലെയിരുന്ന ആ പാട്ട്കാലം . കാണാതീരത്തേക്ക് യാത്രപോയ കവിയെക്കുറിച്ചുളള ആ നല്ല ഓർമ്മകൾക്കു മുമ്പിൽ എന്‍റെ പ്രണാമം."

കൊവിഡ് ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം. 1948 ൽ കന്യാകുമാരിയിലെ കുമാരപുരത്ത് ജനിച്ച എസ് രമേശൻ നായർ ഏറെക്കാലമായി കൊച്ചിയിലായിരുന്നു താമസം. കേരള ഭാഷാ ഇൻസ്റ്റിറ്റ‍്യൂട്ടില്‍ സബ് എഡിറ്ററായും ആകാശവാണിയിൽ പ്രോഗ്രാം പ്രൊഡ്യൂസര്‍ ആയും ജോലി ചെയ്തിരുന്നു. 1985-ൽ പുറത്തിറങ്ങിയ 'രംഗം' എന്ന ചിത്രത്തിലൂടെയായിരുന്നു രമേശൻ നായർ സിനിമാ പാട്ടെഴുത്തിലേക്ക് എത്തിയത്. പിന്നീട് അഞ്ഞൂറോളം സിനിമാഗാനങ്ങളും ആയിരത്തോളം ഭക്തിഗാനങ്ങളും അദ്ദേഹത്തിന്‍റെ രചനയില്‍ പുറത്തിറങ്ങി. 2010-ലെ കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരവും ആശാൻ പുരസ്കാരവും നേടിയ കവിയ്ക്ക് 2018 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. 

click me!