'ഒപ്പം നിന്ന നായകനായിരുന്നു പ്രണവ്'; സിനിമയുടെ പരാജയത്തില്‍ ഉത്തരവാദിത്തം തനിക്ക് മാത്രമെന്ന് അരുണ്‍ ഗോപി

By Web TeamFirst Published Jul 22, 2019, 12:35 PM IST
Highlights

'ആ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെടാതിരുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചാല്‍ ഒത്തിരി കാര്യങ്ങളുണ്ട്. പ്രധാനപ്പെട്ട കാരണം ഞാനാണ്. ഞാനെന്ന എഴുത്തുകാരന്റെ കുഴപ്പമായിരുന്നു..'

പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തിയ 'ഇരുപത്തിയൊന്നാം നൂറ്റാണ്ട്' എന്ന ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയതിന്റെ ഉത്തരവാദിത്തം സംവിധായകനായ തനിക്ക് മാത്രമാണെന്ന് അരുണ്‍ ഗോപി. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അരുണ്‍ ഗോപി ഇതേക്കുറിച്ച് പറയുന്നത്. 

'ആ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെടാതിരുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചാല്‍ ഒത്തിരി കാര്യങ്ങളുണ്ട്. പ്രധാനപ്പെട്ട കാരണം ഞാനാണ്. ഞാനെന്ന എഴുത്തുകാരന്റെ കുഴപ്പമായിരുന്നു. അതില്‍ വേണ്ടത്ര ശ്രദ്ധയോടെ എനിക്ക് വര്‍ക്ക് ചെയ്യാന്‍ പറ്റിയിട്ടുണ്ടാവില്ല. പിന്നെ കൃത്യമായ ഒരു സമയം എനിക്ക് കിട്ടാതെ പോയി. റിലീസിനോട് അടുത്ത ദിവസങ്ങളില്‍ സംവിധായകന്‍ എന്ന നിലയില്‍ എടുക്കേണ്ട ചില തീരുമാനങ്ങള്‍ എടുക്കാന്‍ എനിക്ക് കഴിയാതെ പോയി. പൂര്‍ണമായും എന്റെ മാത്രം മിസ്റ്റേക്ക് ആണ് ആ സിനിമ. എല്ലാ രീതിയിലും പിന്തുണ നല്‍കിയ, എല്ലാ സൗകര്യങ്ങളും ചെയ്തുതന്ന ഒരു നിര്‍മ്മാതാവ്, ഞാന്‍ എന്ത് പറഞ്ഞാലും അതിനൊപ്പം നില്‍ക്കുന്ന ഒരു നായകന്‍, ഒപ്പം നില്‍ക്കുന്ന ഒരു ക്രൂ.. അങ്ങനെ എല്ലാം എന്റെ കൈകളിലായിരുന്നു. അതിനൊരു മിസ്റ്റേക്ക് സംഭവിച്ചതിന് കാരണം ഞാന്‍ മാത്രമാണ്. ആ പരാജയത്തില്‍ വേറൊരാള്‍ക്കും അവകാശമില്ല', അരുണ്‍ ഗോപി പറഞ്ഞവസാനിപ്പിക്കുന്നു.

അരുണ്‍ ഗോപിയുടെയും നായകനായ പ്രണവ് മോഹന്‍ലാലിന്റെയും കരിയറിലെ രണ്ടാമത്തെ സിനിമയായിരുന്നു 'ഇരുപത്തിയൊന്നാം നൂറ്റാണ്ട്'. 'രാമലീല'യിലൂടെ അരുണും 'ആദി'യിലൂടെ പ്രണവും വിജയം രുചിച്ചതിന് ശേഷമാണ് 'ഇരുപത്തിയൊന്നാം നൂറ്റാണ്ട്' സംഭവിച്ചത്. പ്രഖ്യാപനം മുതല്‍ വലിയ ഹൈപ്പ് ചിത്രത്തിന് ലഭിച്ചെങ്കിലും ബോക്‌സ്ഓഫീസില്‍ അതിനൊത്ത പ്രകടനം നടത്താന്‍ ആയില്ല.

click me!