'അവസാനമായി കണ്ടപ്പോള്‍ പറഞ്ഞത്'; സോമദാസിന്‍റെ വേര്‍പാടില്‍ ആര്യ

Published : Jan 31, 2021, 11:25 AM IST
'അവസാനമായി കണ്ടപ്പോള്‍ പറഞ്ഞത്'; സോമദാസിന്‍റെ വേര്‍പാടില്‍ ആര്യ

Synopsis

ദിവസങ്ങള്‍ക്കു മുന്‍പ് ഏഷ്യാനെറ്റിന്‍റെ ഷൂട്ടിംഗ് ഫ്ളോറില്‍ വച്ച് സോമദാസിനെ കണ്ടതിന്‍റെ അനുഭവം പങ്കുവെക്കുകയാണ് അവതാരകയും ബിഗ് ബോസ് സഹമത്സരാര്‍ഥിയുമായ ആര്യ

പ്രശസ്‍ത ഗായകനും ബിഗ് ബോസ് മലയാളം സീസണ്‍ 2 താരവുമായ സോമദാസിന്‍റെ മരണവാര്‍ത്തയുടെ ഞെട്ടലിലാണ് അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളും ആരാധകരും. കൊവിഡ് അനന്തരം ചികിത്സയിലിരിക്കെ കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളെജില്‍ വച്ചാണ് മരണം. ഇപ്പോഴിതാ ദിവസങ്ങള്‍ക്കു മുന്‍പ് ഏഷ്യാനെറ്റിന്‍റെ ഷൂട്ടിംഗ് ഫ്ളോറില്‍ വച്ച് സോമദാസിനെ കണ്ടതിന്‍റെ അനുഭവം പങ്കുവെക്കുകയാണ് അവതാരകയും ബിഗ് ബോസ് സഹമത്സരാര്‍ഥിയുമായ ആര്യ. കൊറോണ കഴിഞ്ഞ് ഒത്തുകൂടണമെന്ന് സോമദാസ് അന്ന് പറഞ്ഞിരുന്നെന്ന് പറയുന്നു ആര്യ.

ആര്യയുടെ കുറിപ്പ്

വിശ്വസിക്കാനാവുന്നില്ല! ദിവസങ്ങള്‍ക്കു മുന്‍പ് 'സ്റ്റാര്‍ട്ട് മ്യൂസിക്കി'ന്‍റെ അവസാന എപ്പിസോഡ് ചിത്രീകരണം നമ്മള്‍ വലിയ സന്തോഷത്തോടെയാണ് പൂര്‍ത്തിയാക്കിയത്. ആ എപ്പിസോഡ് ഞാന്‍ എങ്ങനെ കാണും എന്‍റെ പൊന്നു സോമൂ.. അത്രയും നിഷ്‍കളങ്കതയുള്ള ഒരു ആത്മാവ് ആയിരുന്നു. ബിഗ് ബോസ് ഹൗസില്‍ ആയിരിക്കെ ഞങ്ങള്‍ക്കും ഞങ്ങളുടെ മക്കള്‍ക്കുംവേണ്ടി പാടിയ മനോഹര ഗാനങ്ങള്‍ക്കൊക്കെയും നന്ദി. ഞങ്ങള്‍ക്ക് തടയാനാവാതിരുന്ന നിഷ്കളങ്കമായ ആ പുഞ്ചിരികള്‍ക്കൊക്കെയും നന്ദി. എവിടെയായിരുന്നാലും സമാധാനത്തോടെയിരിക്കട്ടെ പ്രിയപ്പെട്ടവനെ. 'കണ്ണാനകണ്ണേ' എന്ന ആ പാട്ട് ഒരു ഹൃദയവേദനയോടെ അല്ലാതെ ഇനി കേട്ടിരിക്കാനാവില്ല. ഷൂട്ടിംഗ് ഷ്ളോറില്‍ വച്ച് അവസാനം കണ്ടപ്പോള്‍ എന്നോട് പറഞ്ഞത് ഇങ്ങനെ ആയിരുന്നു: "ആര്യ കുഞ്ഞേ കൊറോണ കാരണം നമ്മുടെ പരിപാടി ഒക്കെ പാളി അല്ലെ.. ഇതൊന്നു കഴിഞ്ഞിട്ട് വേണം നമുക്ക് ഒന്ന് അടിച്ചുപൊളിക്കാൻ". നമ്മുടെ പദ്ധതികള്‍ക്കായി ഇനിയും കാത്തിരിക്കണമെന്ന് തോന്നുന്നു സോമൂ. ഒരു ദിവസം നിങ്ങളുടെ അടുത്തേക്ക് എത്തുന്നതുവരെ സമാധാനത്തോടെയിരിക്കൂ.

ബിഗ് ബോസ് മലയാളം സീസണ്‍ 2 മത്സരാര്‍ഥിയായിരുന്ന സോമദാസ് ആരോഗ്യകാരണങ്ങളാലാണ് ഷോയില്‍ നിന്ന് പുറത്തുവന്നത്. ഷോ തുടങ്ങി ഏറെ ദിവസങ്ങള്‍ പിന്നിടുംമുന്‍പേ അദ്ദേഹത്തിന് പുറത്തുപോകേണ്ടിവന്നു. എന്നാല്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ബിഗ് ബോസ് പ്രേക്ഷകര്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞ മത്സരാര്‍ഥിയായിരുന്നു സോമദാസ്. വ്യക്തിപരമായ വേദനകള്‍ തുറന്നുപറയാനുള്ള മനസും മനോഹരമായ ആലാപനവുമാണ് മറ്റ് മത്സരാര്‍ഥികള്‍ക്കിടയില്‍ സോമദാസിന് പ്രിയം നേടിക്കൊടുത്തത്.

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍