Aryan Khan Birthday | വലിയ ആഘോഷങ്ങളില്ലാതെ 'മന്നത്ത്'; ആര്യന്‍ ഖാന് ഇന്ന് പിറന്നാള്‍

By Web TeamFirst Published Nov 13, 2021, 10:03 AM IST
Highlights

ആഘോഷങ്ങള്‍ ഒഴിവാക്കി മന്നത്ത്, അടുത്ത സുഹൃത്തുക്കലുടെയും ബന്ധുക്കളുടെയും ഒത്തുകൂടല്‍ മാത്രം

ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ വ്യക്തിപരമായി ഏറ്റവുമധികം സമ്മര്‍ദ്ദങ്ങള്‍ അനുഭവിച്ച ദിവസങ്ങള്‍ കഴിഞ്ഞ ഒന്നര മാസത്തിനുള്ളില്‍ ആവണം. ക്യാമറകള്‍ക്ക് പൊതുവെ പിടികൊടുക്കാതെ നടന്ന മകന്‍ ആര്യന്‍ ഖാന്‍റെ ലഹരിക്കേസിലെ അപ്രതീക്ഷിത അറസ്റ്റ്, തുടര്‍ന്ന് ഒരു മാസത്തോളം നീണ്ട ജയില്‍ വാസം, മണിക്കൂറില്‍ പലതെന്ന കണക്കില്‍ ദേശീയ മാധ്യമങ്ങളിലടക്കം നിരന്തരം അപ്ഡേറ്റുകള്‍. സിനിമാ ചിത്രീകരണങ്ങള്‍ക്കും ജോലിസംബന്ധമായ മറ്റു കാര്യങ്ങള്‍ക്കും അവധി കൊടുത്ത് മകന്‍റെ കേസിന്‍റെ നിയമവഴിയില്‍ മാത്രമാണ് കഴിഞ്ഞ ഒരു മാസം ഷാരൂഖ് ഖാന്‍ ശ്രദ്ധിച്ചത്. ഡിസംബറില്‍ പുതിയ ചിത്രം 'പത്താന്‍റെ' സ്പെയിന്‍ ഷെഡ്യൂള്‍ അദ്ദേഹം ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ആര്യന്‍ ഖാന്‍റെ 24-ാം പിറന്നാളാണ് ഇന്ന്. മുംബൈയിലെ സ്വവസതിയായ മന്നത്തില്‍ ഇക്കുറി വലിയ ആഘോഷങ്ങളൊന്നും ഷാരൂഖ് സംഖടിപ്പിച്ചിട്ടില്ല. മറിച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഒരു ഒത്തുചേരല്‍ മാത്രം എന്നാണ് റിപ്പോര്‍ട്ടുകള്‍. പിറന്നാള്‍ ദിനത്തില്‍ ആര്യന്‍ ഖാന്‍റെ ജീവിതവഴിയിലേക്ക് ഒന്നു നോക്കാം.

1991ലാണ് ഷാരൂഖ് ഖാനും ഗൗരിയും വിവാഹിതരാവുന്നത്. ആറ് വർഷത്തിനു ശേഷം 1997 നവംബർ 13ന് ഷാരൂഖിനും ഗൗരിക്കും ആദ്യത്തെ കൺമണി പിറന്നു. ആറ് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തങ്ങൾക്ക് ലഭിച്ച മകന് അവർ ആര്യൻ എന്ന് പേരിട്ടു. 'ഞങ്ങൾ അവന് ആര്യൻ എന്ന് പേരിട്ടു. പ്രത്യേകിച്ച് കാരണമൊന്നുമില്ല. ആര്യൻ എന്ന് പറയുമ്പോൾ കേൾക്കാൻ നല്ല രസമുണ്ട്. അവൻ ഏതെങ്കിലും പെൺകുട്ടിയോട് പേര് പറയുന്നതിനെ കുറിച്ച് ഞാൻ ആലോചിച്ചു. 'ഹായ് എന്‍റെ പേര് ആര്യൻ, ആര്യൻ ഖാൻ'. തീർച്ഛയായും ആ പെൺകുട്ടിക്ക് ആര്യൻ എന്ന പേരിനോട് മതിപ്പ് തോന്നും,'എന്ന് ഷാരൂഖ് മകന്‍റെ പേര് തീരുമാനിച്ചതിനെക്കുറിച്ച് പഴയൊരു അഭിമുഖത്തിൽ പറഞ്ഞു.

 

ഇന്ത്യൻ സിനിമയിലെ അതിപ്രശസ്തനായ നടന്‍റെ മൂത്തപുത്രൻ എന്ന നിലയിൽ ജനനം മുതൽ ആര്യൻ ആരാധകരുടെ ശ്രദ്ധാകേന്ദ്രമായിരുന്നു. പാപ്പരാസി സംസ്കാരം അക്കാലത്ത് സജീവമല്ലായിരുന്നു. അതിനാൽ തന്നെ ഷാരൂഖിന്‍റെയും ഗൗരിയുടെയും കുട്ടികളുടെ ജീവിതത്തിൽ പുറംലോകത്തിനുള്ള സസ്‌പെൻസും താൽപ്പര്യവും കൂടുതൽ ശക്തമാവുകയായിരുന്നു. ആര്യൻ തന്‍റെ സ്‍കൂള്‍ വിദ്യാഭ്യാസം ലണ്ടനിലെ സെവനോക്സിൽ നിന്നാണ് നേടിയത്. ഈ വർഷം ആദ്യം സതേൺ കാലിഫോർണിയയിലെ സ്കൂൾ ഓഫ് സിനിമാറ്റിക് ആർട്സ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബാച്ചിലർ ഓഫ് ഫൈൻ ആർട്സ്, സിനിമാറ്റിക് ആർട്സ്, ഫിലിം ആൻഡ് ടെലിവിഷൻ പ്രൊഡക്ഷൻ ബിരുദം കരസ്ഥമാക്കി. പഠനത്തിൽ മിടുക്കൻ എന്നതിലുപരി, ആര്യൻ ഒരു ഫിറ്റ്നസ് പ്രേമിയുമാണ്. ആയോധനകലയിൽ പരിശീലനം നേടിയ ആര്യന് തായ്‌ക്വോണ്ടോയിൽ ബ്ലാക്ക് ബെൽറ്റ് ഉണ്ട്. 2010 ലെ മഹാരാഷ്ട്ര തായ്‌ക്വോണ്ടോ മത്സരത്തിൽ സ്വർണ്ണ മെഡൽ നേടുകയുണ്ടായി ആര്യന്‍. അച്ഛന്‍റെ പാത പിന്തുടർന്ന് ആര്യൻ ബോളിവുഡിലേക്ക് എത്തുമെന്ന് പലരും പ്രതീക്ഷിച്ചെങ്കിലും  താരപദവിയിൽ സ്‌ക്രീനിൽ തെളിയുന്നതിനേക്കാൾ ക്യാമറയ്ക്ക് പിന്നിലുള്ള ജോലിയിലാണ് മകന് താൽപ്പര്യമെന്ന് ഷാരൂഖ് മുമ്പൊരിക്കൽ പറഞ്ഞിരുന്നു. എന്നാൽ തന്നെയും കുട്ടിക്കാലത്ത് ബി​ഗ് സ്ക്രീനിന്‍റെ ഭാ​ഗമാവാൻ ആര്യന് സാധിച്ചു. 

എസ്ആർകെയുടെ കുട്ടിക്കാലം അവതരിപ്പിച്ച് സിനിമയിൽ

അധികമാർക്കും അറിയാത്ത കാര്യമാണത്. കരൺ ജോഹറിന്‍റെ കഭി ഖുഷി കഭി ഗമിലെ ബാലതാരമായിരുന്നു ആര്യൻ. ചിത്രത്തിന്‍റെ ഓപ്പണിംഗ് സീക്വൻസിൽ ഷാരൂഖ് കഥാപാത്രത്തിന്‍റെ കുട്ടിക്കാലം അവതരിപ്പിച്ചത് ആര്യനാണ്. കരൺ ജോഹറിന്‍റെ തന്നെ കഭി അൽവിദ നാ കെഹ്നയുടെ ഭാഗവുമായിരുന്നു ആര്യൻ. അതിൽ ഒരു രംഗത്തിൽ സോക്കർ കളിക്കുന്നത് ചിത്രീകരിച്ചെങ്കിലും പിന്നീടത് ചിത്രത്തിൽ നിന്ന് എഡിറ്റു ചെയ്‌തു മാറ്റുകയായിരുന്നു. ഷാരൂഖിനൊപ്പം 2004 ൽ ആനിമേഷൻ സിനിമയായ ഇൻക്രെഡിബിൾസിൽ വോയ്‌സ്ഓവർ അരങ്ങേറ്റം കുറിച്ചു. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ലജാവാബിന്‍റെ കഥാപാത്രത്തിന് എസ്ആർകെ ശബ്ദം നൽകിയപ്പോൾ, ആര്യൻ ചിത്രത്തിൽ മിസ്റ്റർ ഇൻക്രെഡിബിളിന്‍റെ മകൻ തേജിനായി ശബ്ദം നൽകി. ലയൺ കിങ്ങിന്‍റെ (2019) ഹിന്ദി പതിപ്പിൽ സിംബ എന്ന കഥാപാത്രത്തിനും ശബ്ദം നൽകി. ചിത്രത്തിലെ മുഫാസ എന്ന കഥാപാത്രത്തിനുവേണ്ടി ഷാരൂഖ് ഖാനും ശബ്ദം നൽകിയിരുന്നു. 

ആഡംബര കപ്പലിലെ ലഹരിക്കേസ്, അറസ്റ്റ്

ആര്യനെക്കുറിച്ചുള്ള നിരവധി വാർത്തകൾ മുമ്പ് വന്നിട്ടുണ്ടെങ്കിലും ഒക്ടോബർ രണ്ടിന് ആയിരുന്നു ഈ 23കാരന്‍റെ പേര് ലോകം മുഴുവനും ശ്രദ്ധാ കേന്ദ്രമായത്. ആഡംബര കപ്പലിലെ ലഹരി പാർട്ടിക്കിടെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ കസ്റ്റഡിയിലെടുത്ത എട്ട് പേരിൽ ഒരാളായിരുന്നു ആര്യൻ. മുംബൈ തീരത്ത് കോ‍ർഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിലാണ് ആര്യൻ ഖാൻ ഉൾപ്പെടുന്ന ലഹരിപ്പാർട്ടി നടന്നത്. എൻസിബിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ ആര്യനെയും മറ്റ് ഏഴ് പേരെയും കസ്റ്റഡിയിൽ എടുത്തു. പിന്നാലെ ആര്യൻ ഉൾപ്പടെ ഉള്ളവരുടെ അറസ്റ്റും രേഖപ്പെടുത്തി. പിന്നീട് നിയമ പോരാട്ടത്തിന്‍റെ കാലമായിരുന്നു. ബോളിവുഡിൽ ആര്യൻ കേസ് സജീവ ചർച്ചയായി. ചിലർ ഷാരൂഖിനെ പിന്തുണച്ചപ്പോൾ മറ്റു ചിലർ രൂക്ഷമായി എതിർത്തു രംഗത്തെത്തി. ഒരു ഘട്ടത്തിൽ രാഷ്ട്രീയ വിഷയമായി വരെ കേസ് മാറി. ആര്യൻ ഖാന് പൂർണ്ണ പിന്തുണയുമായി ഷാരൂഖ് ഖാന്‍റെ ആരാധകരും രം​ഗത്തെത്തി. ആദ്യം ഹീറോ പരിവേഷമുണ്ടായിരുന്ന എൻസിബി സോണൽ ഡയറക്ടർ സമീർ വാംഖഡെയ്ക്കെതിരെയും പിന്നീട് അന്വേഷണം നടന്നു. ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സാക്ഷിയുടെ വെളിപ്പെടുത്തലിലായിരുന്നു അന്വേഷണം. സമീറിനെതിരെ ഗുരുതര ആരോപണങ്ങളുമായി പേര് വെളിപ്പെടുത്താത്ത ഒരു എൻസിബി ഉദ്യോഗസ്ഥൻ എഴുതിയ കത്തും പുറത്തു വന്നിരുന്നു. പിന്നാലെ സമീർ വാംഖഡെയെ കേസ് അന്വേഷണത്തിൽ നിന്നും മാറ്റി പുതിയ സംഘത്തെയും നിയമിച്ചു. 

 

ഒരു മാസത്തെ ജയില്‍ ജീവിതം, ജാമ്യം

ഒക്ടോബർ 28നാണ് ആര്യൻ ഖാന് മുംബൈ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ആര്യനു വേണ്ടി മുതിർന്ന അഭിഭാഷകനായ മുകുൾ റോത്തഗിയാണ് ഹൈക്കോടതിയിൽ ഹാജരായത്. ആര്യനിൽ ലഹരി മരുന്ന് പിടിച്ചിട്ടില്ലെന്നും ലഹരിമരുന്ന് ഉപയോഗിച്ചതിന് വൈദ്യ പരിശോധനാ ഫലം പോലുമില്ലെന്നും റോത്തഗി വാദത്തിനിടെ ചൂണ്ടിക്കാട്ടിയിരുന്നു. ആര്യന്‍റെ സുഹൃത്തായ അർബാസിൽ നിന്ന് പിടിച്ചെടുത്ത ചരസിന്‍റെ അളവ് പോലും ജയിൽവാസത്തിന് മതിയാവുന്നതല്ലെന്നും  കേസിലെ പ്രധാന തെളിവായ വാട്സ് ആപ്പ് ചാറ്റ് 2018കാലത്തേതാണെന്നും റോത്തഗി കോടതിയിൽചൂണ്ടിക്കാട്ടിയിരുന്നു. ആര്യൻഖാന് മുൻകാല കുറ്റകൃത്യങ്ങളുടെ ചരിത്രമില്ല എന്ന കാര്യവും ഹൈക്കോടതിയിൽ ഉന്നയിക്കപ്പെട്ടു. നടി ജൂഹി ചൗളയാണ് ആര്യനുവേണ്ടി ആൾ ജാമ്യം നിന്നത്. ഒക്ടോബർ 30 രാവിലെ 11 മണിയോടെയാണ് ആര്യൻഖാൻ ജയിലിന് പുറത്തേക്ക് എത്തിയത്. രാജ്യം വിട്ടു പോകരുത്, പാസ്പോർട്ട് കോടതിയിൽ കെട്ടിവെക്കണം തുടങ്ങി 14 ഉപാധികളോടെയാണ് ബോംബെ ഹൈക്കോടതി ആര്യൻ അടക്കമുള്ള മൂന്ന് പ്രതികൾക്കും ജാമ്യം അനുവദിച്ചത്. എൻസിബി ഡെപ്യൂട്ടി ഡിജി സഞ്ജയ് സിംഗിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്.

ആഘോഷങ്ങളില്ലാതെ 24-ാം പിറന്നാൾ

ഇന്ന് ആര്യൻ ഖാന്റെ 24-ാം പിറന്നാളാണ്. സാധാരണയായി നടക്കാറുള്ള ആര്‍ഭാടപൂര്‍ണമായ ആഘോഷങ്ങള്‍ക്ക് വിപരീതമായി ഇത്തവണ ‘മന്നത്തി’ല്‍ വെച്ച് ബന്ധുക്കളുമൊത്ത് ലളിതമായ രീതിയില്‍ ആഘോഷിക്കാനാണ് ഷാരൂഖിന്‍റെ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ. നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ അറസ്റ്റിനും ജയില്‍വാസത്തിനും പിന്നാലെ ഇത്തവണ പിറന്നാളിന് ആഘോഷങ്ങള്‍ വേണ്ട എന്ന് ഷാരൂഖ് തീരുമാനിക്കുകയായിരുന്നു. കുംടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും മാത്രം പങ്കെടുക്കുന്ന ചെറിയ ചടങ്ങ് മാത്രമാവും പിറന്നാളിനുണ്ടാവുക. ആര്യന്‍റെ എല്ലാ പിറന്നാളും ഷാരൂഖ് ആഘോഷിക്കാറുണ്ടായിരുന്നു. വിലയേറിയ സമ്മാനങ്ങളും വിദേശയാത്രയും സര്‍പ്രൈസ് ഗിഫ്റ്റുകളുമുള്‍പ്പടെ മകന്‍റെ പിറന്നാള്‍ ഗംഭീരമാക്കാന്‍ താരം എന്നും ശ്രമിച്ചിരുന്നു. എന്നാല്‍ ഇക്കുറി അത് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഒത്തുചേരലില്‍ അവസാനിക്കും.

click me!