മോഹന്‍ലാലിനൊപ്പം ഒരു സിനിമ എപ്പോഴെന്ന ചോദ്യത്തിന് മറുപടിയുമായി സംവിധായകന്‍ ഷാജി കൈലാസ്.
മലയാള സിനിമയ്ക്ക് എണ്ണം പറഞ്ഞ വന്‍ ഹിറ്റുകള്‍ സമ്മാനിച്ച കൂട്ടുകെട്ട് ആണ് ഷാജി കൈലാസ്- മോഹന്‍ലാല്‍. നരസിംഹവും ആറാം തമ്പുരാനുമൊക്കെ ആ ലിസ്റ്റില്‍ ഉണ്ട്. 2023 ല്‍ പുറത്തെത്തിയ എലോണ്‍ ആണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം. ഈ സംവിധായകനും താരവും ഇനി ഒന്നിക്കുന്ന ഒരു ചിത്രം വരുമോ? വരുമെങ്കില്‍ അത് എപ്പോള്‍? ഇപ്പോഴിതാ ആ ചോദ്യത്തിനോട് പ്രതികരിക്കുകയാണ് ഷാജി കൈലാസ്. ഡോണ്‍ മാക്സ് സംവിധാനം ചെയ്യുന്ന അറ്റ് എന്ന സിനിമയുടെ ട്രെയ്‍ലര്‍ ലോഞ്ചില്‍ പങ്കെടുക്കാനെത്തിയ ഷാജി കൈലാസിനോട് യുട്യൂബേഴ്സ് ആണ് ഇക്കാര്യം ചോദിച്ചത്.
ഷാജി കൈലാസിന്‍റെ പ്രതികരണം
മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ ഇനി എന്നാണ് എന്നായിരുന്നു ചോദ്യം. അതിനുള്ള ഷാജി കൈലാസിന്‍റെ മറുപടി ഇങ്ങനെ- “നിങ്ങള്‍ എല്ലാവരുംകൂടി ലാല്‍ സാറിന്‍റെയടുത്ത് പറയൂ. ഒരു നല്ല തിരക്കഥയ്ക്കുവേണ്ടി കാത്തിരിക്കുകയാണ്”, ഷാജി കൈലാസ് പറഞ്ഞു. അതേസമയം ഷാജി കൈലാസിന്‍റെ പുതിയ ചിത്രത്തിലെ നായകന്‍ ജോജു ജോര്‍ജ് ആണ്. വരവ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മലയോര മേഖലയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമയാണ് വരവ്. പോളി എന്ന് വിളിപ്പേരുള്ള പോളച്ചൻ എന്ന കഥാപാത്രത്തിന്റെ ജീവിത പോരാട്ടങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന്‍റെ ആക്ഷൻ രംഗങ്ങൾക്ക് പെൺകരുത്തേകാൻ മലയാളത്തിന്റെ ആക്ഷൻ റാണിയായ വാണി വിശ്വനാഥ് കൂടി ജോജുവിനൊപ്പം ചേരുന്നു. ആക്ഷൻ സിനിമകളിലുള്ള ഷാജി കൈലാസിൻ്റെ സംവിധാന പാടവം, ജോജുവിൻ്റെ കരുത്താർന്ന കഥാപാത്രാഭിനയവും കൂടി ചേർന്ന് പ്രേക്ഷകർക്കൊരു വ്യത്യസ്ത അനുഭവമായിരിക്കും വരവെന്ന് അണിയറക്കാര്‍ പറയുന്നു. ജോജു ജോർജ്- ഷാജി കൈലാസ് കോമ്പിനേഷൻ ഇതാദ്യമായാണ് ഒരുമിക്കുന്നത്.
അതേസമയം എഡിറ്റര്‍ ഡോണ്‍ മാക്സ് ഒരിടവേളക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് അറ്റ്. കൊച്ചിയിൽ നടന്ന ചിത്രത്തിൻ്റെ ട്രെയിലർ ലോഞ്ചിൽ മലയാളത്തിലെ നിരവധി പ്രമുഖർ പങ്കെടുത്തു. പുതുമുഖം ആകാശ് സെൻ, ഷാജു ശ്രീധർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. മലയാളത്തിലെ പതിവ് ശൈലിയിൽ നിന്നെല്ലാം മാറി ഒരു പക്കാ ആക്ഷൻ ടെക്നോ ചിത്രമെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്.



