ആര്യന്‍ ഖാന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും; ലഹരി എത്തിച്ചു നല്‍കിയ സംഘത്തെക്കുറിച്ച് സൂചനയെന്ന് എന്‍സിബി

By Web TeamFirst Published Oct 3, 2021, 3:31 PM IST
Highlights

മുംബൈ തീരത്തു നിന്ന് പുറപ്പെട്ട ആഡംബര കപ്പലിലെ ലഹരി പാർട്ടിയാണ് എൻസിബിയുടെ തന്ത്രപരമായ നീക്കത്തിൽ കയ്യോടെ പിടിച്ചത്

മുംബൈ: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ (Rave Party) നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (Narcotics Control Bureau/ NCB/ എന്‍സിബി) കസ്റ്റഡിയിലെടുത്ത ആര്യന്‍ ഖാന്‍റെ (Aryan Khan) അറസ്റ്റ് രേഖപ്പെടുത്തിയേക്കും. ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ (Shahrukh Khan) മകനാണ് ആര്യന്‍. ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ എട്ട് പേരാണ് എന്‍സിബിയുടെ കസ്റ്റഡിയിലായത്. ഇവര്‍ക്ക് ലഹരി എത്തിച്ചു നല്‍കിയ സംഘത്തെക്കുറിച്ച് സൂചന ലഭിച്ചതായി എന്‍സിബി വൃത്തങ്ങള്‍ അറിയിച്ചു. കസ്റ്റഡിയില്‍ ഉള്ളവരില്‍ നിന്നു തന്നെയാണ് വിവരങ്ങള്‍ ലഭിച്ചതെന്നും കസ്റ്റഡിയില്‍ ഉള്ളവര്‍ക്കെതിരെ തെളിവുകളുണ്ടെന്നും അറിയുന്നു. ചോദ്യം ചെയ്യലിനു പിന്നാലെ നവിമുംബൈയിലെ ബേലാപൂരിൽ എൻസിബി റെയ്‍ഡും നടത്തുന്നുണ്ട്.

മുംബൈ തീരത്തു നിന്ന് പുറപ്പെട്ട ആഡംബര കപ്പലിലെ ലഹരി പാർട്ടിയാണ് എൻസിബിയുടെ തന്ത്രപരമായ നീക്കത്തിൽ കയ്യോടെ പിടിച്ചത്. മുംബൈയിൽ നിന്ന് ഗോവയിലേക്കും തിരിച്ചും ഒരു സംഗീത യാത്ര. ഇതായിരുന്നു കോ‍ർഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പിലിലെ രണ്ട് ദിന യാത്രയ്ക്ക് സംഘാടകർ നൽകിയ പേര്. മുംബൈ തീരത്തു നിന്ന് പുറപ്പെട്ടതിനു പിന്നാലെ സംഗീതത്തിനൊപ്പം ലഹരിയുമെത്തി. എൻസിബി സോണൽ ഡയറക്ടർ സമീർ വാംഗഡെ അടക്കമുള്ള ഉയർന്ന എൻസിബി ഉദ്യോഗസ്ഥർ യാത്രക്കാരെന്ന വ്യാജേന കപ്പലിലുണ്ടായിരുന്നു. പ്രതികളെ അങ്ങനെ കയ്യോടെ പിടികൂടി. ഇവരില്‍ നിന്ന് കൊക്കെയിന്‍, ഹാഷിഷ്. എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകള്‍ പിടികൂടി. ആര്യന്‍ ഖാന്‍റെ പേര് മാത്രമാണ് ആദ്യം പുറത്തുവന്നിരുന്നതെങ്കില്‍ പിന്നാലെ കസ്റ്റഡിയിലുള്ള മറ്റ് ഏഴ് പേരുടെ വിവരങ്ങളും എന്‍സിബി പുറത്തുവിട്ടു. നടന്‍ അര്‍ബാസ് സേത്ത് മര്‍ച്ചന്‍റ്, മുണ്‍മൂണ്‍ ധമേച്ച, നൂപുര്‍ സരിക, ഇസ്‍മീത് സിംഗ്, മോഹക് ജസ്‍വാള്‍, വിക്രാന്ത് ഛോകര്‍, ഗോമിത്ത് ചോപ്ര എന്നിവരാണ് കസ്റ്റഡിയിലുള്ള മറ്റുള്ളവരെന്ന് എന്‍സിബി മുംബൈ ഡയറക്ടര്‍ സമീര്‍ വാംഖഡെയാണ് അറിയിച്ചത്.

മുംബൈയിലെ സോണൽ ഓഫീസിൽ എത്തിച്ച് ആര്യൻ ഖാൻ അടക്കം കസ്റ്റഡിയിലുള്ളവരെ മണിക്കൂറുകളോളം ചോദ്യം ചെയ്തു. മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. രക്തപരിശോധന അടക്കം നടത്തി തെളിവ് ശേഖരിക്കുമെന്ന് എൻസിബി അറിയിച്ചു. ഫാഷൻടിവി ഇന്ത്യയും ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കമ്പനിയുമാണ് പരിപാടുടെ സംഘാടകരെന്നാണ് വിവരം. ഇവരോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. കപ്പലിലുണ്ടായിരുന്നു നൂറിലേറെ  പേരുടെ മൊഴി രേഖപ്പെടുത്തുകയാണ്. സംഭവത്തിനു പിന്നിൽ ബോളിവുഡ് ബദ്ധമുണ്ടെന്ന് എൻസിബി തലവൻ എസ്എൻ പ്രധാൻ പറഞ്ഞു. രഹസ്യവിവരത്തെ തുടർന്ന് രണ്ട് ആഴ്ചയിലേറെ  നീണ്ടുനിന്ന അന്വേഷണമാണ് ഫലം കണ്ടതെന്നും അദ്ദേഹം  വാർത്താ ഏജൻസിയോട് വ്യക്തമാക്കി.

click me!