ആര്യന്‍ ഖാന്‍റെ ജയില്‍ മോചനം ആഘോഷമാക്കിയ ആരാധകരുടെ പോക്കറ്റടിച്ച് കള്ളന്മാര്‍

By Web TeamFirst Published Nov 2, 2021, 7:27 AM IST
Highlights

താരപുത്രനെ വരവേല്‍ക്കാന്‍ നിരവധി ഷാരാഖ് ആരാധകരാണ് ജയിലിന് വെളിയില്‍ തടിച്ച് കൂടിയിരുന്നത്. പടക്കം പൊട്ടിച്ചും ബാന്‍റ് മേളവുമായി ആരാധകര്‍ രാവിലെ മുതല്‍ തന്നെ ആഘോഷത്തിലായിരുന്നു. ഇതിനിടയില്‍ നിരവധി പേരുടെ പോക്കറ്റടിച്ച് പോയതായാണ് പരാതി ഉയരുന്നത്

ആഡംബരക്കപ്പലിലെ ലഹരിമരുന്ന് കേസില്‍(Mumbai cruise ship drugs case) അറസ്റ്റിലായ ആര്യന്‍ ഖാന് (Aryan Khan) ജാമ്യത്തിലിറങ്ങുമ്പോള്‍ സ്വീകരിക്കാനൊരുങ്ങിയ ആരാധകരെ ഞെട്ടിച്ച് കള്ളന്മാര്‍ (Pickpocket). 22 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് ആര്യന്‍ ഖാന്‍  മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിന്‍ (Arthur Road prison)നിന്ന് പുറത്തിറങ്ങിയത്. 22 ദിവസത്തെ ജയിൽ വാസം അവസാനിപ്പിച്ച് രാവിലെ 11 മണിയോടെ ആര്യൻഖാൻ ജയിലിന് പുറത്തേക്ക് എത്തി. ഷാരൂഖ് തന്നെ ആര്യനെ കൊണ്ട് വരാൻ ആർതർ റോഡ് ജയിലിലേക്കെത്തിയിരുന്നു. താരപുത്രനെ വരവേല്‍ക്കാന്‍ നിരവധി ഷാരാഖ് ആരാധകരാണ് ജയിലിന് വെളിയില്‍ തടിച്ച് കൂടിയിരുന്നത്.

പടക്കം പൊട്ടിച്ചും ബാന്‍റ് മേളവുമായി ആരാധകര്‍ രാവിലെ മുതല്‍ തന്നെ ആഘോഷത്തിലായിരുന്നു. ഇതിനിടയില്‍ നിരവധി പേരുടെ പോക്കറ്റടിച്ച് പോയതായാണ് പരാതി ഉയരുന്നത്. ആര്യന്‍ ജയിലില്‍ നിന്ന് പുറത്ത് വന്ന വെള്ളിയാഴ്ച മാത്രം പത്തോളം മൊബൈല്‍ ഫോണുകളാണ് ആര്‍തര്‍ റോഡ് പ്രിസണ് സമീപത്ത് തടിച്ചുകൂടിയവരില്‍ നിന്ന് പോക്കറ്റടിച്ച് പോയത്. ഇതിനോടകം പത്ത് പരാതി ലഭിച്ചതായാണ് പൊലീസ് വിശദമാക്കുന്നത്. വലിയ ആള്‍ക്കൂട്ടത്തിലും ബോളിവുഡ് താരത്തേയും മകനേയും ഒരുനോക്ക് കാണാനിരുന്ന ആരാധകരുടെ ഫോണുകളാണ് കളവ് പോയവയില്‍ ഏറിയപങ്കുമെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്ട്ട് ചെയ്യുന്നത്. വ്യാഴാഴ്ചയാണ് ബോംബെ ഹൈക്കോടതി ആര്യന്‍ ഖാന് ജാമ്യം അനുവദിച്ചത്.

ആര്യൻ ഖാന് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി

രാജ്യം വിട്ടു പോകരുത് , പാസ്പോർട്ട് കോടതിയിൽ കെട്ടിവെക്കണം, വെള്ളിയാഴ്ച അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകണം തുടങ്ങിയ  14 ഉപാധികളോടെയാണ് ബോംബെ ഹൈക്കോടതി ആര്യൻ അടക്കമുള്ള മൂന്ന് പ്രതികൾക്കും ജാമ്യം അനുവദിച്ചത്. ആര്യൻ ഖാന് വേണ്ടി മുതിർന്ന അഭിഭാഷകനായ മുകുൾ റോത്തഗിയാണ് മുംബൈ ഹൈക്കോടതിയിൽ ഹാജരായത്. ആര്യനിൽ ലഹരി മരുന്ന് പിടിച്ചിട്ടില്ലെന്നും ലഹരിമരുന്ന് ഉപയോഗിച്ചതിന് വൈദ്യ പരിശോധനാ ഫലം  പോലുമില്ലെന്നും റോത്തഗി വാദത്തിനിടെ ചൂണ്ടിക്കാട്ടിയിരുന്നു. ആര്യന്റെ സുഹൃത്തായ അർബാസിൽ നിന്ന് പിടിച്ചെടുത്ത ചരസിന്‍റെ അളവ് പോലും ജയിൽവാസത്തിന് മതിയാവുന്നതല്ലെന്നും  കേസിലെ പ്രധാന തെളിവായ വാട്സ് ആപ്പ് ചാറ്റ് 2018കാലത്തേതാണെന്നും റോത്തഗി കോടതിയിൽചൂണ്ടിക്കാട്ടിയിരുന്നു. ആര്യൻഖാന് മുൻകാല കുറ്റകൃത്യങ്ങളുടെ ചരിത്രമില്ല എന്ന കാര്യവും ഹൈക്കോടതിയിൽ ഉന്നയിക്കപ്പെട്ടു. എന്നാൽ കേസിലെ സാക്ഷിയുടെ വിവാദ വെളിപ്പെടുത്തലടക്കം ചൂണ്ടിക്കാട്ടി കേസ് അട്ടിമറിക്കാൻ ഷാരൂഖ്ഖാൻ ശ്രമിക്കുന്നതായി എൻസിബി ആരോപിച്ചു. ആര്യൻഖാൻ പുറത്തിറങ്ങിയാൽ ഇതുപോലെ തെളിവുകൾ ഇല്ലാതാക്കുമെന്നും ജാമ്യഹർജിയെ എതിർത്ത് എൻസിബി വാദിച്ചു.  എന്നാൽ ഈ വാദം തള്ളിയാണ് കോടതി ആര്യനും സുഹൃത്തുകൾക്കും ജാമ്യം അനുവദിച്ചത്.

23-കാരനായ ആര്യൻ ഖാൻ ഒക്ടോബർ മൂന്നിനാണ് ആഡംബര കപ്പലിൽ എൻസിബി നടത്തിയ റെയ്ഡിൽ കസ്റ്റഡിയിലായത്. മുംബൈ ആർതർ റോഡിലെ ജയിലിൽ റിമാൻഡിലായിരുന്ന ആര്യന് രണ്ട് തവണ കോടതി ജാമ്യം നിഷേധിച്ചിരുന്നു. ആര്യനിൽ നിന്നും മയക്കുമരുന്ന് കണ്ടെത്താൻ എൻസിബിക്കായിട്ടില്ല എന്ന് ജാമ്യാപേക്ഷയിൽ അഭിഭാഷകർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ആര്യന് ജാമ്യം നൽകുന്നതിനെ ശക്തമായി എതിർത്ത എൻസിബി ആര്യൻ മയക്കുമരുന്ന് ഇടപാടുണ്ടായിരുന്നുവെന്നും വാട്സാപ്പ് ചാറ്റുകൾ ഇതിന് തെളിവാണെന്നുമാണ് വാദിച്ചത്. 

click me!