Kaaval Movie|'ഓര്‍മയില്ലേ ഇവിടം', തിയറ്ററുകളിലേക്ക് ക്ഷണിച്ച് സുരേഷ് ഗോപി, 'കാവല്‍' 25ന്- വീഡിയോ

By Web TeamFirst Published Nov 1, 2021, 11:47 PM IST
Highlights

നീണ്ട ഇടവേളയ്‍ക്ക് ശേഷം തിയറ്ററുകള്‍ തുറക്കുമ്പോള്‍ ആദ്യം പ്രദര്‍ശിപ്പിക്കുന്ന സൂപ്പര്‍താര ചിത്രമാണ് 'കാവല്‍'.
 

സുരേഷ് ഗോപി (Suresh Gopi) നായകനാകുന്ന ചിത്രമാണ് കാവല്‍ (Kaaval). കൊവിഡ് കേസുകള്‍ കുറഞ്ഞ് തിയറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാൻ തീരുമാനിച്ചതിനെ തുടര്‍ന്ന് ആദ്യം റിലീസ് ചെയ്യുന്ന സൂപ്പര്‍ താര ചിത്രവുമാണ് കാവല്‍. സുരേഷ് ഗോപിക്ക് പ്രതീക്ഷയുള്ള ചിത്രവുമാണ് കാവല്‍. ഒരിടവേളയ്‍ക്ക് ശേഷം വീണ്ടും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന്റെ  സന്തോഷം പങ്കുവയ്‍ക്കുന്ന സുരേഷ് ഗോപിയുടെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.

ഓര്‍മയില്ലേ ഇവിടം. വെളിച്ചവും ഇരുളും നിറങ്ങളും നിറഞ്ഞ മായക്കാഴ്‍ചകളുടെ വിരിഞ്ഞ വിസ്‍തൃതി. മഹാമാരിയുടെ ഇടവേള ജീവിതത്തിലും തിയറ്ററുകളിലും ഇതാ ഇടവേള കഴിയുകയായി. നമ്മള്‍ ഒരുമിച്ചിരുന്ന് ആസ്വദിച്ച, ആഹ്ലാദിച്ച നിമിഷങ്ങള്‍. നമ്മള്‍ സ്വയം മറന്ന് ആര്‍ത്ത് ചിരിച്ച, ആര്‍പ്പ് വിളിച്ച, സ്വയമറിയാതെ കണ്ണീരണിഞ്ഞ, നമ്മള്‍ ഇടിമുഴക്കം പോലെ കരഘോഷം മുഴക്കിയ സിനിമയുടെ മഹോത്സവ ദിനങ്ങള്‍ക്ക് ഇതാ കൊട്ടുംകൊരവയുമായി വീണ്ടും കൊടിയേറ്റം.  ഇനി ജീവിതത്തിന്, സിനിമയ്‍ക്ക് തിരിച്ചുവരവിന്റെ നാളുകള്‍.  കരുത്തുറ്റ, വീണ്ടെടുപ്പിന്റെ, കൂടിച്ചേരലുകളുടെ ദിനങ്ങള്‍, ആഘോഷനാളുകള്‍. 25 മുതല്‍ കരുത്തിന്റെ കാവല്‍ ദിനം.  ആഘോഷത്തിന്, അംഗീകാരത്തിന്, ആശീര്‍വാദത്തിന് എന്നാണ് വീഡിയോയില്‍ സുരേഷ് ഗോപി പറയുന്നത്. നിതിൻ രണ്‍ജി പണിക്കറാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. 

ഗുഡ്‍വിൽ എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെ ബാനറിൽ ജോബി ജോർജ് ആണ് നിര്‍മാണം.

ഹൈറേഞ്ചിന്‍റെ പശ്ചാത്തലത്തിൽ രണ്ടു കാലഘട്ടത്തിന്‍റെ കഥ പറയുന്ന ഒരു ആക്ഷൻ ഫാമിലി ഡ്രാമയാണ് 'കാവൽ'. പഞ്ച് ഡയലോഗുകളും മാസ് സീക്വന്‍സുകളുമുള്ള ഒരു നായക കഥാപാത്രത്തെ ഒരിടവേളയ്ക്കു ശേഷമാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. 'തമ്പാന്‍' എന്നാണ് സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്‍റെ പേര്. കാവല്‍ എന്ന പുതിയ ചിത്രത്തില്‍  രണ്‍ജി പണിക്കര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശങ്കര്‍ രാമകൃഷ്‍ണന്‍, സുരേഷ് കൃഷ്‍ണ, പത്മരാജ് രതീഷ്, ശ്രീജിത്ത് രവി, സാദ്ദിഖ്, രാജേഷ് ശർമ്മ, സന്തോഷ് കീഴാറ്റൂർ, കിച്ചു ടെല്ലസ്, ബിനു പപ്പു, രാജേഷ് ശര്‍മ്മ, കണ്ണൻ രാജൻ പി ദേവ്, ചാലി പാല, അരിസ്റ്റോ സുരേഷ്, ഇവാന്‍ അനില്‍, റേയ്ച്ചല്‍ ഡേവിഡ്, മുത്തുമണി, അഞ്‍ജലി നായര്‍, അനിത നായർ, പൗളി വത്സന്‍, അംബിക മോഹന്‍, ശാന്ത കുമാരി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഛായാഗ്രഹണം നിഖിൽ  എസ് പ്രവീൺ. ബി കെ ഹരി നാരായണന്‍റെ വരികൾക്ക് രഞ്‍ജിൻ രാജ് ആണ് സംഗീതം. എഡിറ്റിംഗ് മൻസൂർ മുത്തൂട്ടി. പ്രൊഡക്ഷൻ കൺട്രോളർ സഞ്‍ജയ് പടിയൂർ. മേക്കപ്പ് പ്രദീപ് രംഗൻ. വസ്‍ത്രാലങ്കാരം നിസ്സാർ റഹ്‍മത്ത്. സ്റ്റില്‍സ് മോഹന്‍ സുരഭി. പരസ്യകല ഓള്‍ഡ് മങ്ക്‍സ്. ഓഡിയോഗ്രഫി രാജാകൃഷ്‍ണൻ. സൗണ്ട് ഡിസൈൻ അരുൺ എസ് മണി. ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‍സ് സനല്‍ വി ദേവന്‍, സ്യമന്തക് പ്രദീപ്. ആക്ഷൻ സുപ്രീം സുന്ദർ, മാഫിയ ശശി, റൺ രവി.

click me!