
പ്രശസ്ത നടൻ ജി കെ പിള്ളയുടെ (GK Pillai) വിയോഗത്തിൽ അനുശോചനം അറിയിച്ച് നടിയും നർത്തകിയുമായ ആശാ ശരത്ത്(Asha sharath). ഏഷ്യാറ്റെറ്റിൽ സംപ്രേഷണം ചെയ്ത കുങ്കുമപ്പൂവ് എന്ന സീരിയിൽ ഇരുവരും അച്ഛനും മകളുമായി അഭിനയിച്ചിരുന്നു. കുങ്കുമപ്പൂവിലെ പ്രഫസർ ജയന്തിയുടെ അച്ഛൻ തനിക്ക് സ്വന്തം അച്ഛൻ തന്നെയാണെന്നും അദ്ദേഹത്തിന്റെ വേർപാട് വ്യക്തിപരമായ നഷ്ടവും വേദനയുമാണെന്ന് ആശാ ശരത്ത് കുറിച്ചു.
‘അച്ഛൻ എന്ന് മാത്രമേ ഞാൻ വിളച്ചിട്ടുള്ളൂ..തനിക്ക് പിറക്കാതെ പോയ മകൾ എന്ന നിലയിലാണ് അദ്ദേഹം എന്നെ സ്നേഹിച്ചത്.. കുങ്കുമപ്പൂവിലെ പ്രഫസർ ജയന്തിയുടെ അച്ഛൻ എനിക്ക് സ്വന്തം അച്ഛൻ തന്നെയാണ്. അദ്ദേഹത്തിന്റെ വേർപാട്, അതു കൊണ്ടുതന്നെ എനിക്ക് വ്യക്തിപരമായ നഷ്ടവും വേദനയുമാകുന്നു.. പ്രണാമം..‘എന്നാണ് ആശാ ശരത്ത് കുറിച്ചത്.
ഇന്ന് രാവിലെയോടെയാണ് ജി കെ പിള്ള അന്തരിച്ചത്. കര്‍ഷകനായ ഗോവിന്ദപിളളയുടെയും ജാനകിയമ്മയുടെയും മകനായി 1925-ല്‍ തിരുവനന്തപുരത്ത് ചിറയിന്‍കീഴിലായിരുന്നു ജനനം. പതിനാറാംവയസ്സില്‍ പട്ടാളത്തില്‍ ചേർന്ന ജി കെ പിള്ള പതിമൂന്ന് വർഷം സൈനിക സേവനം അനുഷ്ഠിച്ചു. ഇതിന് ശേഷമാണ് അഭിനയ രംഗത്തേക്ക് വരുന്നത്. ആറു പതിറ്റാണ്ടുനീണ്ട അഭിനയജീവിതത്തിനിടെ മൂന്നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. 1954ല്‍ പുറത്തിറങ്ങിയ സ്നേഹസീമ ആണ് ആദ്യചിത്രം. 'കുങ്കുമപ്പൂവ്' എന്ന സീരിയലിൽ ജി കെ പിള്ള അവതരിപ്പിച്ച കഥാപാത്രം കുടുംബപ്രേക്ഷകർക്കിടയിൽ അദ്ദേഹത്തെ പ്രിയങ്കരനാക്കിയിരുന്നു.