Mammootty : 'മമ്മൂക്കയുടേത് വളരെ വ്യത്യസ്‍തമായ വേഷം'; ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തെക്കുറിച്ച് അശോകന്‍

By Web TeamFirst Published Nov 26, 2021, 10:32 PM IST
Highlights

ലിജോ ജോസ് പെല്ലിശ്ശേരിയുടെ തന്നെ കഥയ്ക്ക് തിരക്കഥയൊരുക്കിയത് എസ് ഹരീഷ്

പല കാരണങ്ങള്‍ കൊണ്ടും സിനിമാപ്രേമികളില്‍ ഇതിനകം കൗതുകമുണര്‍ത്തിയിരിക്കുന്ന പ്രോജക്റ്റ് ആണ് ലിജോ ജോസ് പെല്ലിശ്ശേരി (Lijo Jose Pellissery) സംവിധാനം ചെയ്യുന്ന 'നന്‍പകല്‍ നേരത്ത് മയക്കം' (Nanpakal Nerathu Mayakkam). മമ്മൂട്ടി (Mammootty) ആദ്യമായി ലിജോയുടെ ക്യാമറയ്ക്കു മുന്നിലേക്കെത്തുന്ന ചിത്രം മമ്മൂട്ടി ആരംഭിച്ച പുതിയ നിര്‍മ്മാണക്കമ്പനിയുടെ ആദ്യ സംരംഭവുമാണ്. മമ്മൂട്ടി കമ്പനി എന്നാണ് പ്രൊഡക്ഷന്‍ ഹൗസിന് പേരിട്ടിരിക്കുന്നത്. എസ് ഹരീഷ് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത മമ്മൂട്ടിക്കൊപ്പം അശോകന്‍ (Ashokan) ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതാണ്. 1991ല്‍ പുറത്തിറങ്ങിയ അമരത്തിനു ശേഷം ഇരുവരും ഒരുമിച്ചെത്തുന്ന ആദ്യ ചിത്രമാണിത്. മമ്മൂട്ടി ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തെക്കുറിച്ച് തനിക്കുള്ള ആവേശം അശോകന്‍ ഇങ്ങനെ പങ്കുവെക്കുന്നു..

"30 വര്‍ഷത്തിനു ശേഷം മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കുന്ന സിനിമയാവുമ്പോള്‍ അതിലൊരു പ്രത്യേകത എന്നെ സംബന്ധിച്ച് സ്വാഭാവികമായിട്ടുമുണ്ട്. സന്തോഷവും ത്രില്ലുമുണ്ട്. ലിജോ പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ്. ചെയ്‍ത സിനിമകളില്‍ നിന്നെല്ലാം വ്യത്യസ്‍തമായിട്ടുള്ള സിനിമയാണ്. സാധാരണ ഒരു സിനിമാ രീതിയില്‍ നിന്ന് കുറച്ച് വ്യത്യസ്‍തമായിട്ട് പോകുന്ന സിനിമയാണ്. ഇതിലെ എല്ലാ കഥാപാത്രങ്ങളും അങ്ങനെതന്നെയാണ്. എന്‍റെ കഥാപാത്രവും. മമ്മൂക്കയുടേതും വളരെ വ്യത്യസ്‍തമായ ഒരു വേഷമാണ്. മമ്മൂക്കയ്ക്കൊപ്പം വീണ്ടും ഒന്നിക്കുന്ന സിനിമ അദ്ദേഹത്തിന്‍റെ സ്വന്തം പ്രൊഡക്ഷന്‍ കൂടിയാണ് എന്നത് എന്നെ സംബന്ധിച്ച് സന്തോഷം നല്‍കുന്ന കാര്യമാണ്", അശോകന്‍ പറയുന്നു.

ചിത്രത്തിന്‍റെ കഥ ലിജോയുടേതു തന്നെയാണ്. സഹനിര്‍മ്മാതാവിന്‍റെ റോളിലും സംവിധായകന്‍ ഉണ്ട്. തമിഴ്നാട് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍ പളനിയാണ്. തേനി ഈശ്വര്‍ ആണ് ഛായാഗ്രഹണം. അതേസമയം മമ്മൂട്ടിയുമൊത്ത് മറ്റൊരു ചിത്രവും ലിജോ ചെയ്യുന്നുണ്ട്. എന്നാല്‍ അതൊരു ഫീച്ചര്‍ ലെംങ്ത് ചിത്രമല്ല. എംടിയുടെ കഥകളെ ആസ്‍പദമാക്കി ഒരുങ്ങുന്ന നെറ്റ്ഫ്ളിക്സ് ആന്തോളജിയിലാണ് ലിജോ-മമ്മൂട്ടി ടീം വീണ്ടും ഒന്നിക്കുക. എംടിയുടെ കടുഗണ്ണാവ ഒരു യാത്ര എന്ന കഥയാണ് മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി ലിജോ സ്ക്രീനിലെത്തിക്കുക. 

click me!