
ചില സിനിമകൾ അങ്ങനെയാണ്, പ്രേക്ഷകന് പ്രതീക്ഷിക്കാത്തത്ര തിയേറ്റർ എക്സ്പീരിയൻസ് സമ്മാനിക്കും. പ്രത്യേകിച്ച് കൊച്ചു സിനിമകൾ. അക്കൂട്ടത്തിലൊരു സിനിമ അടുത്തിടെ മലയാളത്തിൽ റിലീസ് ചെയ്തിരുന്നു. 'സംഭവം. അധ്യായം ഒന്ന്' എന്നാണ് ചിത്രത്തിന്റെ പേര്. അസ്കർ അലി നായകനായി എത്തിയ ചിത്രം വൻ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ടൈംലൂപ് ഗണത്തിൽ പെടുന്ന ചിത്രം മലയാള സിനിമാസ്വാദകർക്ക് ഇതുവരെ ലഭിക്കാത്തൊരു ദൃശ്യവിസ്മയമായിരുന്നു സമ്മാനിച്ചത്.
റിലീസ് ചെയ്ത് ഒരു മാസത്തിനിപ്പുറം 'സംഭവം. അധ്യായം ഒന്ന്' ഒടിടിയിൽ എത്താൻ പോവുകയാണ്. ജിയോ ഹോട്സ്റ്റാറിനാണ് സ്ട്രീമിംഗ് അവകാശം വിറ്റുപോയിരിക്കുന്നത്. ഏപ്രിൽ 15 മുതൽ സിനിമ സ്ട്രീമിംഗ് ആരംഭിക്കും. 2026ലെ മനസ്സിനെ വളച്ചൊടിച്ച ത്രില്ലർ എന്നാണ് സംഭവത്തിനെ ജിയോ ഹോട്സ്റ്റാർ വിശേഷിപ്പിച്ചിരിക്കുന്നത്. പുതിയ പോസ്റ്ററും അവർ പുറത്തിറക്കിയിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം സ്ട്രീം ചെയ്യും.
ജിത്തു സതീശൻ മംഗലത്ത് സംവിധാനം ചെയ്ത ചിത്രമാണ് സംഭവം അധ്യായം ഒന്ന്. 2026 മാർച്ച് 6ന് ആയിരുന്നു റിലീസ്. ഒരു കാട്. കാടിനകത്തെ നിഗൂഢമായ ഒരിടം. ആ ഇടത്തെ ചുറ്റിപ്പറ്റി ചില കഥകൾ, വിശ്വാസങ്ങൾ. അവിടെ എത്തിപ്പെടുന്ന കുറച്ചു മനുഷ്യർ. ശേഷം സിനിമ പ്രേക്ഷകനെയും കൊണ്ട് പോകുന്നത് വലിയൊരു നിഗൂഢതയിലേക്കാണ്. തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളാണ് പടത്തിന്റെ പ്രമേയം. ആ ടൈം ലൂപ്പ് സിനിമ കണ്ടിറങ്ങിയാലും പ്രേക്ഷകന്റെ മനസിൽ അങ്ങനെ കിടക്കും. അതാണ് സിനിമയുടെ പ്ലസ് പോയിന്റും.
അസ്കർ അലി, വിനീത് കുമാർ, സിദ്ധാർത്ഥ് ഭരതൻ, അസിം ജമാൽ എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വലിയ പ്രേക്ഷക സ്വീകാര്യ സിനിമ നേടിയെങ്കിലും കളക്ഷനിൽ വേണ്ടവിധം ശ്രദ്ധനേടാൻ സംഭവത്തിന് സാധിച്ചില്ല. ട്രാക്കിംഗ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 6.62 കോടി രൂപയാണ് ചിത്രം കളക്ട് ചെയ്തിരിക്കുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ