
നെടുമങ്ങാട് ഒന്നര വയസ്സുകാരൻ ക്രൂരമർദനമേറ്റ് കൊലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി നടിയും ലൈഫ് കോച്ചുമായ അശ്വതി ശ്രീകാന്ത്. ക്രൂരമായ പല പെരുമാറ്റങ്ങളും ഒറ്റദിവസം കൊണ്ട് ഉണ്ടാവുന്നതല്ലെന്നും പലപ്പോഴും അതിൻ്റെ മുന്നറിയിപ്പുകൾ വർഷങ്ങളായി അവരുടെ സ്വഭാവത്തിൽ ഉണ്ടാവുമെന്നും അശ്വതി ശ്രീകാന്ത് പറയുന്നു. ആന്റി സോഷ്യൽ പ്രവണത ഉള്ളവരും ആന്റി സോഷ്യൽ പേഴ്സണാലിറ്റി ഡിസോർഡർ ഉള്ളവരുമൊക്കെ പലപ്പോഴും ഒളിക്കുന്നത് ചുറ്റുമുള്ളവരുടെ ന്യായീകരണങ്ങളിലാണെന്നും കുട്ടികളെ സംരക്ഷിക്കുന്നത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും അശ്വതി ശ്രീകാന്ത് കുറിച്ചു. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു അശ്വതിയുടെ പ്രതികരണം.
"51 മുറിവ്, ഒന്നര വയസ്സ്. പല ക്രൂരമായ പെരുമാറ്റങ്ങളും ഒരുദിവസം കൊണ്ട് ഉണ്ടാകുന്നതല്ല. പലപ്പോഴും അതിൻ്റെ മുന്നറിയിപ്പുകൾ വർഷങ്ങളായി അവരുടെ സ്വഭാവത്തിൽ ഉണ്ടാവും. സഹാനുഭൂതിയില്ലായ്മ, മറ്റുള്ളവരെ നിയന്ത്രിക്കാനും ഉപദ്രവിക്കാനും ശ്രമിക്കുന്ന സ്വഭാവം, ആക്രമണോത്സുകത ഇതൊക്കെ കണ്ടിട്ടും പലരും കാണാതെ വിടുന്നതാണ്. കുടുംബം പലപ്പോഴും ഇതിനെയെല്ലാം 'ദേഷ്യം' എന്ന ലേബലിൽ ഒതുക്കി കളയും, അവൻ്റെ/ അവളുടെ സ്വഭാവം അങ്ങനെയാണെന്ന് നിസാരവത്കരിക്കും, തഞ്ചത്തിൽ നിന്നാൽ മതിയെന്ന് ഇരകളെ ഉപദേശിക്കും. ആന്റി സോഷ്യൽ പ്രവണത ഉള്ളവരും ആന്റി സോഷ്യൽ പേഴ്സണാലിറ്റി ഡിസോർഡർ ഉള്ളവരുമൊക്കെ പലപ്പോഴും ഒളിക്കുന്നത് ചുറ്റുമുള്ളവരുടെ ഇത്തരം ന്യായീകരണങ്ങളിലാണ്." അശ്വതി പറയുന്നു.
"ഒടുവിൽ അതിന്റെ വില കൊടുക്കേണ്ടിവരുന്നത് ഏറ്റവും ദുർബലരായ ആരെങ്കിലുമൊക്കെയാവും. സഹാനുഭൂതിയും കുറ്റബോധവും തീരെയില്ലാത്ത ക്രൂരതയിൽ ഹരം കൊള്ളുന്ന ഈ മനുഷ്യരൊന്നും ഒരു വാർത്തയോടെയല്ല ജനിക്കുന്നത്. അവർ ഇത്രനാളും വാർത്തയാവാതിരുന്നത് പലരും കണ്ണടച്ച് ഇരുട്ടാക്കിയത് കൊണ്ട് കൂടിയാണ്. ക്രൂരതയെ സ്വഭാവമായി കാണരുത്. മുന്നറിയിപ്പുകളെ അവഗണിക്കരുത്. കുട്ടികളെ സംരക്ഷിക്കുന്നത് എല്ലാവരുടെയും ഉത്തരവാദിത്വമാണ്." അശ്വതി കൂട്ടിച്ചേർത്തു.
നെടുമങ്ങാട് പനവൂർ കരിക്കുഴിയിലെ വാടക വീട്ടിൽ അമ്മയ്ക്കും അമ്മയുടെ പങ്കാളിക്കുമൊപ്പം താമസിച്ചിരുന്ന ഒന്നര വയസ്സുകാരൻ്റെ മരണമാണ് കൊലപാതകമാണെന്ന് പോസ്റ്റ് മോർട്ടത്തിൽ കണ്ടെത്തിയത്. തൊണ്ടയിൽ ഭക്ഷണം കുരുങ്ങി ഛർദിച്ചുവെന്ന് പറഞ്ഞ് കുട്ടിയെ അഷ്കർ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ച പുലർച്ചെയോടെ ആണ് കുട്ടിക്ക് മരണം സംഭവിച്ചത്. തുടർന്ന് നടന്ന പോസ്റ്റ് മോർട്ടത്തിൽ കുട്ടി അതിക്രൂരമായി മർദനം നേരിട്ടുവെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് അമ്മ അഖില, പങ്കാളി അഷ്കർ എന്നിവരെ കസ്റ്റഡിയിലെടുത്തതും പിന്നീട് അറസ്റ്റ് ചെയ്തതും.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ