
അട്ടപ്പാടിയിലെ ഗോത്ര വൈദ്യത്തെ അടിസ്ഥാനമാക്കി വിജീഷ് മണി സംവിധാനം ചെയ്യുന്ന 'അട്ടപ്പാടി ദി വാലി ഓഫ് ഡിവൈൻ ഹീലിംഗ് എന്ന ഇന്ത്യ- ഒമാൻ ഡോക്യുഫിക്ഷൻ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഒമാനിലെ ഇന്ത്യൻ എംബസിയിൽ സംഘടിപ്പിച്ച പ്രൗഢ ഗംഭീരമായ ചടങ്ങിൽ ഇന്ത്യൻ അംബാസിഡർ വെങ്കിട്ട് ശ്രീനിവാസനാണ് തുടക്കം കുറിച്ചത്. ഭാരതവും ഒമാനുമായി ആയുർവേദം, ഗോത്ര വൈദ്യം തുടങ്ങിയ പൈതൃക ചികിത്സാ അറിവുകളുടെ വിനിമയവും പ്രോത്സാഹനവും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നമാണെന്ന് അംബാസിഡർ പറഞ്ഞു. അട്ടപ്പാടി താഴ്‌വരയിൽ മറഞ്ഞു കിടക്കുന്ന ഗോത്ര വൈദ്യ വിജ്ഞാനം പുറംലോകത്ത് അറിയപ്പെടേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെ സ്വഛ്ഭാരത് അഭിയാൻ പദ്ധതിയെക്കുറിച്ച് അറബിയിൽ കവിതയെഴുതിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷണിച്ച് നേരിൽ കണ്ട് അഭിനന്ദിച്ച ഒമാനി കവിയും നടനുമായ സുൽത്താൻ അഹമ്മദ് അൽ മെഹ്‌മൂദി, സംവിധായകൻ വിജീഷ് മണി, ഒമാനി സിനിമാ പ്രവർത്തകരായ അബ്ദുൽ റഹ്‌മാൻ അൽ അസ്‌റി, പിസാ ഹസൻ, അഹമ്മദ് ബഷീർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അട്ടപ്പാടിയിലെ മൂന്ന് ഗോത്രഭാഷകളിൽ (ഇരുള, കുറുമ്പ, മുഡുക) സിനിമകൾ ചെയ്ത് നിരവധി ദേശീയ അന്തർദേശീയ അവാർഡുകൾ നേടിയ സംവിധായകനാണ് വിജിഷ് മണി. അട്ടപ്പാടിയിലെ ഗോത്രവൈദ്യം ആസ്പദമാക്കി ഒരുക്കുന്ന ഈ ഡോക്യുഫിക്ഷൻ സിനിമയുടെ തിരക്കഥ, സംഭാഷണം അജിത്ത് ഷോളയൂർ എഴുതുന്നു.
എഡിറ്റിംഗ് ബി ലെനിൻ, സൗണ്ട് ഡിസൈൻ ഗണേഷ് മാരാർ, ഛായാഗ്രഹണം പി മുരുകേശ്വരൻ, ഗാനരചന സുൽത്താൻ അഹമ്മദ് അൽ മെഹ്മൂദി, മണികണ്ഠൻ അട്ടപ്പാടി, സംഗീതം വിജിഷ് മണി, പശ്ചാത്തല സംഗീതം മിഥുൻ മലയാളം, മേക്കപ്പ് ശേഖർ, വസ്‌ത്രാലങ്കാരം ഭാവന, പ്രൊഡക്ഷൻ കൺട്രോളർ റോജി പി കുര്യൻ, ലോക്കേഷൻ മാനേജർ രാമദാസ് അട്ടപ്പാടി. സുൽത്താൻ അഹമ്മദ് അൽ മെഹ്‌മൂദിയോടൊപ്പം അട്ടപ്പാടിയിലെ ഗോത്ര കലാകാരന്മാരും ഈ ചിത്രത്തില്‍ ഒന്നിക്കുന്നു. ഒമാനിൽ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ പ്രധാന ഭാഗങ്ങൾ ഡിസംബർ ആദ്യവാരം അട്ടപ്പാടിയിൽ പൂർത്തിയാക്കും. പി ആർ ഒ- എ എസ് ദിനേശ്.