
ഫജ്ർ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട് മലയാള ചിത്രം 'അപ്പുറം- ദി അദർ സൈഡ്'. ഇരുപത്തി ഒമ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണിത്. ഐഎഫ്എഫ്കെയിലായിരുന്നു അപ്പുറത്തിൻ്റെ ആദ്യ പ്രദർശനവും. ഇന്ദു ലക്ഷ്മി സംവിധാനം ചെയ്ത ചിത്രത്തിൽ ജഗദീഷ്, മിനി ഐജി, അനഘ രവി എന്നിവരാണ് പ്രധാന അഭിനേതാക്കൾ. 'കമിങ് ഓഫ് ഏജ് ഡ്രാമ' ഴോൺറയിൽ ഉള്ളതാണ് സിനിമ. രാകേഷ് തരൺ ക്യാമറ ചലിപ്പിച്ച ചിത്രത്തിൻ്റ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് അപ്പു ഭട്ടതിരിയാണ്. ബിജിപാലിൻ്റെതായിരുന്നു സംഗീതം. ഐഎഫ്എഫ്കെ പ്രദർശനത്തിനപ്പുറം ചിത്രം ചർച്ചകൾക്ക് വഴിവച്ചിരുന്നു.
മിഡിൽ ഈസ്റ്റിൽ ഏറ്റവും ശ്രദ്ധേയമായ ചലച്ചിത്ര മേളകളിൽ ഒന്നാണ് 1982-ൽ സ്ഥാപിതമായ ഫജ്ർ അന്താരാഷ്ട്ര ചലച്ചിത്ര മേള. ഇറാന്റെ സാംസ്കാരിക തലസ്ഥാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഷിറാസിലാണ് ഇത്തവണ ഫ്ജ്ർ നടക്കുന്നത്. നവംബർ 26 മുതൽ ഡിസംബർ മൂന്ന് വരെ നടക്കുന്ന മേളയിൽ നവംബർ 29ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് അപ്പുറത്തിൻ്റെ പ്രദർശനം.