
പുതുതായി ഇറങ്ങുന്ന സിനിമകളെ തകര്‍ക്കാന്‍ സോഷ്യല്‍ മീഡിയ വഴി ശ്രമം നടക്കുന്നതായി സംവിധായകന്‍ സിദ്ദിഖ്. സ്വന്തമായുണ്ടാക്കി പുറത്തുവിടുന്ന സിനമാ നിരൂപണങ്ങളിലൂടെ പണമുണ്ടാക്കാനുള്ള ശ്രമങ്ങളും ചിലര്‍ നടത്തുന്നുവെന്നും സിദ്ദിഖ് ആരോപിച്ചു. മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത പുതിയ ചിത്രം ബിഗ് ബ്രദറിന്റെ ജിസിസി റിലീസിനോടനുബന്ധിച്ച് ദോഹയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സോഷ്യല്‍ മീഡിയയില്‍ വര്‍ധിച്ചുവരുന്ന അനാരോഗ്യകരമായ നിരൂപണ പ്രവണത സിനിമാവ്യവസായത്തെ തകര്‍ക്കാനേ ഉപകരിക്കൂ. അത്തരം നിരൂപണങ്ങള്‍ ശരിയാണെന്ന് വിശ്വസിക്കുന്ന ഒരു ചെറിയ ശതമാനം നമ്മുടെ നാട്ടിലുണ്ട്. തിന്മ എന്ന് പറയുന്നത് അധികകാലം നിലനില്‍ക്കില്ല. അതിനാല്‍ ഈ പ്രവണതയും അധികകാലം മുന്നോട്ട് പോവില്ല.' ഇത്തരം പ്രവണതകളെ നിയമം വഴി തടയല്‍ എളുപ്പമല്ലാത്തതിനാല്‍ പ്രേക്ഷകരുടെ പിന്തുണ കൊണ്ട് മാത്രമേ ഇതിനെ ചെറുത്ത് തോല്‍പ്പിക്കാന്‍ കഴിയൂവെന്നും സിദ്ദിഖ് പറഞ്ഞു.
ജിസിസി രാജ്യങ്ങളിലെ റിലീസിംഗ് പുതുതായി ഇറങ്ങുന്ന സിനിമകളുടെ വിജയത്തില്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നതെന്നും പൗരത്വ നിയമ ഭേദഗതിക്കെതിരേ കേരളത്തില്‍ നടക്കുന്ന സമരങ്ങള്‍ സിനിമാ വ്യവസായത്തെ ബാധിച്ചിട്ടില്ലെന്നും സിദ്ദിഖ് ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. ഹാസ്യം തീര്‍ന്നതിനാലല്ല മറിച്ച് ഒരു ചേയ്ഞ്ചിന് വേണ്ടി മാത്രമാണ് ആക്ഷനിലേക്ക് മാറിയതെന്നും ബിഗ് ബ്രദറിനെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചു. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ സിദ്ദിഖും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ