സ്വിറ്റ്സർലൻഡിലേക്ക് കുടിയേറിയ മലയാളികളുടെ രണ്ടാം തലമുറയാണ് 'ത്രിലോക'യുടെ പിന്നിൽ പ്രവർത്തിക്കുന്നത്.

സ്വിറ്റ്സർലൻഡിലെ യുവതലമുറ ചലച്ചിത്രപ്രേമികൾ ഒരുമിച്ച് ഒരുക്കിയ മലയാള സിനിമ ‘ത്രിലോക’ ജനുവരി 30 ന് തിയറ്റർ റിലീസിന് ഒരുങ്ങുന്നു. സ്വിറ്റ്സർലൻഡിലെ സൂറിച്ചിൽ പ്രീമിയറോടെ ആരംഭിക്കുന്ന ചിത്രം, തുടർന്ന് യൂറോപ്യൻ രാജ്യങ്ങളിലെ തീയറ്ററുകളിലും പ്രദർശനത്തിനെത്തും. പ്രമുഖ സംവിധായകനും നടനുമായ ജിയോ ബേബിയുടെ പിന്തുണയും 'ത്രിലോക' ടീമിന് ഉണ്ട്. ജിയോ ബേബിയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. റിലീസിന് മുമ്പ് തന്നെ ‘ത്രിലോക’ മൂന്ന് അന്താരാഷ്ട്ര ചലച്ചിത്രമേളകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു. ലോകത്തിലെ ഏറ്റവും സമ്പന്നമായ വിമാന കമ്പനികളിൽ ഒന്നായ ഫ്ലൈ എമിറേറ്റ്സുമായി ചേർന്നാണ് സിനിമയുടെ പ്രീമിയർ ഷോ നടത്തുന്നത്. ഇത് ആദ്യമായാണ് ഒരു മലയാള സിനിമയുമായി ഫ്ലൈ എമിറേറ്റ്സ് നേരിട്ട് ഇത്തരത്തിൽ സഹകരിക്കുന്നത്.

സ്വിറ്റ്സർലൻഡിലേക്ക് കുടിയേറിയ മലയാളികളുടെ രണ്ടാം തലമുറയാണ് 'ത്രിലോക'യുടെ പിന്നിൽ പ്രവർത്തിക്കുന്നത്. രാജേഷ് ജയിംസ്, റോബിൻ ഫിലിപ്പ്, സന്ദീപ് എബ്രഹാം എന്നിവരടങ്ങിയ സിനിമാപ്രേമികളും പ്രതിഭകളും കൈകോർത്ത് നയിച്ച പദ്ധതിയാണ് ‘ത്രിലോക’. സ്വിസ് മലയാളികൾക്കിടയിൽ ഉള്ള കഴിവുകൾ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു പ്രാഥമിക ചലച്ചിത്ര ശ്രമത്തിന്റെ വിജയകരമായ പൂർത്തീകരണമായാണ് ഈ ചിത്രം വിലയിരുത്തപ്പെടുന്നത്. മൂന്ന് തലമുറകളും ഒന്നിക്കുന്ന അപൂർവ്വ സംഗമമെന്നും ഈ ചലച്ചിത്രത്തെ വിശേഷിപ്പിക്കാം.

ജോജി തന്തോണിച്ചിറ, നിധിൻ മാത്യൂസ്, റോബിൻ ഫിലിപ്പ്, സുരജ് മണ്ണഞ്ചേരിൽ എന്നിവർ ചേർന്ന് പുതുതായി രൂപംകൊണ്ട 4 ഇമോഷന്‍സ് എന്‍റര്‍ടെയ്ന്‍‍മെന്‍റ് ആണ് ചിത്രത്തിന്റെ നിർമ്മാണം. ഡൽഹിയിൽ നടക്കുന്ന ഗ്ലോബൽ സിനിമ കൺവെൻഷൻ, പാരീസിൽ നടക്കുന്ന ഇന്റർനാഷണൽ ഇൻഡീ ഫിലിം ആൻഡ് സ്ക്രീൻപ്ലേ ഫെസ്റ്റിവൽ എന്നിവയിലേക്ക് ചിത്രം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സ്വിറ്റ്സർലൻഡിലെ നാഷണൽ സ്വിസ് ഫിലിംസ് ഓർഗനൈസേഷനും 'ത്രിലോക'യുമായി സഹകരിക്കുന്നുണ്ട്.

4 ഇമോഷന്‍സ് എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ആദ്യ സംരംഭമാണ് ‘ത്രിലോക’. ഇതിനുപുറമേ, ഡേര്‍ട്ടി കോയിന്‍: എ ബിറ്റ്കോയിന്‍ മൈനിംഗ് ഡോക്യുമെന്‍ററി എന്ന പ്യൂർട്ടോ റിക്കോയില്‍ നിന്നുള്ള ഡോക്യുമെന്ററിയുടെ സഹനിർമ്മാണവും ഈ സംഘം നിർവഹിച്ചിട്ടുണ്ട്. ആ ചിത്രവും നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ അംഗീകാരങ്ങളും പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. അതിനൊപ്പം തന്നെ നീരജ് മാധവ്, ഹനുമാൻകൈൻഡ് എന്നിവരെ സ്വിറ്റ്സർലൻഡിലെ അന്താരാഷ്ട്ര ഓപ്പൺ എയർ ഫെസ്റ്റിവലിന് എത്തിക്കുന്നതിൽ ചുക്കാൻ പിടിച്ചതും 4 ഇമോഷന്‍സ് എന്‍റര്‍ടെയ്ന്‍‍മെന്‍റ് ആണ്.

കേരളത്തിൽ നിർമ്മിക്കപ്പെടുന്ന സിനിമകളുമായി താരതമ്യം ചെയ്യുമ്പോൾ ‘ത്രിലോക’ ഒരു ചെറുചിത്രമാണെങ്കിലും, വാണിജ്യലാഭം ലക്ഷ്യമിടാതെയും പ്രതിഫലം പ്രതീക്ഷിക്കാതെയും പൂർണമായും സന്നദ്ധ പ്രവർത്തനമായി തന്നെ ഒരു കൂട്ടായ്മയാണ് ഈ സിനിമയുടെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. കേരളത്തിൽ നിന്നുള്ള സാങ്കേതിക വിദഗ്ധരുടെ വലിയ പിന്തുണയും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. എന്നാൽ ഒരു ചെറിയ ചിത്രം എന്ന പരിധിയിൽ ഒതുങ്ങാതെ, മികച്ച സാങ്കേതിക മികവോടെയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. സ്വിറ്റ്സർലൻഡിലും കേരളത്തിലും ഉള്ള അണിയറപ്രവർത്തകർ സിനിമയെ ഒരു പാഷനായി കണ്ട് രാവും പകലുമില്ലാതെ 'ത്രിലോക'യ്ക്ക് വേണ്ടി കൈയും മെയ്യും മറന്ന് പ്രവർത്തിച്ചുവെന്ന് നിർമ്മാതാക്കൾ വെളിപ്പെടുത്തുന്നു.

രാജേഷ് ജെയിംസ് ആണ് ത്രിലോകയുടെ സംവിധാനവും തിരക്കഥ രചനയും നിർവ്വഹിച്ചിരിക്കുന്നത്. വിജി ജയിംസ് ആണ് സഹ രചയിതാവ്. നല്ല സൗഹൃദങ്ങളിൽ നിന്നാണ് മികച്ച സിനിമകൾ ഉണ്ടാകുന്നത് എന്ന് പറയുന്നതു പോലെ സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശമുള്ള, എന്നാൽ മറ്റു ജോലികൾ ചെയ്തു വരുന്ന സുഹൃത്തുക്കളും ഈ ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. ചിത്രത്തിന്റെ സംവിധായകനായ രാജേഷ് ജെയിംസ് 2014ൽ സ്വിസ് മലയാളി കമ്മ്യൂണിറ്റി നടത്തിയ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ വിജയി ആയിരുന്നു. പ്രശസ്ത സംവിധായകൻ ബ്ലെസ്സി ജൂറി ചെയർമാൻ ആയിരുന്ന ഫെസ്റ്റിവലിൽ ഓഡിയൻസ് ഫേവറൈറ്റ് പ്രൈസും ലഭിച്ചത് രാജേഷ് ജെയിംസ് സംവിധാനം ചെയ്ത 'നാണയം' എന്ന ചിത്രത്തിനായിരുന്നു. 'വീ ആർ എന്ന ചിത്രത്തിലൂടെ ഇതേ വിജയം 2015ലും ആവർത്തിച്ച രാജേഷ് ജെയിംസ് അതിനു ശേഷം വിഷ്വൽ മീഡിയയിൽ നിന്നും കുറച്ചു കാലം മാറി നിന്ന് എഴുത്തിലേക്ക് കൂടുതൽ ശ്രദ്ധ നൽകി. കാലം നൽകിയ ജീവിത അനുഭവങ്ങളിലൂടെ കൂടുതൽ കരുത്തോടെ ഒരു പതിറ്റാണ്ടിന് ശേഷം വീണ്ടും സിനിമയെ സ്നേഹിക്കുന്ന തന്റെ സുഹൃത്തുക്കൾക്കൊപ്പം അഭ്രപാളികളിൽ വിസ്മയം തീർക്കാൻ കടന്നു വരികയാണ് 'ത്രിലോക'യിലൂടെ.

സന്ദീപ് എബ്രഹാം ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. സ്വിറ്റ്സർലൻഡിലെ ചലച്ചിത്രമേഖലയിൽ ശ്രദ്ധേയനായ സന്ദീപ് അടുത്തിടെ ‘ഹോം സ്വിസ് ഹോം’ എന്ന തന്റെ ആദ്യ പൂർണദൈർഘ്യ ചിത്രം സംവിധാനം ചെയ്തിരുന്നു. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഓസ്ട്രിയയിൽ പഠനം പൂർത്തിയാക്കി നിലവിൽ ഇന്ത്യയിൽ തന്റെ സംഗീത ജീവിതം നയിക്കുന്ന അലൻ ഷോജി ആണ്. ഒരു മണിക്കൂർ 40 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൽ റോബിൻ ജോൺ ആന്റിൻകര, ജെയ്‌സൺ കരീടൻ, സുരജ് മണ്ണഞ്ചേരിൽ, ഷാജി അബ്രഹാം, ലിസി അബ്രഹാം, ദിനിയ കൊച്ചാട്ട്, ജെറി കൊച്ചാട്ട്, അർച്ചന ഫിലിപ്പ്, റോബിൻ ഫിലിപ്പ്, എഡ്വിൻ പറയമ്പിള്ളിൽ, മഞ്ജു കുന്നുംപുറത്ത്, വിജി ജയിംസ് , സംവിധായകൻ രാജേഷ് ജയിംസ് എന്നിവർക്കൊപ്പം ജിയോ ബേബിയും ചിത്രത്തിൽ ഒരു അതിഥി വേഷത്തിൽ എത്തുന്നുണ്ട്. പുതുതലമുറയുടെ ഈ ശ്രമത്തിന് എല്ലാ ആശംസകളും അർപ്പിച്ചുകൊണ്ട്, ഈ രണ്ടാം തലമുറയുടെ സ്വപ്നങ്ങൾക്കും പ്രാധാന്യമേറുന്ന ‘ത്രിലോകം’ വെള്ളിത്തിരയിൽ കാണാനുള്ള ആകാംക്ഷയിലാണ് സ്വിസ് മലയാളി സമൂഹം.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming