
മലയാളിയായ ശ്രീലക്ഷ്മി സതീഷ് നായികയായി എത്തുന്നുവെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് സാരി. രാം ഗോപാൽ വർമ അവതരിപ്പിച്ച ചിത്രം ഈ വർഷം ഫെബ്രുവരി 8ന് തിയറ്ററുകളിൽ എത്തിയിരുന്നു. പ്രമോഷൻ കാര്യങ്ങളെല്ലാം തകൃതിയായി നടന്നെങ്കിലും ചിത്രത്തിന് തിയറ്ററിൽ ശോഭിക്കാനായിരുന്നില്ല. ഒടുവിൽ റിലീസ് ചെയ്ത് അഞ്ചാം മാസം സാരി സിനിമ ഒടിടിയിലും എത്തി.
ജൂൺ 27ന് ആയിരുന്നു ഗിരി കൃഷ്ണ കമല്‍ സംവിധാനം ചെയ്ത സാരി ഒടിടി സ്ട്രീമിംഗ് ആരംഭിച്ചത്. ലയൺസ്ഗേറ്റ് പ്ലേ എന്ന പ്ലാറ്റ് ഫോമിലൂടെ ആയിരുന്നു സ്ട്രീമിംഗ്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലായിരുന്നു സ്ട്രീമിംഗ് ആരംഭിച്ചത്. ഇപ്പോഴിതാ സിനിമയ്ക്ക് മലയാളികൾക്ക് ഇടയിൽ നിന്നും ട്രോളുകളും വിമർശമവും വരികയാണ്. നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കിട്ടിരിക്കുന്നത്.
രാം ഗോപാൽ വർമയുടെ മുൻകാല ചിത്രങ്ങളെ ചൂണ്ടിക്കാട്ടിയാണ് വിമർശനങ്ങൾ. എങ്ങനെയെല്ലാം സിനിമകൾ ചെയ്തിരുന്ന ആളാണ് രാം ഗോപാൽ വർമയെന്നും ഇത്രയും മോശമാകുമെന്ന് കരുതിയില്ലെന്നുമാണ് വിമർശനങ്ങൾ. "ഞാൻ മൂപ്പരുടെ ഒരു ഫാൻ ബോയ് ആയിരുന്നു. രാത്, രാംഗീല, രക്ഷ, ഭൂത്, കോൻ ഒക്കെ കണ്ട് വണ്ടർ അടിച്ചു നിന്ന നമ്മളോട് ഇമ്മാതിരി ദ്രോഹം വേണ്ടായിരുന്നു", എന്നാണ് ഒരാൾ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. ‘ഗോപാലണ്ണാ..നമിച്ച്. സമ്പൂർണ നിരാശ സമ്മാനിച്ച ചിത്രം' എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകൾ.
ഇതിനിടയിൽ സിനിമ ആർജിവി അല്ല സംവിധാനം ചെയ്തതെന്ന് മറുപടി നൽകുന്നവരും ധാരാളമാണ്. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് രാം ഗോപാൽ വർമയാണ്. സൈക്കോളജിക്കൽ ത്രില്ലർ സിനിമയാണ് സാരി. സാരി ചുറ്റിയ യുവതിയോട് ഒരു യുവാവിന് തോന്നുന്ന അടങ്ങാത്ത അഭിനിവേശം പിന്നീട് അപകടകരമായി മാറുന്നതിന്റെ കഥയാണ് ചിത്രം പറയുന്നത്.
ഫോട്ടോ ഷൂട്ടിലൂടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയ ആളാണ് ശ്രീലക്ഷ്മി സതീഷ്. ഇവരുടെ ഫോട്ടോസ് ശ്രദ്ധയിൽപ്പെട്ട രാം ഗോപാൽ വർമ സിനിമയിൽ അഭിനയിക്കാൻ അവസരം നൽകുകയായിരുന്നു. പിന്നാലെ ശ്രീലക്ഷ്മി തന്റെ പേര് ആരാധ്യ ദേവി എന്നാക്കി മാറ്റുകയും ചെയ്തിരുന്നു.