
നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം. അതാണ് 'ജയിലറി'ലേക്ക് പ്രേക്ഷകരെ ആകർഷിച്ച പ്രധാനഘടകം. ശേഷം എത്തിയ അപ്ഡേറ്റുകളിൽ നിന്നും ചിത്രമൊരു ആക്ഷൻ എന്റർടെയ്നർ ആയിരിക്കുമെന്ന സൂചന ലഭിച്ചിരുന്നു. ഇതിനിടയിൽ ആണ് മലയാളത്തിന്റെ മോഹൻലാലും ശിവരാജ് കുമാറും ഒന്നിക്കുന്നുവെന്ന വാർത്തകൾ വരുന്നത്. ഇതോടെ ആവേശം നൂറിരട്ടിയായി വർദ്ധിച്ചു. എന്നാൽ മൂന്ന് സൂപ്പർ താരങ്ങളും ഒന്നിച്ചെത്തിയാൽ ആർക്കാകും മുൻതൂക്കം എന്ന ചർച്ചകളും സജീവമായിരുന്നു. ഒടുവിൽ ഓഗസ്റ്റ് 10ന് ചിത്രം തിയറ്ററുകളിൽ എത്തിയപ്പോൾ മുൻവിധികളെ എല്ലാം കാറ്റിൽപറത്തിയ പ്രകടനമാണ് കാഴ്ചവച്ചത്.
പത്ത് മിനിറ്റ് കാമിയോ റോളിൽ വന്ന് പോകുന്ന ശിവരാജ്കുമാറും മോഹൻലാലും രജനികാന്തിനൊപ്പം തന്നെ നിന്നു. ഓരോ ആരാധകനെയും തിയറ്ററിൽ ആവേശം കൊള്ളിക്കുന്ന ബിജിഎമ്മും കൂടി ആയപ്പോൾ സംഗതി കളറായി. ആദ്യദിനം മുതൽ മാസ് പ്രകടനം കാഴ്ചവയ്ക്കുന്ന ജയിലർ ബോക്സ് ഓഫീസുകളും കസറുകയാണ്. കേരളത്തിൽ ഉൾപ്പടെ ഭൂരിഭാഗം എല്ലാ തിയറ്ററുകളിലും ഹൗസ് ഫുൾ ഷോകളാണ് നടന്നു കൊണ്ടിരിക്കുന്നത്. ഈ നിലയിൽ ആണ് പോകുന്നതെങ്കിൽ ആദ്യവാരന്ത്യത്തിന് മുൻപ് തന്നെ 100 കോടി ക്ലബ്ബും കഴിഞ്ഞ് ജയിലർ മുന്നേറും എന്നാണ് വിലയിരുത്തലുകൾ.
തിയറ്റുകളിൽ മുത്തുവേൽ പാണ്ഡ്യനും നരസിംഹയും മാത്യുവും വർമയുമൊക്കെ കളംനിറയ്ക്കുമ്പോൾ, ജയിലർ 2 വേണമെന്ന ആവശ്യവുമായി എത്തുകയാണ് ആരാധകർ. ചിത്രത്തിന്റെ പ്രിക്വൽ വേണമെന്നാണ് ഇവരുടെ ആവശ്യം. അതായത്, ടൈഗർ മുത്തുവേൽ പാണ്ഡ്യനും നരസിംഹയും മാത്യുവും എങ്ങനെ സുഹൃത്തുക്കളായി എന്നാണ് അറിയേണ്ടത്. തീഹാർ ജയിലിൽ വച്ച് കണ്ടുമുട്ടിയവരാണോ ഈ മൂന്ന് പേരും എന്നാണ് ഉയരുന്നൊരു ചോദ്യം. അങ്ങനെ എങ്കിൽ കൊടും കുറ്റവാളികൾ ആയിരുന്നോ മാത്യുവും നരസിംഹയും ?. മുത്തുവേൽ ആണ് തന്നെ മാറ്റിയെടുത്തതെന്ന് നരസിംഹ ചിത്രത്തിൽ പറയുന്നുണ്ട്. അങ്ങനെ എങ്കിൽ ആരായിരുന്നു മാത്യു ? എന്ന ചോദ്യവും പ്രേക്ഷകർ ചോദിക്കുന്നുണ്ട്. സിനിമ ക്ലൈമാക്സിനോട് അടുക്കുമ്പോൾ തനിക്ക് പിന്നിൽ ഒട്ടനവധി പേരുണ്ടെന്ന് വർമ്മ പറയുന്നുണ്ട്. അങ്ങനെ ഒരു പോസിബിലിറ്റിയും പ്രേക്ഷകർ എടുത്ത് പറയുന്നു.
ഈ മൂന്ന് പ്രധാനകഥാപാത്രങ്ങളുടെയും പ്രീക്വൽ വന്നാൽ ബോക്സ് ഓഫീസ് റെക്കോർഡുകൾ എല്ലാം പഴങ്കഥ ആകുമെന്നും ജയിലർ 2 പ്രതീക്ഷിക്കുന്നു എന്നുമാണ് നെൽസണോടായി പ്രേക്ഷകർ പറയുന്നത്. ജയിലർ മൂന്ന് വേണമെന്ന് പറയുന്നവരും ഇക്കൂട്ടത്തിൽ ഉണ്ട്. ജയിലർ 2വിൽ മാത്യുവിന്റെയും ജയിലർ 3യിൽ നരസിംഹയുടെയും കഥ പറയണമെന്നാണ് മറ്റൊരു വിഭാഗം പറയുന്നത്. നെൽസണിന്റെ സിനിമാറ്റിക് യൂണിവേഴ്സിനായി കാത്തിരിക്കുന്നു എന്നും ഇവർ പറയുന്നു. എന്തായാലും പ്രേക്ഷകരുടെ ആവശ്യം നെൽസണും സംഘവും സാധ്യമാക്കുമോ ഇല്ലയോ എന്ന കാര്യം കാത്തിരുന്നു തന്നെ കാണേണ്ടിയിരിക്കുന്നു.
എങ്ങനെയാണ് മലയാള സിനിമയിൽ ഇത്ര നല്ല കഥകൾ ഉണ്ടാകുന്നത് ; പ്രശംസിച്ച് വിജയ് ദേവരകൊണ്ട
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..