
2025ൽ റിലീസ് ചെയ്ത് മുൻവിധികളെ എല്ലാം മാറ്റി മറിച്ചൊരു സിനിമയായിരുന്നു ധുരന്ധർ. സ്പൈ ആക്ഷന്‍ ത്രില്ലറായി ഒരുങ്ങിയ ചിത്രം ബോളിവുഡ് സിനിമയിൽ ഒരിടവേളയ്ക്ക് ശേഷം 1000 കോടി കളക്ഷൻ സമ്മാനിച്ച് പ്രേക്ഷക-നിരൂപ പ്രശംസകൾ ഒരുപോലെ നേടി. രൺവീർ സിംഗ് തകർത്താടിയ ചിത്രത്തിന്റെ രണ്ടാം ഭാഗം മാർച്ച് 19നാണ് റിലീസ് ചെയ്തത്. ആദ്യഭാഗത്തെപ്പോലെ തന്നെ ഗംഭീര പ്രതികരണങ്ങളാണ് ഈ സിനിമയ്ക്കും ലഭിക്കുന്നത്. കളക്ഷനിൽ 900 കോടിയിലധികം രൂപ ആറ് ദിവസം കൊണ്ട് ധുരന്ധർ 2നേടി കഴിഞ്ഞു.
സിനിമ തിയറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടെ ചിത്രം കുടുംബമായി തിയറ്ററിൽ പോയി കാണാൻ സാധിക്കാത്തതിന്റെ വിഷമം പങ്കിട്ടിരിക്കുകയാണ് ധുരന്ധർ 2ലെ സഹനടൻ. സിനിമ ഇതുവരെ കാണാനായില്ലെന്നും സാമ്പത്തിക ബുദ്ധിമുട്ടാണ് അതിന് കാരണമെന്നും ഇയാൾ പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ബദറുൽ ഇസ്ലാം എന്നാണ് ഇയാളുടെ പേര്. ചിത്രത്തിന്റെ അവസാന ഭാഗത്തൊരു ചെറിയ വേഷമാണ് ബദറുൽ ചെയ്തിരിക്കുന്നത്.
ഓട്ടോ ഡ്രൈവറാണ് ബദറുൽ. ദിവസേന ലഭിക്കുന്ന തുച്ഛമായ തുക കൊണ്ട് അഞ്ച് പേരടങ്ങുന്ന കുടുംബം കഴിയുന്നത്. ഒരു സിനിമയുടെ ടിക്കറ്റിന് ഏകദേശം 500 രൂപയാണ് വില വരുന്നത്. കുടുംബത്തിലെ അഞ്ച് പേരുമായി സിനിമയ്ക്ക് പോകുമ്പോൾ 2500 രൂപ മാറ്റി വയ്ക്കേണ്ടി വരും. തന്റെ കുടുംബത്തിന്റെ ഒരു മാസത്തെ വരുമാനത്തിന് തുല്യമാണ് ആ തുകയെന്ന് ബദറുൽ പറയുന്നു. ഇക്കാരണം കൊണ്ടു തന്നെ സിനിമ കാണാൻ ഇനിയും കാത്തിരിക്കാൻ ബദറുൽ തയ്യാറാണ്. വീഡിയോ വൈറലായതിന് പിന്നാലെ രൺവീർ സിംഗ്, അദിത്യ ധർ ഉൾപ്പടെയുള്ളവരെ മെൻഷൻ ചെയ്ത് ബദറുലിനും കുടുംബത്തിനും സിനിമ കാണാനുള്ള അവസരം ഒരുക്കണമെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ആവശ്യപ്പെടുന്നുണ്ട്.
അതേസമയം, ആറ് ദിവസം കൊണ്ട് 937.49 കോടി രൂപയുടെ ആഗോള കളക്ഷൻ ആണ് ധുരന്ധർ 2 നേടിയിരിക്കുന്നത്. ഇന്ത്യ ഗ്രോസ് കളക്ഷൻ 687.49 കോടിയും നെറ്റ് കളക്ഷൻ 575.72 കോടിയുമാണ്. ഓവർസീസിൽ നിന്നും 250 കോടി രൂപയും ധുരന്ധർ 2 നേടിയെന്ന് ട്രാക്കിംഗ് സൈറ്റായ സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ