പ്രണയനായകനിൽനിന്ന് വൈവിധ്യമാർന്ന ശക്തമായ കഥാപാത്രങ്ങളിലേക്ക് മാറിയ കുഞ്ചാക്കോ ബോബൻ മലയാള സിനിമയിൽ തനതായ ഇടം നേടി. സൂക്ഷ്മമായ അഭിനയശൈലിയും വ്യത്യസ്തമായ വേഷങ്ങളും അദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നു. 'ഹെയിൽ മേരി'യാണ് പുതിയ ചിത്രം.
മലയാള സിനിമയിൽ ചില നടന്മാരുണ്ട്. അവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ സിനിമ കഴിഞ്ഞാലും പ്രേക്ഷകരുടെ മനസ്സിൽ ജീവിക്കും. ചിലപ്പോൾ അവരുടെ ചിരി, മറ്റു ചിലപ്പോൾ നോട്ടം, നിശ്ശബ്ദത, നിസ്സഹായത, അതി ജീവനത്തിനായുള്ള പോരാട്ടം... അങ്ങനെ പലതും കഥാപാത്രങ്ങളെ പ്രേക്ഷകരുടെ ജീവിതത്തിന്റെ ഭാഗമാക്കും. കുഞ്ചാക്കോ ബോബൻ അത്തരമൊരു നടനായി മാറിയിട്ട് കാലമേറെയായി.
ഒരു കാലത്ത് മലയാളികളുടെ പ്രണയസങ്കൽപ്പങ്ങളുടെ മുഖമായിരുന്നു കുഞ്ചാക്കോ ബോബൻ. 'അനിയത്തിപ്രാവ്' എന്ന ഒറ്റ ചിത്രത്തിലൂടെ യുവതലമുറയുടെ ഹൃദയത്തിൽ ഇടംപിടിച്ച താരം. 'നിറം', 'ദോസ്ത്', 'കസ്തൂരിമാൻ' തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രണയ നായകൻ / ചോക്ലേറ്റ് നായകൻ എന്ന വിശേഷണം ഉറപ്പിച്ചു. എന്നാൽ ആ വിശേഷണത്തിൽ ഒതുങ്ങിനിൽക്കാൻ അദ്ദേഹം തയ്യാറായില്ല. പിന്നീട് മലയാള സിനിമ കണ്ടത് സ്വന്തം താരപരിവേഷത്തെത്തന്നെ വെല്ലുവിളിച്ചുകൊണ്ട് കഥാപാത്രങ്ങളുടെ വ്യത്യസ്ത ലോകങ്ങളിലേക്ക് സഞ്ചരിക്കുന്ന ഒരു നടനെയാണ്.

കുഞ്ചാക്കോ ബോബന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ പ്രത്യേകത കഥാപാത്രങ്ങളുടെ വൈവിധ്യം മാത്രമല്ല, ഓരോ കഥാപാത്രത്തിന്റെയും മാനസികാവസ്ഥകളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള അദ്ദേഹത്തിന്റെ ശ്രമം കൂടിയാണ്. സന്തോഷിക്കുന്ന ഒരാൾ, ഉള്ളിൽ ഭയം ഒളിപ്പിക്കുന്ന മനുഷ്യൻ, കുറ്റബോധം പേറുന്ന വ്യക്തി, വ്യവസ്ഥിതിയോട് പോരാടുന്ന സാധാരണക്കാരൻ, സ്വന്തം ജീവിതത്തിലെ പ്രതിസന്ധികളിൽ പെട്ടുപോകുന്ന മനുഷ്യൻ... ഇവരെയെല്ലാം അവതരിപ്പിക്കുമ്പോൾ ഒരേ അഭിനയശൈലി ആവർത്തിക്കാതിരിക്കാൻ അദ്ദേഹം ശ്രദ്ധിക്കുന്നു.
കുഞ്ചാക്കോ ബോബന്റെ അഭിനയത്തിലെ മാറ്റം വ്യക്തമായി കാണാനാകുന്ന ചിത്രമാണ് 'ട്രാഫിക്'. ഡോ. ഏബൽ തരിയൻ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകർ കണ്ടത് പഴയ പ്രണയനായകന്റെ പതിവ് ഭാവങ്ങളായിരുന്നില്ല. വ്യക്തിജീവിതത്തിലെ സംഘർഷങ്ങളും വൈകാരികമായ തകർച്ചകളും ഉള്ളിൽ പേറുന്ന ഒരു ഡോക്ടറെയാണ് അദ്ദേഹം അവതരിപ്പിച്ചത്. കഥാപാത്രത്തിന്റെ വേദനയെ വലിയ സംഭാഷണങ്ങളിലൂടെ അവതരിപ്പിക്കുന്നതിനുപകരം നിശ്ശബ്ദതയിലും മുഖഭാവങ്ങളിലും പ്രകടിപ്പിക്കാനായിരുന്നു ശ്രമം.
'ടേക്ക് ഓഫ്'ൽ ഷഹീദായി എത്തിയപ്പോൾ മറ്റൊരു മാനസികാവസ്ഥയിലേക്കാണ് അദ്ദേഹം പ്രവേശിച്ചത്. ഇറാഖിൽ കുടുങ്ങിപ്പോയ മലയാളി നഴ്സുമാരുടെ അതിജീവനത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രത്തിൽ ഉത്തരവാദിത്വങ്ങളും മനുഷ്യബന്ധങ്ങളും സംഘർഷങ്ങളും നിറഞ്ഞ കഥാപാത്രമായിരുന്നു ഷഹീദ്. പാർവതി തിരുവോത്തിന്റെ കഥാപാത്രത്തിന് പ്രാധാന്യമുള്ള കഥയിൽ സ്വന്തം കഥാപാത്രത്തിന്റെ പ്രസക്തി തിരിച്ചറിഞ്ഞുള്ള പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. നായകന്റെ പ്രാധാന്യത്തേക്കാൾ സിനിമയുടെ പ്രമേയത്തിന് പ്രാധാന്യം നൽകുന്ന സമീപനത്തിന്റെ ഉദാഹരണം കൂടിയായിരുന്നു ഇത്.
'അഞ്ചാം പാതിരാ'യിലെ ഡോ. അൻവർ ഹുസൈൻ കുഞ്ചാക്കോ ബോബന്റെ മറ്റൊരു അഭിനയമുഖമാണ്. കുറ്റാന്വേഷണത്തിൽ താൽപര്യമുള്ള ക്രിമിനോളജിസ്റ്റ് എന്ന നിലയിൽ നിരീക്ഷണവും യുക്തിചിന്തയും ശാന്തമായ പെരുമാറ്റവുമാണ് കഥാപാത്രത്തിന്റെ കരുത്ത്. അന്വേഷണത്തിന്റെ സങ്കീർണതകൾക്കൊപ്പം പ്രേക്ഷകരെയും മുന്നോട്ടുകൊണ്ടുപോകാൻ കഥാപാത്രത്തിന് സാധിച്ചു. ഒരു ത്രില്ലർ സിനിമയിൽ നായകന്റെ അമിതമായ പ്രകടനങ്ങളേക്കാൾ ബുദ്ധിപരമായ ഇടപെടലുകൾക്കും പ്രാധാന്യമുണ്ടെന്ന് ഈ കഥാപാത്രം കാണിച്ചുതന്നു.
'നായാട്ട്'യിലെ പ്രവീൺ മൈക്കിൾ മറ്റൊരു തരത്തിലുള്ള മാനസിക സംഘർഷത്തിന്റെ പ്രതിനിധിയാണ്. പൊലീസ് ഉദ്യോഗസ്ഥനായിരിക്കുമ്പോഴും അധികാരവ്യവസ്ഥയുടെയും രാഷ്ട്രീയ സമ്മർദങ്ങളുടെയും നടുവിൽ നിസ്സഹായനാകുന്ന മനുഷ്യൻ. ജീവൻ രക്ഷിക്കാനുള്ള ഓട്ടത്തിനിടയിൽ സ്വന്തം നിലനിൽപ്പിനെയും നീതിബോധത്തെയും ചോദ്യം ചെയ്യേണ്ടിവരുന്ന അവസ്ഥ. ഭയവും ആശങ്കയും കുറ്റബോധവും അതിജീവനത്തിനുള്ള ത്വരയും ഒരേസമയം പ്രകടിപ്പിക്കേണ്ട കഥാപാത്രമായിരുന്നു അത്. വലിയ വീരപരിവേഷമില്ലാതെ സാധാരണ മനുഷ്യന്റെ ദൗർബല്യങ്ങൾ അവതരിപ്പിച്ച രീതിയാണ് പ്രവീൺ മൈക്കിളിനെ ശ്രദ്ധേയനാക്കിയത്.

'പട'യിലെ രാകേഷ് കാഞ്ഞങ്ങാട് ഇതിൽനിന്നെല്ലാം വ്യത്യസ്തനാണ്. രാഷ്ട്രീയ നിലപാടുകളും സാമൂഹികമായ അസ്വസ്ഥതകളും ഉള്ളിൽ സൂക്ഷിക്കുന്ന കഥാപാത്രം. ആദിവാസി ഭൂമിപ്രശ്നം ഉയർത്തിക്കാട്ടി അയ്യങ്കാളിപ്പട പാലക്കാട് കലക്ടറെ ബന്ദിയാക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ സിനിമയിൽ താരത്തിന്റെ വ്യക്തിഗത ഇമേജിനേക്കാൾ കഥാപാത്രത്തിന്റെ രാഷ്ട്രീയ സ്വഭാവത്തിനാണ് പ്രാധാന്യം ലഭിച്ചത്.
എന്നാൽ കുഞ്ചാക്കോ ബോബന്റെ അഭിനയപരിണാമം ഏറ്റവും ജനകീയമായി പ്രകടമായത് 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിലൂടെയാണ്. കൊഴുമ്മൽ രാജീവൻ എന്ന കഥാപാത്രം മലയാളികൾക്ക് പരിചിതമായ ഒരു സാധാരണക്കാരന്റെ രൂപമായിരുന്നു. കള്ളനെന്ന പഴയ പ്രതിച്ഛായയുള്ള ഒരാൾ, ഒരു നായ കടിച്ചതിനെത്തുടർന്ന് നീതിക്കുവേണ്ടി കോടതിയിൽ പോരാടുന്നു. അയാളുടെ ശരീരഭാഷയും സംസാരശൈലിയും നിഷ്കളങ്കതയും നർമബോധവും എല്ലാം കഥാപാത്രത്തിന് സ്വന്തമായ വ്യക്തിത്വം നൽകി. പ്രേക്ഷകർ രാജീവനെ ഇഷ്ടപ്പെട്ടത് അയാൾ ഒരു സിനിമാനായകനായതുകൊണ്ടല്ല, നമുക്കിടയിൽ ജീവിക്കുന്ന ഒരാളായി തോന്നിയതുകൊണ്ടാണ്.
'അറിയിപ്പി'ലെ ഹരീഷ് മറ്റൊരു ലോകത്തുനിന്നുള്ള മനുഷ്യനാണ്. തൊഴിൽപരമായും വ്യക്തിപരമായും പ്രതിസന്ധികളിൽപ്പെടുന്ന ഒരാൾ. ഭാര്യയുമായുള്ള ബന്ധത്തിലെ വിശ്വാസത്തകർച്ചയും സാമൂഹിക സാഹചര്യങ്ങളും അയാളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നതിന്റെ സൂക്ഷ്മമായ ആവിഷ്കാരമാണ് ചിത്രം. ഇവിടെ കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത് എല്ലാ ചോദ്യങ്ങൾക്കും ഉത്തരമുള്ള നായകനെയല്ല. സ്വന്തം ജീവിതത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാൻ ശ്രമിക്കുന്ന, ചിലപ്പോൾ തെറ്റുകൾ ചെയ്യുന്ന, ചിലപ്പോൾ നിസ്സഹായനാകുന്ന ഒരു മനുഷ്യനെയാണ്.
'2018'ൽ ഷാജി പുന്നൂസായും 'വൈറസി'ൽ ഡോ. സുരേഷ് രാജനായും എത്തിയപ്പോൾ യഥാർഥ ജീവിതവുമായി ബന്ധമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള അവസരമാണ് അദ്ദേഹത്തിന് ലഭിച്ചത്. അതേസമയം 'ബീമന്റെ വഴി'യിലെ ബീമൻ, 'ബൊഗെയ്ൻവില്ല'യിലെ റോയ്സ് തോമസ്, 'ഓഫീസർ ഓൺ ഡ്യൂട്ടി'യിലെ ഹരിശങ്കർ തുടങ്ങിയ കഥാപാത്രങ്ങൾ അദ്ദേഹത്തിന്റെ അഭിനയപരിധിയിലെ മറ്റൊരു വശം തുറന്നുകാട്ടി.
കുഞ്ചാക്കോ ബോബന്റെ കഥാപാത്രങ്ങളോട് പ്രേക്ഷകർക്ക് അടുപ്പം തോന്നുന്നതിന് പ്രധാന കാരണം അവയിൽ കാണുന്ന മനുഷ്യസഹജമായ ദൗർബല്യങ്ങളാണ്. അദ്ദേഹം അവതരിപ്പിക്കുന്ന എല്ലാവരും വിജയികളോ ധീരന്മാരോ ബുദ്ധിമാന്മാരോ ആയിരിക്കണമെന്നില്ല. ചിലർ പരാജയപ്പെടുന്നു, ചിലർ തെറ്റായ തീരുമാനങ്ങളെടുക്കുന്നു, ചിലർ ഭയപ്പെടുന്നു, മറ്റു ചിലർക്ക് സ്വന്തം ജീവിതം പോലും നിയന്ത്രിക്കാൻ കഴിയുന്നില്ല.
അദ്ദേഹത്തിന്റെ അഭിനയത്തിലെ മറ്റൊരു പ്രത്യേകത നിയന്ത്രിതമായ പ്രകടനമാണ്. വികാരങ്ങൾ പ്രകടിപ്പിക്കാൻ എല്ലായ്പ്പോഴും ശബ്ദമുയർത്തുകയോ അമിതമായ മുഖഭാവങ്ങൾ കാണിക്കുകയോ ചെയ്യുന്നില്ല. ചില കഥാപാത്രങ്ങളിൽ നിശ്ശബ്ദതയ്ക്കും കണ്ണുകളിലെ ഭാവത്തിനും ശരീരഭാഷയ്ക്കും കൂടുതൽ പ്രാധാന്യമുണ്ട്. കഥാപാത്രത്തിന്റെ ഉള്ളിൽ നടക്കുന്ന സംഘർഷം പ്രേക്ഷകന് സ്വയം വായിച്ചെടുക്കാനുള്ള ഇടം അദ്ദേഹം നൽകുന്നു.
കൂടാതെ, തന്റെ പഴയ താരപ്രതിച്ഛായയെ കഥാപാത്രങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുന്നില്ല. കഥാപാത്രത്തിന് ആവശ്യമായ രൂപമാറ്റങ്ങൾക്കും സംസാരശൈലിയിലെ വ്യത്യാസങ്ങൾക്കും തയ്യാറാകുന്നു. ഹാസ്യവും വൈകാരികതയും ത്രില്ലറും രാഷ്ട്രീയവും ഒരുപോലെ കൈകാര്യം ചെയ്യാൻ കഴിയുന്നതും ഈ വൈവിധ്യത്തിന്റെ ഭാഗമാണ്. മറ്റൊരു പ്രധാന കാര്യം കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പാണ്. നായകനായി മാത്രം നിൽക്കുന്നതിനുപകരം കഥയുടെ സ്വഭാവത്തിന് അനുയോജ്യമായ വേഷങ്ങൾ സ്വീകരിക്കാൻ അദ്ദേഹം തയ്യാറാകുന്നു. ചില സിനിമകളിൽ മറ്റൊരു കഥാപാത്രത്തിനാണ് കൂടുതൽ പ്രാധാന്യമെങ്കിൽ അതിനെയും അംഗീകരിക്കുന്നു. ഈ തീരുമാനങ്ങളാണ് നടനെന്ന നിലയിൽ അദ്ദേഹത്തിന്റെ വിശ്വാസ്യത വർധിപ്പിച്ചത്.
ഇപ്പോൾ കുഞ്ചാക്കോ ബോബന്റെ അഭിനയയാത്രയിൽ ശ്രദ്ധ നേടുന്ന പുതിയ ചിത്രമാണ് 'ഹെയിൽ മേരി'. നവംബർ 26ന് റിലീസിനെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു രവികുമാറാണ്. ചിത്രത്തിന്റെ പ്രമേയം തന്നെ കൗതുകമുണർത്തുന്നതാണ്. സ്കൂൾ ബസ് ഡ്രൈവറായ മധുചന്ദ്രന്റെ ജീവിതം 23 വർഷം പഴക്കമുള്ള ഒരു പെൺകുട്ടിയുടെ തിരോധാനക്കേസ് കേരള പൊലീസ് വീണ്ടും അന്വേഷിക്കാൻ തീരുമാനിക്കുന്നതോടെ മാറിമറിയുന്നു. ഇതോടെ മധുചന്ദ്രന്റെ ജീവിതത്തിലേക്ക് പഴയകാല സംഭവങ്ങളും സംശയങ്ങളും പുതിയ സംഘർഷങ്ങളും കടന്നുവരുന്നു.
ഇവിടെ ശ്രദ്ധേയമാകുന്നത് കഥാപാത്രത്തിന്റെ സാമൂഹിക പശ്ചാത്തലമാണ്. സ്കൂൾ ബസ് ഡ്രൈവർ എന്ന സാധാരണ തൊഴിൽ ചെയ്യുന്ന ഒരാൾ. അയാളുടെ ജീവിതത്തെ ബാധിക്കുന്ന ഒരു പഴയ കേസ്. ഒരു സാധാരണ മനുഷ്യന്റെ ജീവിതത്തിലേക്ക് നിയമവ്യവസ്ഥയും ഭൂതകാലവും കടന്നുവരുമ്പോൾ അയാൾ നേരിടേണ്ടിവരുന്ന മാനസിക സംഘർഷങ്ങളാണ് സിനിമയുടെ പ്രധാന കൗതുകം. കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന മധുചന്ദ്രൻ അദ്ദേഹത്തിന്റെ മുൻകാല കഥാപാത്രങ്ങളിൽനിന്ന് എത്രത്തോളം വ്യത്യസ്തനായിരിക്കുമെന്നതാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. ഒരു കുറ്റാന്വേഷണ കഥയിലെ പ്രധാന കഥാപാത്രമാകുമ്പോഴും അയാളുടെ ഉള്ളിലെ ഭയവും ആശങ്കയും നിസ്സഹായതയും പ്രേക്ഷകരിലേക്ക് എത്തിക്കാൻ നടന് കഴിയുമോ എന്നതും കാത്തിരുന്ന് കാണേണ്ടതാണ്.

ജി.ആർ. ഇന്ദുഗോപന്റെ കഥയ്ക്ക് ഡോ. നീരജ് രാജനും മാർട്ടിൻ പ്രക്കാട്ടും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിഷ്ണു രേവികുമാർ സംവിധാനം ചെയ്യുന്ന ചിത്രം മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ഗ്രീൻ റൂം പ്രൊഡക്ഷൻസും ചേർന്നാണ് നിർമിക്കുന്നത്. ജേക്സ് ബിജോയ് സംഗീതവും റോബി വർഗീസ് രാജ് ഛായാഗ്രഹണവും നിർവഹിക്കുന്നു. സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, അനു സിത്താര, വിനയ് ഫോർട്ട്, സുഹാസിനി മണിരത്നം, ഹക്കീം ഷാ, കാവ്യ രാമചന്ദ്രൻ എന്നിവരും ചിത്രത്തിലുണ്ട്.
'അനിയത്തിപ്രാവി'ലെ പ്രണയനായകനിൽനിന്ന് 'നായാട്ടി'ലെ ഭയന്നുവിറയ്ക്കുന്ന പൊലീസ് ഉദ്യോഗസ്ഥനിലേക്കും 'ന്നാ താൻ കേസ് കൊടി'ലെ സാധാരണക്കാരനിൽനിന്ന് 'അഞ്ചാം പാതിരാ'യിലെ ബുദ്ധിശാലിയായ കുറ്റാന്വേഷകനിലേക്കും ഓഫീസർ ഓൺ ഡ്യൂട്ടിയിലെ ഓഫീസറും അദ്ദേഹം നടത്തിയ യാത്ര അതിന്റെ തെളിവാണ്. ഒരു നടന്റെ വിജയം അയാളുടെ മുഖം പ്രേക്ഷകർക്ക് എത്ര പരിചിതമാണ് എന്നതിലല്ല, അയാൾ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെ എത്രത്തോളം പ്രേക്ഷകർ സ്വന്തം ജീവിതവുമായി ബന്ധിപ്പിക്കുന്നു എന്നതിലാണ്. ആ അർഥത്തിൽ കുഞ്ചാക്കോ ബോബൻ ഇന്ന് മലയാള സിനിമയിൽ വേറിട്ടൊരു ഇടം നേടിയിട്ടുണ്ട്.
പ്രണയനായകനായി ആരാധിച്ചവർ ഇന്ന് അദ്ദേഹത്തിലെ അഭിനേതാവിനെ ഇഷ്ടപ്പെടുന്നു. പുതിയ തലമുറ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പുകളെ ശ്രദ്ധിക്കുന്നു. ഓരോ സിനിമയിലും പഴയ കുഞ്ചാക്കോ ബോബനെ മറന്ന് പുതിയൊരു മനുഷ്യനായി മുന്നിലെത്താനുള്ള ഈ കഴിവാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ കരുത്ത്. 'ഹെയിൽ മേരി'യിലെ മധുചന്ദ്രനും പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിക്കുന്ന മറ്റൊരു കഥാപാത്രമായി മാറുമോ? ആകാംക്ഷയോടെ കാത്തിരിക്കാം.













