
'കഥാന്ത്യത്തില്‍ കലങ്ങിത്തെളിയണം. നായകന്‍ വില്ലൊടിക്കണം. കണ്ണീര് നീങ്ങി കളിചിരിയിലാവണം ശുഭം. കയ്യടി പുറകേ വരണം. എന്തിനാണ് ഹേ ഒരു ചോദ്യമോ ദുഃഖമോ ബാക്കിവയ്ക്കുന്നത്. തിരശീലയില്‍ നമ്മുക്കീ കണ്‍കെട്ടും കാര്‍ണിവലും മതി..'
മലയാള സിനിമയുടെ പ്രിയ എഴുത്തുകാരനും സംവിധായകനുമായ സച്ചി ഓര്‍മയായിട്ട് ആറുവർഷം പിന്നിടുന്നു. സച്ചിയുടെ എഴുത്തിന്റെ ശൂന്യത മലയാള സിനിമയുടെ തിരശ്ശീലയില്‍ പ്രകടമായി തെളിഞ്ഞ വര്‍ഷങ്ങള്‍ കൂടിയാണ് ഈ കടന്നു പോയത്. കഥ പറഞ്ഞു ഫലിപ്പിക്കാന്‍ എനിക്കറിയില്ലെങ്കിലും അതെഴുതി ഫലിപ്പിക്കാന്‍ എനിക്ക് നന്നായി അറിയാമെന്ന സച്ചിയുടെ ഉറപ്പ് മലയാളിക്ക് അനുഭവിച്ചറിയാന്‍ വിധി കരുതിയത് വെറും 13 വർഷം മാത്രമായിരുന്നു. പക്ഷേ അത്രയും കാലം മതിയായിരുന്നു സച്ചിക്ക് കാലാതീതനാകാന്‍.
എട്ടു വർഷം ഹൈക്കോടതിയിൽ അഭിഭാഷകനായിരുന്നു സച്ചി. പിന്നീട് ചങ്ങാതി സേതുവുമായി കൈകോര്‍ത്ത് ഒരിക്കല്‍ മാറ്റിവച്ച സ്വപ്നമായിരുന്ന സിനിമയിലേക്ക് എത്തി. 2007ൽ പൃഥ്വിരാജ് നായകനായി എത്തിയ ചോക്ലേറ്റിലൂടെ ആയിരുന്നു തുടക്കം. തുടർന്ന് സച്ചി- സേതു എന്നീ പേരുകളും നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഫോർമുലയിൽ ഇടം പിടിച്ചു. 'റോബിൻ ഹുഡ്', 'മേക്കപ് മാൻ', 'സീനിയേഴ്‍സ്', തുടങ്ങി ഒരുപിടി ചിത്രങ്ങൾ സച്ചി സേതു കൂട്ടുകെട്ടിലെത്തി.
സിനിമ സങ്കല്‍പ്പങ്ങൾ വ്യത്യസ്‍തമാണെന്ന് തിരിച്ചറിഞ്ഞതോടെ ആ കൂട്ടുകെട്ട് പിരിഞ്ഞു. 2012ൽ 'റണ്‍ ബേബി റണ്‍' എന്ന മോഹൻലാൽ ചിത്രമാണ് സച്ചിയുടെ ആദ്യത്തെ സ്വാതന്ത്ര തിരക്കഥ. ബിജു മേനോൻ ചിത്രമായ 'ചേട്ടായീസി'ൽ നിർമ്മാതാക്കളിൽ ഒരാളായും സച്ചിയെ കണ്ടു. 2015ൽ 'അനാർക്കലി' എന്ന ചിത്രത്തിലൂടെയാണ് താൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ച സംവിധാന രംഗത്തേക്ക് സച്ചി എത്തുന്നത്. പിന്നീട് ഒരു ഇടവേളക്ക് ശേഷം 'അയ്യപ്പനും കോശി'യും എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമയിൽ സ്ഥാനം ഊട്ടി ഉറപ്പിച്ചതിന് തൊട്ട് പിന്നാലെയായിരുന്നു അകാലവിയോഗം. അപ്രതീക്ഷിത മരണം അറിഞ്ഞവരെല്ലാം ഒരുപോലെ പറഞ്ഞു സച്ചി തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ.
പതിമൂന്ന് വര്‍ഷത്തെ സിനിമാജീവിതത്തില്‍ നേടിയതിനേക്കാള്‍ പ്രേക്ഷകരുടെ സ്‍നേഹബഹുമാനങ്ങള്‍ സച്ചി, അയ്യപ്പനും കോശിയും കൊണ്ടു നേടിയെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. സച്ചി എന്ന ചലച്ചിത്രകാരന്‍റെ ഇനിയുള്ള ചിത്രങ്ങള്‍ക്കായി കാത്തിരിക്കാന്‍ ഒരുപാട് പുതിയ പ്രേക്ഷകരെ അദ്ദേഹത്തിനു നേടിക്കൊടുത്തിരുന്നു ചിത്രം. സച്ചിയുടെ തൂലികയില്‍ നിന്ന് ഇനിയും ജീവനുള്ള ഒരുപാട് ഗംഭീര സിനിമാക്കഥകള്‍ വരാനിരിക്കുന്നതേയുള്ളൂവെന്ന് സുഹൃത്തുക്കളും 'അയ്യപ്പനും കോശിയും' പ്രമോഷണ്‍ അഭിമുഖങ്ങളില്‍ ആവര്‍ത്തിച്ചു പറഞ്ഞു. ആ കാത്തിരിപ്പുകളൊക്കെ വിഫലമാക്കിക്കൊണ്ടാണ് സച്ചി എന്ന കെ ആര്‍ സച്ചിദാനന്ദന്‍ 48-ാം വയസ്സില്‍ പൊടുന്നനെ മാഞ്ഞുപോയത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ