Bheemla Nayak trailer : 'അയ്യപ്പനും കോശി'യും ഇങ്ങനെയായിരിക്കും തെലുങ്കില്‍, 'ഭീംല നായക്' ട്രെയിലര്‍

honey R K   | Asianet News
Published : Feb 21, 2022, 10:27 PM ISTUpdated : Feb 21, 2022, 10:36 PM IST
Bheemla Nayak trailer : 'അയ്യപ്പനും കോശി'യും ഇങ്ങനെയായിരിക്കും തെലുങ്കില്‍, 'ഭീംല നായക്' ട്രെയിലര്‍

Synopsis

'ഭീംല നായക്' ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.

മലയാളത്തിലെ ഹിറ്റ് ചിത്രമായിരുന്നു 'അയ്യപ്പനും കോശിയും' (Ayyappanum Koshiyum). സച്ചി സംവിധാനം ചെയ്‍ത 'അയ്യപ്പനും കോശിയു'ടെയും തെലുങ്ക് റീമേക്കാണ് 'ഭീംല നായക്'. പ്രഖ്യാപനം മുതലേ ചിത്രത്തിന്റെ വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമായി മാറിയിരുന്നു.  'ഭീംല നായക്' ചിത്രത്തിന്റെ ട്രെയിലര്‍ (Bheemla Nayak trailer) പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.

മലയാളത്തിലെ അതേപടിയായിരിക്കില്ല ചിത്രം തെലുങ്കില്‍ എത്തുക. തെലുങ്ക് പ്രേക്ഷകര്‍ക്ക് ഇഷ്‍ടപ്പെടുന്ന തരത്തില്‍ മാറ്റങ്ങള്‍ വരുത്തിയാകും ചിത്രം എത്തുക എന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നു. എന്തായാലും മലയാളികളും കാത്തിരിക്കുന്ന ചിത്രമാണ് 'ഭീംല നായക്'. പവൻ കല്യാണും റാണ ദഗുബാട്ടിയും പ്രധാന വേഷങ്ങളില്‍ എത്തുന്ന' ഭീംല നായക്' ഫെബ്രുവരി 25നാണ് തിയറ്ററുകളില്‍ എത്തുക.

സാഗര്‍ കെ ചന്ദ്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൂര്യദേവര നാഗ വംശിയാണ് നിര്‍മാതാവ്. സിത്താര എന്റര്‍ടെയ്‍ൻമെന്റ്‍സിന്റെ ബാനറിലാണ് നിര്‍മാണം.  സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. 

പവന്‍ കല്ല്യാണാണ് ബിജു മേനോന്‍റെ 'അയ്യപ്പന്‍ നായര്‍' എന്ന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പൃഥ്വിരാജിന്റെ കഥാപാത്രത്തെയാണ് റാണ ദഗുബാട്ടി അവതരിപ്പിക്കുന്നത്. നിത്യ മേനോനും സംയുക്താ മേനോനുമാണ് നായികമാർ. ചിത്രത്തിന് രവി കെ ചന്ദ്രൻ ഛായാഗ്രഹണവും തമൻ സംഗീത സംവിധാനവും നിർവ്വഹിക്കുന്നു. റാം ലക്ഷ്‍മണ്‍ ആണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രഫി. 

രണ്ട് ടൈറ്റില്‍ കഥാപാത്രങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യമുള്ള ചിത്രമായിരുന്നു സച്ചി സംവിധാനം ചെയ്‍ത 'അയ്യപ്പനും കോശി'യുമെങ്കില്‍ തെലുങ്കില്‍ പവന്‍ കല്യാണിന്‍റെ കഥാപാത്രത്തിനായിരിക്കും കൂടുതല്‍ പ്രാധാന്യം. ഹൈദരാബാദ് ഗച്ചിബൗളിയിലുള്ള അലൂമിനിയം ഫാക്റ്ററിയില്‍ സെറ്റ് ഇട്ടാണ് സിനിമയില്‍ ഏറെ പ്രാധാന്യമുള്ള ഫൈറ്റ് ഷൂട്ട് ചെയ്‍തത്.

'ഭീംല നായകി'നായി കെ എസ് ചിത്ര പാടിയ ഗാനം വൻ ഹിറ്റായിരുന്നു.  'അന്തയിഷ്‍ടം' എന്നു തുടങ്ങുന്ന ഗാനമാണ് കെ എസ് ചിത്ര പാടിയത്. രാമജോഗയ്യ ശാസ്‍ത്രിയാണ് വരികള്‍ എഴുതിയത്. എസ തമന്റെ സംഗീത സംവിധാനത്തില്‍ എത്തിയ മനോഹരമായ മെലഡിയാണ് ഇതെന്നായിരുന്നു അഭിപ്രായങ്ങള്‍.


Read More: 'സൗണ്ട് ഓഫ് ഭീംല'; തെലുങ്കിലെ 'അയ്യപ്പന്‍ നായരു'ടെ അവതരണ ഗാനം

ഹിന്ദിയും 'അയ്യപ്പനും കോശി'യും റീമേക്ക് ചെയ്യുന്നുണ്ട്. ബോളിവുഡിലിലെ 'അയ്യപ്പനും കോശി'യുമായി എത്തുന്നത് ജോണ്‍ എബ്രഹാമും അഭിഷേക് ബച്ചനും ആണെന്നായിരുന്നു റിപ്പോർട്ടുകൾ. ഇതനുസരിച്ചാണെങ്കിൽ 13 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ജോൺ എബ്രഹാമും അഭിഷേകും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും  ചിത്രത്തിന് ഉണ്ടാകും. തമിഴിൽ കാര്‍ത്തിയും പാര്‍ഥിപനുമാണ് പൃഥ്വിരാജും ബിജു മേനോനും അവതരിപ്പിച്ച ടൈറ്റില്‍ റോളുകളില്‍ എത്തുകയെന്നാണ് വിവരം. 

മലയാളത്തില്‍ 2020ൽ ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയ ചിത്രമായിരുന്നു 'അയ്യപ്പനും കോശിയും'. സച്ചി തിരക്കഥ എഴുതി സംവിധാനം ചെയ്‍ത ചിത്രം ഒരിടവേളയ്‍ക്ക് ശേഷം മലയാളത്തില്‍ വന്ന തിരക്കഥയുടെ ബലത്തിലുള്ള മാസ് സിനിമയായിരുന്നു ഇത്. പൃഥ്വിയും സച്ചിയും ഒന്നിച്ച രണ്ടാമത്തെ ചിത്രവും ഇതായിരുന്നു. സച്ചി ആദ്യമായി സംവിധാനം ചെയ്‍ത ചിത്രമായ 'അനാര്‍ക്കലി' പൃഥ്വിരാജിന്റെ കരിയറിലെ വിജയ ചിത്രങ്ങളിലൊന്നായിരുന്നു. 'അയ്യപ്പനും കോശിയും' തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുമ്പോഴാണ് സച്ചി അകാലത്തില്‍ അന്തരിക്കുന്നത്.

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ