'സ്‍ഫടിക'ത്തിനു മുന്‍പേ ഡിജിറ്റല്‍ ആയി 'ബാബ'; മൂന്ന് ദിവസത്തെ കളക്ഷന്‍

Published : Dec 14, 2022, 01:20 PM IST
'സ്‍ഫടിക'ത്തിനു മുന്‍പേ ഡിജിറ്റല്‍ ആയി 'ബാബ'; മൂന്ന് ദിവസത്തെ കളക്ഷന്‍

Synopsis

പടയപ്പയുടെ വന്‍ വിജയത്തിനു ശേഷം രജനീകാന്തിന്‍റേതായി പ്രദര്‍ശനത്തിനെത്തിയ ചിത്രം

കാലം മാറിയാലും പ്രേക്ഷകശ്രദ്ധയില്‍ നിലനില്‍ക്കുന്ന ചില പഴയ ചിത്രങ്ങള്‍ പുതിയ സാങ്കേതികവിദ്യ അനുസരിച്ച് പുതുക്കപ്പെട്ട് പ്രദര്‍ശനത്തിനെത്തുന്നത് ഇന്നൊരു പുതുമയല്ല. മലയാളത്തില്‍ ഭദ്രന്‍- മോഹന്‍ലാല്‍ ടീമിന്‍റെ സ്ഫടികം ആണ് പ്രേക്ഷകര്‍ അത്തരത്തില്‍ കാത്തിരിക്കുന്ന ഒരു റിലീസ്. എന്നാല്‍ തമിഴില്‍ അത്തരത്തില്‍ ഒരു ചിത്രം കഴിഞ്ഞ ദിവസം പ്രദര്‍ശനം ആരംഭിച്ചു. രജനീകാന്തിനെ നായകനാക്കി സുരേഷ് കൃഷ്ണ സംവിധാനം ചെയ്‍ത് 2002 ല്‍ പുറത്തെത്തിയ ബാബയാണ് അത്. ഡിസംബര്‍ 10 ന് തിയറ്ററുകളിലെത്തിയ ചിത്രം ഭേദപ്പെട്ട പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് നേടുന്നത്. മൂന്ന് ദിവസത്തെ കളക്ഷന്‍ കണക്കുകളും പുറത്തെത്തിയിട്ടുണ്ട്.

തമിഴ്നാട്ടില്‍ നിന്ന് റിലീസ് ദിനത്തില്‍ ചിത്രം നേടിയത് 57.5 ലക്ഷം ആണ്. ഞായറാഴ്ച 45 ലക്ഷവും തിങ്കളാഴ്ച 23.75 ലക്ഷവും നേടി. ആദ്യ മൂന്ന് ദിനങ്ങളില്‍ ആകെ 1.26 കോടി രൂപ. പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സിനിട്രാക്കിന്‍റെ കണക്കാണ് ഇത്. വിവിധ ഭാഷകളില്‍ പലപ്പോഴും ഇത്തരത്തില്‍ റീമാസ്റ്റര്‍ ചെയ്യപ്പെടുക ബോക്സ് ഓഫീസ് വിജയങ്ങളായോ കലാമൂല്യത്തിന്‍റെ പേരിലോ പില്‍ക്കാലത്ത് കള്‍ട്ട് പദവി നേടിയ ചിത്രങ്ങള്‍ ആയിരിക്കും. എന്നാല്‍ റിലീസ് സമയത്ത് ശ്രദ്ധിക്കപ്പെടാതിരുന്ന ഒരു ചിത്രം റീമാസ്റ്റര്‍ ചെയ്യപ്പെട്ടു എന്നതാണ് ബാബയുടെ കാര്യത്തിലെ കൌതുകം.

പടയപ്പയുടെ വന്‍ വിജയത്തിനു ശേഷം രജനീകാന്തിന്റേതായി പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ബാബ. ലോട്ടസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ രജനീകാന്ത് തന്നെയായിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണം. പടയപ്പയുടെ വിജയത്തിനു ശേഷം എത്തുന്ന ചിത്രമായതിനാല്‍ വന്‍ പണം മുടക്കിയാണ് വിതരണക്കാര്‍ ചിത്രം എടുത്തത്. എന്നാല്‍ പ്രീ റിലീസ് പബ്ലിസിറ്റി അനുസരിച്ച് ബോക്സ് ഓഫീസില്‍ മുന്നേറാന്‍ ചിത്രത്തിന് സാധിച്ചില്ല. വിതരണക്കാര്‍ക്കും വന്‍ നഷ്ടം നേരിട്ടു. നിര്‍മ്മാതാവ് എന്ന നിലയില്‍ വിതരണക്കാര്‍ക്കുണ്ടായ നഷ്ടം നികത്താന്‍ രജനി മുന്നിട്ടിറങ്ങിയത് അക്കാലത്ത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

രജനീകാന്ത് കഥയും തിരക്കഥയും എഴുതിയിരിക്കുന്ന ചിത്രത്തിന് സംഭാഷണങ്ങള്‍ ഒരുക്കിയത് ഗോപു- ബാബു, എസ് രാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ്. ഛോട്ട കെ നായിഡു ആയിരുന്നു ഛായാഗ്രാഹകന്‍. എഡിറ്റിംഗ് വി ടി വിജയന്‍. സംഗീതം എ ആര്‍ റഹ്‍മാന്‍. 2002 ഓഗസ്റ്റ് 15 ന് ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.

ALSO READ : അര്‍ജന്‍റൈന്‍ വിജയം കണ്ടതും ക്യൂവില്‍! നന്‍പകലിന്‍റെ അവസാന പ്രദര്‍ശനത്തിന് അര്‍ധരാത്രി മുതല്‍ കാത്തുനില്‍പ്പ്

അതേസമയം മറ്റൊരു രജനീകാന്ത് ചിത്രവും ഡിജിറ്റല്‍ റീമാസ്റ്ററിം​ഗ് നടത്തി നേരത്തെ തിയറ്ററുകളില്‍ എത്തിയിട്ടുണ്ട്. 1995 ചിത്രം ബാഷയാണ് അത്. രജനീകാന്തിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ജനപ്രീതി നേടിയ ചിത്രങ്ങളില്‍ ഒന്നാണ് ബാഷ. സുരേഷ് കൃഷ്ണ തന്നെയാണ് ഈ ചിത്രത്തിന്‍റെയും സംവിധാനം. 2017 ലാണ് ചിത്രത്തിന്‍റെ ഡിജിറ്റല്‍ പതിപ്പ് തിയറ്ററുകളില്‍ എത്തിയത്. രജനി ആരാധകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ഈ റീ റിലീസിന് ലഭിച്ചത്. 

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ