
ഇടുക്കി: മൂന്നാറിൽ റവന്യൂ നടപടി നേരിടുന്ന റിസോര്‍ട്ട് പാട്ടത്തിന് നൽകി നടൻ ബാബുരാജ് (Actor Baburaj) കബളിപ്പിച്ചതായി വ്യവസായിയുടെ പരാതി. 40 ലക്ഷം രൂപ തട്ടിച്ചെന്നും തിരിച്ചുചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നുമാണ് കോതമംഗലം തലക്കോട് സ്വദേശി അരുണിന്റെ ആരോപണം. അരുണിന്റെ പരാതിയിൽ കോടതി നിര്‍ദ്ദേശപ്രകാരം അടിമാലി പൊലീസ് ബാബുരാജിനെതിരെ കേസെടുത്തു.
മൂന്നാര്‍ കമ്പ് ലൈനിൽ നടൻ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള വൈറ്റ് മിസ്റ്റ് റിസോര്‍ട്ടുമായി ബന്ധപ്പെട്ടാണ് പരാതി. 2020ൽ ലോക്ക്ഡൗണിന് തൊട്ടുമുമ്പായാണ് ഈ റിസോര്‍ട്ട് തലക്കോട് സ്വദേശി അരുണിന് ബാബുരാജ് പാട്ടത്തിന് നൽകിയത്. 40 ലക്ഷം രൂപ കരുതൽധനമായി വാങ്ങിക്കുകയും ചെയ്തു. എന്നാൽ കൊവിഡ് പ്രതിസന്ധി കാരണം ഒറ്റ ദിവസം പോലും റിസോര്‍ട്ട് തുറന്ന് പ്രവര്‍ത്തിക്കാനായില്ല. പിന്നീട് കഴിഞ്ഞ വര്‍ഷം തുറക്കാനായി പഞ്ചായത്തിനെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്.
ബാബുരാജിന്റെ സ്വാധീനത്താൽ ആദ്യം കേസെടുക്കാതിരുന്ന പൊലീസ് പിന്നീട് കോടതി ഉത്തരവുമായി വന്നപ്പോഴാണ് നടപടിയെടുത്തത്. എന്നാൽ അറസ്റ്റ് ഉണ്ടായില്ല. രണ്ട് തവണ ഹാജരാകാൻ ആവശ്യപ്പെട്ടപ്പോഴും നടൻ വന്നില്ലെന്നാണ് അടിമാലി പൊലീസിന്റെ വിശദീകരണം. അതേസമയം മൂന്ന് ലക്ഷം രൂപ വച്ചുള്ള 11 മാസത്തെ വാടകയും ജോലിക്കാരുടെ ശമ്പളവും കണക്കാക്കുമ്പോൾ നാൽപത് ലക്ഷം തിരിച്ചുകൊടുക്കേണ്ടതില്ലെന്നും എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നുമാണ് ബാബുരാജിന്റെ വിശദീകരണം.
മക്ക, മദീന വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; റിക്രൂട്ടിംഗ് ഏജന്‍സിക്കെതിരെ കേസ്
കൊച്ചി: മക്ക, മദീന വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ പനമ്പള്ളി നഗറിലെ റിക്രൂട്ടിംഗ് ഏജന്‍സിക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സ്ഥാപന നടത്തിപ്പുകാരായ രണ്ട് പേരെ അറസ്റ്റ് ചെയ്തു. റിക്രൂട്ട്മെന്‍റ് നടത്താൻ ആവശ്യമായ രേഖകള്‍ ഇല്ലെന്ന് കണ്ടാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
മക്ക, മദീന വിമാനത്താവളങ്ങളില്‍ താല്‍കില ജോലി വാഗ്ദാന ചെയ്ത് വാട്സാപ്പിലൂടെ പ്രചരണം നടത്തിയായിരുന്നു തട്ടിപ്പ്. മൂന്ന് മാസം നീളുന്ന ഹജ്ജ് കാലത്ത് ജോലിക്കായി യുവാക്കളെ വേണമെന്നായിരുന്നു പ്രചരണം. താല്‍പര്യമുള്ളവര്‍ ഇന്ന് രാവിലെ പനമ്പള്ളി നഗറിലെ റിക്രട്ടിംഗ് ഏജന്‍സിക്ക് മുന്നില്‍ ഹാജരാകണമെന്ന സന്ദേശം കണ്ട് 200 അധികം പേര്‍ ഓഫീസിന് മുന്നിലെത്തി. പത്തുമണി കഴിഞ്ഞിട്ടും റിക്രൂട്ട്മെന്‍റ് നടപടികള്‍ ആരംഭിക്കാതായതോടെ പൊലീസ് ഇടപെടുകയായിരുന്നു. സ്ഥാപനത്തിലെത്തി പൊലീസ് പരിശോധന നടത്തിയെങ്കിലും മതിയായ രേഖകള്‍ കണ്ടെത്താനായില്ല.
വിമാനത്താവളത്തില്‍ ഇത്രയധികം ജോലിയുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍, വിദേശത്തേക്ക് ആളുകളെ കൊണ്ടുപോകാന്‍ റിക്രൂട്ടിംഗ് ഏജന്സിക്ക് അംഗീകാരമുണ്ടെന്ന് സ്ഥാപിക്കുന്ന രേഖകള്‍ എന്നിവ സമര്‍പ്പിക്കാന‍് സ്ഥാപന ഉടമകള്‍ക്ക് കഴിയാതെ വന്നതോടെ ഇരുവരെയും അറസ്റ്റ് ചെയ്തു. സ്ഥാപന ഉടമകളായ ഷംസുദീന്‍ അനു സാദത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രണ്ട് പേര്‍ക്കുമെതിരെ വഞ്ചന കുറ്റം വിവിധ ഐടി വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ എന്നിവ ചുമത്തിയിട്ടുണ്ട്. സംഭവത്തെകുറിച്ച് എറണാകുളം സൗത്ത് പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ