
സിനിമാ സംഘടനകള്‍ നിസ്സഹകരണം പ്രഖ്യാപിച്ചതിനു പിന്നാലെ താരസംഘടനയായ അമ്മയില്‍ അംഗത്വം തേടി നടന്‍ ശ്രീനാഥ് ഭാസി. ശ്രീനാഥ് ഭാസി, ഷെയ്ന്‍ നിഗം എന്നിവരുമായി സഹകരിക്കില്ലെന്ന് 25 ന് നടന്ന സംയുക്ത യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സിനിമാ സംഘടനാനേതാക്കള്‍ വ്യക്തമാക്കിയത്. ഇതിനു പിന്നാലെയാണ് അമ്മയില്‍ അംഗത്വത്തിനായുള്ള അപേക്ഷ ശ്രീനാഥ് ഭാസി നല്‍കിയത്. ശ്രീനാഥ് ഭാസി അംഗത്വത്തിനായുള്ള അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബാബുരാജ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.
അമ്മയിലെ അംഗത്വത്തിനായുള്ള അപേക്ഷ ശ്രീനാഥ് നല്‍കിയിട്ടുണ്ട്. എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും തീരുമാനമെടുക്കുകയും ചെയ്യുക. ജൂണ്‍ 25 ന് സംഘടനയുടെ ജനറല്‍ ബോഡിയാണ്. അതിന് മുന്‍പ് ഒരു കമ്മിറ്റി ഉണ്ടാവേണ്ടതാണ്. അതിന്‍റെ തീയതി തീരുമാനിച്ചിട്ടില്ല. അതില്‍ ഈ വിഷയം മുന്നോട്ട് വരും. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ സംയുക്തമായ തീരുമാനം ആണല്ലോ മൂന്ന് സിനിമ കഴിഞ്ഞവര്‍ ഏതെങ്കിലും ഒരു സംഘടനയുടെ കീഴില്‍ വരണം എന്നത്. നിര്‍മ്മാതാക്കളുടെ കരാറില്‍ തന്നെ വ്യക്തികളുമായല്ല മറിച്ച് അവര്‍ക്ക് അംഗത്വമുള്ള സംഘടനയുമായാണ് ഉടമ്പടി. ഒരു അഭിനേതാവിന് സുരക്ഷ ഉറപ്പാക്കാന്‍ സംഘടന വേണം. നിര്‍മ്മാതാക്കള്‍ പറയുന്നതിലും കുറേ കാര്യങ്ങളുണ്ട്, ബാബുരാജ് പറഞ്ഞു. അതേസമയം അമ്മയിലെ അംഗത്വത്തിനായി നേരത്തേ അപേക്ഷ നല്‍കിയിട്ടുള്ള വേറെയും താരങ്ങളുണ്ട്. ഇവരുടെ അംഗത്വക്കാര്യവും അടുത്ത എക്സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനിക്കും.
പ്രതിഭയുള്ള നടന്മാരെന്ന് പ്രശംസ നേടിയവരെങ്കിലും ശ്രീനാഥ് ഭാസിയും ഷെയ്ൻ നിഗവും സിനിമാ സംഘടനകളുമായുള്ള തർക്കത്തെ തുടർന്ന് പലകുറി വിവാദങ്ങളിൽ പെട്ടവരാണ്. ഓൺലൈൻ അവതാരകയോട് അപമര്യാദയായി പെരുമാറിയതിന് പൊലീസ് കേസെടുത്ത ശ്രീനാഥ് ഭാസി മാപ്പ് പറഞ്ഞ് പ്രശ്നം അവസാനിപ്പിച്ചത് ഏതാനും മാസങ്ങൾക്ക് മുൻപാണ്. ഷെയ്ൻ നിഗവും നിർമ്മാതാവ് ജോബി ജോർജ്ജുമായുള്ള ഉടക്കിൽ പരാതി നേരിട്ടിരുന്നു. സ്ഥിരം പ്രശ്നക്കാരായ അഭിനേതാക്കളെന്നാണ് ഷെയ്ൻ നിഗത്തിനെയും ശ്രീനാഥ് ഭാസിയെയും സിനിമ മേഖലയിൽ ആരോപിക്കപ്പെടുന്നത്.