
ആലപ്പുഴ: കുഞ്ഞ് അമീറയ്ക്ക് 'കാഴ്ച' എന്നത് മമ്മൂട്ടി സിനിമയുടെ പേരല്ല. അദ്ദേഹം തന്ന ജീവിത സൗഭാഗ്യമാണ്. ആലപ്പുഴ പുന്നപ്രയിലെ ഈ കൊച്ചു മിടുക്കി വെളിച്ചത്തിലേക്ക് കൺ തുറക്കുമ്പോൾ മലയാളത്തിന്റെ മഹാനടന്റെ കാരുണ്യം ഒരിക്കൽ കൂടി പ്രകാശം പരത്തുന്നു.
ജന്മനാ കാഴ്ചശക്തി ഇല്ലാതിരുന്ന അമീറയുടെ കഥ മാധ്യമങ്ങളിലൂടെയാണ് ലോകം അറിഞ്ഞത്. സിദ്ധിക്ക്- കാവ്യ ദമ്പതികളുടെ മൂന്നാമത്തെ മകളാണ് അമീറ. കുഞ്ഞിന് കാഴ്ച തിരിച്ചുകിട്ടാൻ മധുരയിൽ പോകണമെന്നും വൻ തുക ആവശ്യമായി വരുമെന്നും ഡോക്ടർമാർ പറഞ്ഞപ്പോൾ, മുന്നിൽ മറ്റു വഴികൾ ഇല്ലാതിരുന്ന മാതാപിതാക്കളുടെ കഥ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു.
ആലപ്പുഴയിലെ സാമൂഹിക പ്രവർത്തകനായ വാഹിദ് ഈ വാർത്തകൾ മമ്മൂട്ടിയുടെ ഓഫീസിന് കൈമാറി. വാർത്തകൾ ശ്രദ്ധയിൽ പെട്ട മലയാളത്തിന്റെ മഹാ നടൻ ഉടനടി ഇടപെടുകയായിരുന്നു. തന്റെ ജീവ കാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന കാഴ്ച്ച പദ്ധതിയിലേക്ക്, അമീറയുടെ ചികിത്സ മാറ്റാൻ നിർദ്ദേശിച്ച മമ്മൂട്ടി തുടർ ചികിത്സയ്ക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും ഏറ്റെടുക്കാൻ നിർദ്ദേശിച്ചു.
അങ്കമാലി ലിറ്റിൽ ഫ്‌ളവർ ഹോസ്പിറ്റലിന്റെ നേത്ര ബാങ്കിന്റെ സുവർണ ജൂബിലി പ്രമാണിച്ച് 50 കണ്ണ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ സൗജന്യമായി നടത്താൻ മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർ നാഷണൽ ഫൗണ്ടേഷനും ലിറ്റിൽ ഫ്‌ളവർ ഹോസ്പിറ്റലും തമ്മിൽ ധാരണ ആയിരുന്നു. അമീറയുടെ വിവരമറിഞ്ഞ് കെയർ ആൻഡ് ഷെയർ ഭാരവാഹികൾ ഉടനടി ഹോസ്പിറ്റലുമായി ബന്ധപ്പെട്ടു.
നേത്ര ചികത്സാ വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ഫാ. വർഗീസ് പാലാട്ടിൽ ചികിത്സയ്ക്ക് ആവശ്യമായ നടപടികൾ ഏകോപിപ്പിച്ചു. കുട്ടികളുടെ നേത്ര ചികത്സാ വിഭാഗത്തിലെ വിദഗ്ധ ഡോക്ടർ അനീറ്റ ജബ്ബാറിന്റെ നേതൃത്വത്തിൽ ആയിരുന്നു മുന്നോട്ടുള്ള ചികിത്സ. കണ്ണ് മാറ്റിവക്കൽ ശാസ്ത്രക്രിയ വൻ വിജയമായതോടെ കുഞ്ഞ് അമീറ കാഴ്ചയുടെ ലോകത്ത് എത്തി.
അതേസമയം, കുട്ടിയുടെ രണ്ടാമത്തെ കണ്ണിന്റെ കാഴ്ച വീണ്ടെടുക്കാൻ ആവാത്ത വിധം നശിച്ചു പോയിരുന്നു. കണ്ണിലെ അണുബാധക്ക് കൃത്യമായി ചികത്സ യഥാസമയം ലഭ്യമാകാതിരുന്നതാണ് ആ കണ്ണ് നഷ്ടപ്പെടാൻ കാരണമായത് എന്നാണ് ഡോക്ടർമാർ പറയുന്നത്. ലിറ്റിൽ ഫ്‌ളവറിൽ എത്തിയപ്പോഴേക്കും ഏറെ വൈകിയിരുന്നു. ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിലെ കോസ്മറ്റിക് ഐ വിഭാഗത്തിന്റെ നേതൃത്വത്തിൽ കുട്ടിക്ക് കസ്റ്റമെയ്ഡ് കോസ്മറ്റിക് ഐ ബോളും വച്ച് പിടിപ്പിച്ചിട്ടുണ്ട്.
തങ്ങളുടെ പിഞ്ചോമനയുടെ ജീവിതം തന്നെ രക്ഷിച്ച പ്രിയപ്പെട്ട മമ്മൂട്ടിയെ കണ്ട് നന്ദി പറയണം എന്നാണ് അമീറയുടെ മാതാപിതാക്കളുടെ ഇപ്പോഴത്തെ ഏക ആഗ്രഹം. "അല്ലങ്കിലും അവൾ ആ കണ്ണുകൾ കൊണ്ട് കൺ നിറയെ ആദ്യം കാണേണ്ടത് മമ്മൂക്കയെ ആണല്ലോ" എന്ന് സിദ്ദിഖ് പറഞ്ഞുനിർത്തി.
തിയറ്ററിൽ പൊടി പാറും, കളക്ഷനിൽ തൂക്കിയടിയാകുമോ? 'ലിയോ' പ്രത്യേക ഷോ അനുമതിയുമായി സർക്കാർ
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ