ദര്‍ബാറില്‍ കയ്യടി നേടാൻ ബേബി മനസ്വിയും!

By Web TeamFirst Published Aug 20, 2019, 10:12 PM IST
Highlights


ഇമൈക്ക നൊടികള്‍ എന്ന സിനിമയില്‍ നയൻതാരയുടെ കഥാപാത്രത്തിന്റെ മകളായി എത്തിയ ബാലതാരമാണ് ബേബി മനസ്വി.

രജനികാന്ത് നായകനായി എത്തുന്ന ദര്‍ബാര്‍ എന്ന ചിത്രത്തിലായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. തമിഴകത്തിന്റെ ഹിറ്റ് സംവിധായകൻ എ ആര്‍ മുരുഗദോസ് ആണ് ചിത്രം ഒരുക്കുന്നത്.  ഏറെക്കാലത്തിനു ശേഷം രജനികാന്ത് കാക്കിയണിയുന്ന ചിത്രം കൂടിയാണ് ദര്‍ബാര്‍. ചിത്രത്തില്‍ ബേബി മനസ്വിയും ഒരു സുപ്രധാന കഥാപാത്രമായി എത്തുന്നുവെന്നതാണ് പുതിയ റിപ്പോര്‍ട്ട്.

ഇമൈക്ക നൊടികള്‍ എന്ന സിനിമയില്‍ നയൻതാരയുടെ കഥാപാത്രത്തിന്റെ മകളായി എത്തിയ ബാലതാരമാണ് ബേബി മനസ്വി. ചിത്രത്തിലെ പ്രകടനം ബേബി മനസ്വിക്ക് ഒട്ടേറെ ആരാധകരെ സ്വന്തമാക്കിക്കൊടുത്തിരുന്നു.  ദര്‍ബാറിലും സമാനമായ കഥാപാത്രമായിരിക്കും മനസ്വിക്ക് എന്നാണ് റിപ്പോര്‍ട്ട്. മലയാളി താരം നിവേത രജനികാന്തിന്റെ മകളായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.  നയൻതാര നായികയായി എത്തുന്ന ചിത്രമായ ദര്‍ബാര്‍ വെറുമൊരു  ത്രില്ലര്‍ എന്നതിലുപരിയായി അടുത്തിടെ ഹിറ്റായ സിരുത്തൈ ശിവ- അജിത് കൂട്ടുകെട്ടിലെ വിശ്വാസത്തിലേതു പോലെ കുടുംബ ബന്ധത്തിനും പ്രധാന്യമുള്ള സിനിമയായിരിക്കും എന്നാണ് റിപ്പോര്‍ട്ട്.

ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായിട്ടുള്ള രജനികാന്തിന്റെ ലുക്ക് എ ആര്‍ മുരുഗദോസ് പുറത്തുവിട്ടിരുന്നു. ആരാധകര്‍ ഇഷ്‍ടപ്പെടുന്ന തരത്തില്‍ രജനി സ്റ്റൈലില്‍ ഒരു ആക്ഷൻ ചിത്രമായിട്ടുതന്നെയാണ് ദര്‍ബാര്‍ എത്തുക.  ചിത്രത്തിലെ ഇൻട്രൊഡക്ഷൻ ഗാനം ആലപിക്കുന്നത് ഇതിഹാസ ഗായകൻ എസ് പി ബാലസുബ്രഹ്‍മണ്യം ആണ്. രജനികാന്തിന്റെ കഥാപാത്രത്തെ കുറിച്ചുള്ള കാര്യങ്ങള്‍ തന്നെയാകും ഇൻട്രൊഡക്ഷൻ സോംഗിലുണ്ടാകുക.  രജനികാന്ത് സിനിമയില്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ കുറിച്ചായിരിക്കും ഗാനത്തിലെന്ന് എസ് പി ബാലസുബ്രഹ്‍മണ്യം പറയുന്നു. പൊലീസ് ഡ്രസ് ഒഴിവാക്കിയാല്‍ സാധാരണ ജനങ്ങളെപ്പോലെയാണ് താനെന്ന് രജനികാന്ത് പറയുന്നുണ്ട്. ഗാനരംഗം നല്ല രീതിയില്‍ വന്നിട്ടുണ്ട്. അനിരുദ്ധ് രവിചന്ദറിനും ടീമിനും നന്ദി- എസ് പി ബാലസുബ്രഹ്‍മണ്യം പറയുന്നു.

മുംബയിലെ ഒരു കോളേജിലാണ് പൊലീസ് ഇൻവെസ്റ്റിഗേഷൻ  റൂം  തയ്യാറാക്കിയത്. മുംബൈ ഛത്രപതി ശിവജി മഹാരാജ ടെര്‍മിനസ്, റോയല്‍ പാംസ്, ഫിലിം സിറ്റി തുടങ്ങിയവിടങ്ങളിലായിരുന്നു ചിത്രീകരണം. കോടതി എന്ന അര്‍ത്ഥത്തിലാണ് ദര്‍ബാര്‍ എന്ന പേര് എന്നാണ് സൂചന.

സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എ ആര്‍ മുരുഗദോസ് ഇതിനു മുമ്പ് സംവിധാനം ചെയ്‍ത സര്‍ക്കാര്‍ വൻ വിജയം നേടിയിരുന്നു.

click me!