ദൃശ്യം 3യുടെ അപ്‍ഡേറ്റ് പുറത്ത്.

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ഫ്രാഞ്ചെസികളില്‍ ഒന്നാണ് ദൃശ്യം. ദൃശ്യം 3 ഏപ്രില്‍ രണ്ടിന് തിയറ്ററുകളില്‍ എത്തും. ദൃശ്യം 3ന്റെ ടീസറിനെ കുറിച്ചുള്ള ഒരു അപ്‍ഡേറ്റാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. ദൃശ്യം 3ന്റെ ടീസറിന്റെ സെൻസറിംഗ് കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ടീസറിന്റെ ദൈര്‍ഘ്യം 1:44 മിനിറ്റാണ്. ടീസര്‍ എപ്പോഴായിരിക്കും എത്തുക എന്നതിന്റെ അറിയിപ്പ് ഉടനുണ്ടാകും. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ എത്തിയാല്‍ ദൃശ്യം 3ന്റെ സ്വഭാവം എങ്ങനെയായിരിക്കും എന്നതിന്റെ സൂചനകള്‍ വ്യക്തമാകും എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. മോഹൻലാലിന് പുറമേ മീന, അൻസിബ ഹസൻ, എസ്‍തര്‍ അനില്‍, ആശാ ശരത്, സിദ്ധിഖ്, കലാഭവൻ ഷാജോണ്‍, ഇര്‍ഷാദ് തുടങ്ങിയവരും ദൃശ്യത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. സുജിത് വാസുദേവാണ് ദൃശ്യത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. വിനു തോമസും അനില്‍ ജോണ്‍സണുമാണ് സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത്.

'ജഗപൊഗ പ്രതീക്ഷിച്ചാല്‍ നിരാശ'- ജീത്തു ജോസഫ് പറഞ്ഞത്

“ഒരു പ്രതീക്ഷയും ഇല്ലാതെ വരിക. ആദ്യ ഭാഗം പോലെയോ രണ്ടാം ഭാഗം പോലെയോ അല്ല ദൃശ്യം 3. ജോര്‍ജുകുട്ടിയുടെ ഇമോഷനുകളില്‍ക്കൂടിയാണ് അതില്‍ യാത്ര ചെയ്യുന്നത്. അങ്ങനത്തെ ഒരു സിനിമയാണ്. അതുകൊണ്ട് നിങ്ങള്‍ ഒരു ഭയങ്കര ജഗപൊഗ സിനിമ പ്രതീക്ഷിച്ചുവന്നാല്‍ നിരാശയായിരിക്കും. പക്ഷേ അതൊരു നല്ല സിനിമ ആണെന്നുള്ള കോണ്‍ഫിഡന്‍സ് എനിക്കുണ്ട്. പിന്നെ ഇതിനെ ആദ്യത്തെയും രണ്ടാമത്തെയും ഭാഗങ്ങളുമായി താരതമ്യം ചെയ്യാന്‍ വന്നാല്‍ എനിക്കറിയില്ല. കാരണം ഞാന്‍ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നം അതാണ്. കാരണം വലതുവശത്തെ കള്ളനെയും പലരും താരതമ്യം ചെയ്യുന്നത് മെമ്മറീസും ദൃശ്യവും ഒക്കെയായിട്ടാണ്. മുന്‍വിധികളില്ലാതെ വന്ന് സിനിമ കാണുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക