
മലയാളികൾ ഒന്നടങ്കം ഏറ്റെടുത്ത സിനിമയാണ് ലൂസിഫർ. പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ തകർത്താടിയ ചിത്രം മലയാളത്തിലെ ബ്ലോക് ബസ്റ്ററുകളിൽ ഒന്നാണ്. സിനിമയുടെ രണ്ടാം ഭാഗം വരുന്നുവെന്ന് നേരത്ത തന്നെ അണിയറ പ്രവർത്തകർ പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ എമ്പുരാനുമായി ബന്ധപ്പെട്ട വാർത്തകൾക്ക് വൻ സ്വീകാര്യതയാണ് നൽകുന്നതും. ഇപ്പോഴിതാ എമ്പുരാനിൽ താനും ഉണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണ് നടൻ ബൈജു സന്തോഷ്.
എമ്പുരാൻ ഗംഭീര സിനിമ ആയിരിക്കുമെന്നും ഒരുപാട് രാജ്യങ്ങളിൽ ഷൂട്ടിങ് ഉണ്ടെന്നും ബൈജു പറഞ്ഞു. ബൂമറാങ് എന്ന സിനിമയുടെ പ്രമോഷനിടെ ആയിരുന്നു നടന്റെ പ്രതികരണം. ലൂസിഫറിൽ മുരുകന്‍ എന്ന രാഷ്ട്രീയക്കാരനായി ഗംഭീര പ്രകടനം ബൈജു കാഴ്ചവച്ചിരുന്നു.
'എന്നെ നാലു ദിവസം മുൻപ് പൃഥ്വിരാജ് വിളിച്ചിരുന്നു. പുള്ളി ഗുജറാത്തിൽ ലൊക്കേഷൻ കാണാൻ പോയതാണെന്ന് പറഞ്ഞു. ആദ്യഭാഗം പോലെ ആകില്ല എമ്പുരാൻ. ഒരുപാട് രാജ്യങ്ങളിൽ ഷൂട്ടിംഗ് ഉണ്ടാകും. വേറൊരു ലെവൽ പടമാണ്. ബാക്കി കഥയൊക്കെ പിന്നെ പറയാം', എന്നായിരുന്നു ബൈജുവിന്റെ മറുപടി.
കൂറ്റൻ പാറയിൽ അള്ളിപ്പിടിച്ചു കയറി, ഒറ്റച്ചാട്ടം; അമല പോളിന്റെ വീഡിയോ വൈറൽ
എമ്പുരാനിൽ മോഹന്‍ലാലിനൊപ്പം തന്നെ ഉണ്ടാകുമല്ലോ എന്ന ചോദ്യത്തിന്, ‘‘ഈ സിനിമയിൽ ലാലേട്ടന്റെ കൂടെത്തന്നെ ആയിരിക്കുമല്ലോ. ആയിരിക്കും, കാരണം ഈ സിനിമയിൽ മമ്മൂക്ക ഇല്ലല്ലോ. ഇനി മമ്മൂക്ക ഉണ്ടാകുമോ എന്നൊന്നും എനിക്ക് അറിയില്ല കേട്ടോ. മലയാള സിനിമയിൽ എന്തു വേണമെങ്കിലും സംഭവിക്കാം. ചിലപ്പോൾ മമ്മൂക്ക ഗെസ്റ്റ് അപ്പിയറൻസ് ആയി വന്നാലോ’’, എന്നാണ് ബൈജു മറുപടി നൽകിയത്.
അതേസമയം, എമ്പുരാന്റെ ഷൂട്ടിംഗ് ഓഗസ്റ്റിൽ തുടങ്ങുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഹോളിവുഡ് ചിത്രത്തിന് സമാനമായ ലൊക്കേഷനും ചിത്രീകരണവുമാണ് ആസൂത്രണം ചെയ്യുന്നതെന്നാണ് സൂചനകൾ. ലൂസിഫറിലേത് പോലെ മഞ്ജു വാരിയർ, ടൊവിനൊ തോമസ് തുടങ്ങിയവരും എമ്പുരാനിലും ഉണ്ടാകും.