
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രമേയം പാസ്സാക്കിയ കേരള നിയമസഭയുടെ നടപടിയെ വിമര്‍ശിച്ച് ചലച്ചിത്രകാരന്‍ ബാലചന്ദ്ര മേനോന്‍. ലോക്‌സഭയും രാജ്യസഭയും പാസ്സാക്കി, പിന്നീട് രാഷ്ട്രപതി ഒപ്പുവച്ച ബില്ലിനോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നത് എത്രത്തോളം അംഗീകരിക്കാനാവുന്നതാണെന്ന് തനിക്ക് സംശയമുണ്ടെന്ന് ബാലചന്ദ്ര മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു. കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെയും അടുത്തടുത്ത സീറ്റുകളില്‍ കണ്ടപ്പോഴാണ് ഭരണ പ്രതിപക്ഷ ഭേദമന്യെ നിയമസഭ പാസ്സാക്കിയ പ്രമേയത്തെക്കുറിച്ച് ഓര്‍മ്മ വന്നതെന്നും ബാലചന്ദ്ര മേനോന്‍ കുറിച്ചു.
ബാലചന്ദ്ര മേനോന്റെ കുറിപ്പ്
ഈ പോസ്റ്റ് കാണുമ്പോള്‍ നിങ്ങള്‍ക്ക് തോന്നാം എനിക്കെന്തിന്റെ കുഴപ്പമാണെന്ന്. ആ തോന്നല്‍ ശരിയുമാണ്. തുറന്നു പറയട്ടെ, ഞാന്‍ ഒരു എഴുത്തു തൊഴിലാളി അല്ല. വേണമെങ്കില്‍ എഴുത്തിന്റെ കാര്യത്തില്‍ ഞാന്‍ ഒരു മൃഗതുല്യനാണെന്നു പറയാം. എന്തെന്നാല്‍, നന്നായി വിശക്കുമ്പോള്‍ മാത്രമേ മൃഗങ്ങള്‍ ഇരകളെ കൊല്ലാറുള്ളു. ഏതു നട്ടപ്പാതിരാക്ക് വിളിച്ചുണര്‍ത്തി കോഴിബിരിയാണി വേണോന്നു ചോദിച്ചാലും ഒരു 'താങ്ക്‌സ്' പോലും പറയാതെ തല്‍ക്ഷണം വാരിത്തിന്നുന്ന സ്വഭാവം മനുഷ്യന് മാത്രം സ്വന്തം. മൃഗങ്ങള്‍ക്ക് ഭക്ഷണം പോലെയാണ് എനിക്ക് എഴുതാനുള്ള വെപ്രാളം. അത് എപ്പോള്‍ എവിടെ വെച്ച് സംഭവിക്കുന്നു എന്ന് പറയുക വയ്യ. അങ്ങിനെ ഒരു തോന്നല്‍ വന്നാല്‍ പിന്നെ എഴുതുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ല. ഇത്തവണ ഈ കുറിപ്പിന് കാരണഭൂതര്‍ രമേശ് ചെന്നിത്തലയും ശ്രീരാമകൃഷ്ണനുമാണെന്നു പറഞ്ഞുകൊള്ളട്ടേ.അവരൊട്ടു ഇക്കാര്യം അറിയുന്നില്ല താനും.
കൊച്ചിയില്‍ നിന്നും തിരുവന്തപുരത്തേക്കുള്ള വിമാന യാത്രയാണ് രംഗം. കൊച്ചിയില്‍ വസിക്കുന്ന ഞാന്‍ കൂടെകൂടെ അനന്തപുരിക്ക് വന്നു പൊയ്‌ക്കൊണ്ടിരുന്നത് സ്വയം കാറോടിച്ചു കൊണ്ടാണ്. ('കൊച്ചീന്ന് ഇവിടം വരെ നിങ്ങള്‍ തന്നെ ഓടിച്ചോ' എന്ന് ചില അണ്ണന്മാര്‍ കണ്ണും തള്ളി ചോദിക്കുന്നതു കൊണ്ടൊന്നും എന്റെ കണ്ണ് തള്ളിയിട്ടില്ല. കണ്ണ് തള്ളിയത് റോഡിലെ മരണക്കുഴികളും ഇരുചക്ര സവാരിക്കാരുടെ അഭ്യാസങ്ങളും കണ്ടപ്പോഴാണ്. റോഡ് സഞ്ചാരായോഗ്യമാകുന്നതുവരെ അങ്ങിനെ ഗഗനചാരിയാകാന്‍ ഞാന്‍ തീരുമാനിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ ..) ഇക്കുറി വിമാനയാത്രയില്‍ സഹയാത്രികരായി കേരളത്തിന്റെ പ്രതിപക്ഷ നേതാവും സ്പീക്കറും ഉണ്ടായത് ഈ കുറിപ്പിന് പ്രേരണയാകാന്‍ മാത്രമാണെന്ന് ഞാന്‍ കരുതുന്നു.
നമ്മുടെ മനസ്സ് എന്ന് പറയുന്നത് ഒരു വികൃതി തന്നെയാണ്. എന്തൊക്കെ വേണ്ടാത്ത ചിന്തകളാണ് മറ്റാരും അറിയാതെ അതിലൂടെ കടന്നു പോകുന്നത്? എന്റെ കയ്യിലിരുന്ന പത്രത്തില്‍ പൗരത്വത്തെ കുറിച്ചുള്ള ഇപ്പോഴത്തെ ചിന്താവിഷയം എന്റെ കണ്ണില്‍ പെട്ടതും എന്റെ മനസ്സ് ഒരു കാരണവുമില്ലാതെ വേണ്ടാത്ത വഴികളിലൂടെ സഞ്ചാരം തുടങ്ങി. ഭരണപക്ഷവും പ്രതിപക്ഷവും തോളോടുതോള്‍ ചേര്‍ന്ന് എതിര്‍ക്കുന്ന ബില്‍ എന്ന നിലയില്‍ ഇപ്പോഴത്തെ സാഹചര്യത്തിന് ഒരു പ്രത്യേകത ഉണ്ട്. അവര്‍ ഒരുമിച്ച് ഈ ബില്ലിനെ എതിര്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ കൂടി കടന്നു പോയ ഒരു ചിന്താധാര നമുക്കൊന്ന് പങ്കിടാം.
പാര്‍ലമെന്ററി ജനാധിപത്യത്തില്‍ അധിഷ്ഠിതമായ ഒരു ഭരണസംവിധാനമാണല്ലോ നമ്മുടേത്. അപ്പോള്‍ ഭൂരിപകഷം കിട്ടുന്നവര്‍ നാട് ഭരിക്കും. ഇന്ത്യയിലെ ഭരണകക്ഷി അവര്‍ ആസ്വദിക്കുന്ന ഭൂരിപക്ഷത്തിന്റെ ബലത്തില്‍ പൗരത്വത്തെ സംബന്ധിച്ച ഒരു ബില്ല് ഭരണഘടന അനുശാസിക്കുന്നതുപോലെ ലോക് സഭയില്‍ അവതരിപ്പിച്ചു. പാസ്സായി. നിയമം അനുശാസിക്കുന്നതുപോലെ അടുത്തതായി രാജ്യസഭയില്‍ അവതരിപ്പിച്ചു. പാസ്സായി. രണ്ടു സഭകളും പാസ്സാക്കിയ ചുറ്റുപാടില്‍ നിയമം അനുശാസിക്കുന്നതുപോലെ രാഷ്ട്രപതിയുടെ കയ്യൊപ്പിനായി അയച്ചു. രാഷ്ട്രപതിയും അംഗീകരിച്ച സ്ഥിതിക്ക് അത് സ്വാഭാവികമായും നിയമമായി. ഇപ്പോള്‍ ആ തീരുമാനത്തെ പറ്റി വിയോജനക്കുറിപ്പുകള്‍ വരുന്നു.. നിയമസഭകളില്‍ അതിനെതിരായി ശബ്ദമുയരുന്നു.. ഭരണഘടന അനുസരിച്ചു ഭരിക്കേണ്ട നമ്മള്‍ ഇങ്ങനെ വിയോജിപ്പ് പ്രകടിപ്പിക്കുന്നത് എത്രത്തോളം അംഗീകരിക്കാനാവും എന്നൊരു സംശയം തോന്നിയാല്‍ ആരെങ്കിലും ഒരു മറുപടി തരുമോ? അഥവാ, ഇനി നിയമസഭയുടെ നിര്‍ബന്ധത്തിനു വഴങ്ങി പാര്‍ലിമെന്റ് പാസ്സാക്കിയ നിയമം അസാധുവാക്കിയാല്‍ ലോക്സഭയുടെ പ്രസക്തി എന്ത്? രാജ്യസഭയുടെ പ്രസക്തി എന്ത്? രാഷ്ട്രപതിയുടെ ഒപ്പിന്റെ പ്രസക്തി എന്ത്? പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ പ്രസക്തി എന്ത്?പ്രതിപക്ഷ നേതാവ് അറിയാതെ, നിയമസഭാ സ്പീക്കര്‍ അറിയാതെ എന്റെ മനസ്സില്‍ തോന്നിയ ഈ നിസ്സാര സംശയത്തിന് ഒരു മറുപടി ആരേലും തന്നിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു പോകുന്നു..... that's ALL your honour!
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ