അടുത്ത സിനിമയുടെ ചർച്ച, പ്ലാൻ ചെയ്തത് ഭാഗ്യരാജ്-പൂർണ്ണിമ ദമ്പതിമാരെ, പക്ഷേ..; മനമുലഞ്ഞ് ബാലചന്ദ്രമേനോൻ

Published : Jun 27, 2026, 10:15 PM IST
Balachandra Menon

Synopsis

നടനും സംവിധായകനുമായ കെ. ഭാഗ്യരാജിന്റെ വിയോഗത്തിൽ ബാലചന്ദ്രമേനോൻ അനുശോചിച്ചു. ദമ്പതികളുടെ കഥ പറയുന്ന തന്റെ അടുത്ത സിനിമയിൽ ഭാഗ്യരാജിനെയും ഭാര്യ പൂർണ്ണിമയെയും അഭിനയിപ്പിക്കാൻ പദ്ധതിയിട്ടിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി.

തെന്നിന്ത്യൻ സിനിമയിലെ പ്രിയ നടനും സംവിധായകനുമായ കെ ഭാ​ഗ്യരാജിന്റെ വിയോ​ഗത്തിൽ മനമുലഞ്ഞ് ബാലചന്ദ്രമേനോൻ. താൻ സഹകരിക്കുന്ന അടുത്ത ചിത്രത്തിലേക്ക് ഭാഗ്യരാജ് - പൂർണ്ണിമ ദമ്പതിമാരെ അഭിനയിപ്പിക്കാൻ പ്ലാൻ ചെയ്തിരുന്നുവെന്നും അത് ദമ്പതികളുടെ കഥയായിരുന്നുവെന്നും ബാലചന്ദ്രമേനോൻ പറഞ്ഞു. മറ്റുള്ളവരിൽ നിന്ന് വേറിട്ട് ഭാഗ്യരാജ് തന്നെ വിളിച്ചിരുന്നത് 'മേനോൻ' എന്നല്ല, 'മേനൻ 'എന്നാണെന്നും ഭാഗ്യരാജിന്റെ ആ പ്രത്യേക ശബ്ദത്തിൽ ഇപ്പോഴും അത് മുഴങ്ങുകയാണെന്നും അദ്ദേഹം കുറിച്ചു.

ബാലചന്ദ്രമേനോന്റെ വാക്കുകൾ ഇങ്ങനെ

'മലയാളത്തിലെ ഭാഗ്യരാജ് 'എന്ന ചെല്ലപ്പേരിൽ ഇന്നാട്ടിലെ മാധ്യമ സുഹൃത്തുക്കൾ എന്നെ വിശേഷിപ്പിച്ചു തുടങ്ങിയതിനു ശേഷമാണ് ഞാൻ ഒരു ഭാഗ്യരാജ് സിനിമ കാണുന്നത്. രണ്ടുപേരും കഥ-തിരക്കഥ - സംഭാഷണം -അഭിനയം - സംവിധാനം ഒരുമിച്ചു ചെയ്യുന്നു എന്നതൊഴിച്ചാൽ ആ താരതമ്യത്തിന് വലിയ അർത്ഥമില്ലെന്ന് ഞങ്ങൾ രണ്ടു പേരുടെയും സിനിമകൾ കണ്ടാൽ അറിയാം. പിന്നെ എന്തെങ്കിലും സാമ്യത എന്ന് അവകാശപ്പെടാൻ രണ്ടു പേർക്കുമുണ്ടായിരുന്നത് ജനകീയതയായിരുന്നു. അങ്ങിനെ ഇരിക്കെയാണ് ഞാൻ വി & വി യുടെ ബാനറിൽ നിർമ്മിച്ച "ഒരു പൈങ്കിളി കഥ" എന്ന ചിത്രം നൂറു ദിവസം പൂർത്തിയാക്കുന്ന അവസരം ഒത്തു വന്നത്. കൊച്ചിയിൽ സംഘടിക്കപ്പെട്ട ആ സായാഹ്നത്തിലെ മുഖ്യാതിഥിയായി ഞാൻ ഭാഗ്യരാജിനെ തന്നെ ക്ഷണിച്ചു ഒപ്പം ശ്രീ പ്രേംനസീറിനെയും. 

രാജേന്ദ്രമൈതാനത്തു കൂടിയ സായാഹ്നത്തിൽ ഭാഗ്യരാജ് ഇങ്ങനെ പറഞ്ഞു.“നിങ്ങൾ എന്തിനാണ് ഇദ്ദേഹത്തെ 'മലയാളത്തിലെ ഭാഗ്യരാജ് 'എന്ന് വിളിക്കുന്നത് . ഒന്നാമത് എനിക്കു ഒരു വർഷം മുൻപ് സംവിധായകനായതാണ് അദ്ദേഹം . തന്നെയുമല്ല , ഞങ്ങൾ എടുക്കുന്ന സിനിമകൾ തമ്മിൽ കഥയിലോ അവതരണത്തിലോ ഒരു സാമ്യവുമില്ല . എന്നെയും കുറച്ചുനാൾ 'മദ്രാസിലെ രാജ്കപൂർ ' എന്ന് ചിലർ വിളിച്ചിരുന്നു . പത്രക്കാരുടെ ഒരു ക്രൂരതയാണ് അത് . ഞാൻ അത് ഇഷ്ടപ്പെട്ടിരുന്നില്ല . ഇവിടെ മിസ്റ്റർ മേനോൻ ഇത് കേട്ട് മിണ്ടാതിരിക്കുന്നത് അദ്ദേഹത്തിന്റെ വിശാലമനസ്ഥിതി കൊണ്ടാണ്.”വേദിയിലിരുന്ന നസീർ സാർ കയ്യടിച്ചു.

എന്നാൽ ഞാനും ഭാഗ്യരാജും നല്ല ചങ്ങാതിമാരായി തന്നെ തുടർന്നു .അദ്ദേഹത്തിന്റെ പത്‌നി പൂർണ്ണിമ എന്റെ സിനിമകളിൽ പങ്കാളി ആയിരുന്നതുകൊണ്ട് ഞങ്ങൾ കുടുംബ സുഹൃത്തുക്കളായി . ഏറ്റവും ഒടുവിൽ ഞങ്ങൾ കൂടുന്നത് ദുബായിലെ 'മോർ കഫെ ' യിൽ വെച്ചാണ് ( Mall of the Emirates ). അന്ന് ഒത്തിരി നേരം ഞങൾ ഉള്ളു തുറന്നു സംസാരിച്ചു. ആ ഫോട്ടോ ആണ് ഇവിടെ ചേർക്കുന്നത്. 

ഭാഗ്യരാജിന്റെ പെട്ടന്നുള്ള ദേഹവിയോഗം ഒരു ഞെട്ടലോടെയാണ് ഞാൻ കേട്ടത്. അതിലും വേദനിപ്പിച്ച മറ്റൊന്നുണ്ട് . ഞാൻ സഹകരിക്കുന്ന അടുത്ത ചിത്രത്തിന്റെ കഥാ ചർച്ച നടക്കുകായായിരുന്നു. ദമ്പതിമാരുടെ കഥ ! അതിൽ ഒരു ദാമ്പത്യ കുടുംബമായി ഞങ്ങൾ രഹസ്യമായി പ്ലാൻ ചെയ്തിരുന്നത് ഭാഗ്യരാജ് - പൂർണ്ണിമ ദമ്പതിമാരായിരുന്നു. അതോർക്കുമ്പോൾ..

ഈ വേർപാട് സൃഷ്ട്ടിക്കുന്ന മനോ വ്യഥയെ നേരിടാനുള്ള ശേഷി സർവ്വശക്തനായ ദൈവം പൂർണ്ണിമക്കും കുട്ടികൾക്കും നൽകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. നാളെ രാവിലത്തെ ഫ്ലൈറ്റിൽ ഞാൻ സംസ്ക്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ ചെന്നൈക്ക് പോകണമെന്നു വിചാരിക്കുന്നു. മറ്റുള്ളവരിൽ നിന്ന് വേറിട്ട് ഭാഗ്യരാജ് എന്നെ വിളിച്ചിരുന്നത് 'മേനോൻ ' എന്നല്ല. 'മേനൻ 'എന്നാണ്. ഭാഗ്യരാജിന്റെ ആ പ്രത്യേക ശബ്ദത്തിൽ ഇപ്പോഴും മുഴങ്ങുന്നു …'മേനൻ ..… മേനൻ മേനൻ …

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'മിനി കൂപ്പറു'മായി ധ്യാൻ ശ്രീനിവാസൻ എത്തുന്നു !
മിസ്റ്ററി ഡ്രാമയുമായി സൈജു കുറുപ്പ്; 'സാക്ഷികൾ' ഫസ്റ്റ് ലുക്ക് എത്തി