ഏഷ്യാനെറ്റില്‍ വിപുലമായ ഓണം ആഘോഷം.
ഈ ഓണക്കാലത്ത്, കേരളം തലമുറകളായി പരിചയപ്പെടുകയും സ്നേഹിക്കുകയും ചെയ്ത അതേ തനിമയോടെ ഓണത്തെ പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് ഏഷ്യാനെറ്റ്. അതിന്റെ ഭാഗമായി ശ്രദ്ധേയമായ ‘OG Onam’ ക്യാമ്പയിന് തുടക്കമിടുകയാണ്. യഥാർത്ഥ ഓണത്തിന്റെ തനിമ നിർവചിക്കുന്ന കാലാതീതമായ പാരമ്പര്യങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ആദ്യത്തെ പൂക്കളം ഒരുക്കുന്നതു മുതൽ മഹാബലിയുടെ വരവേൽപ്പ് വരെ, പ്രിയപ്പെട്ടവരോടൊപ്പമുള്ള ഓണസദ്യ മുതൽ കുടുംബം ഒന്നിച്ചിരുന്ന് ടെലിവിഷൻ കാണുന്ന നിമിഷങ്ങൾ വരെ, കേരളത്തിന്റെ ഏറ്റവും വലിയ ഉത്സവത്തിന്റെ തനിമയും ഊഷ്മളതയും പ്രൗഢിയും പകർത്തുന്ന വ്യത്യസ്ത പ്രമേയങ്ങളുമായി ഓരോ ദിവസവും അണിയിച്ചൊരുക്കുന്ന 10 ദിവസത്തെ അതിഗംഭീര ആഘോഷത്തിനാണ് ഏഷ്യാനെറ്റ് ഒരുങ്ങുന്നത്.
100 ശതമാനം തനിമയാർന്ന പാരമ്പര്യങ്ങളോടെ ഓണം ആഘോഷിക്കുമെന്ന വാഗ്ദാനത്തിന് അനുസൃതമായി, ബ്ലോക്ക്ബസ്റ്റർ വേൾഡ് ടെലിവിഷൻ പ്രീമിയറുകൾ, ശ്രദ്ധേയമായ നോൺ-ഫിക്ഷൻ പരിപാടികൾ, താരനിബിഡമായ ഇവന്റുകൾ, പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട പരിപാടികളുടെ പ്രത്യേക എപ്പിസോഡുകൾ എന്നിവ ഉൾപ്പെടുന്ന, ഒരിക്കലും നഷ്ടപ്പെടുത്താൻ പാടില്ലാത്ത ആഘോഷ പരിപാടികളാണ് ‘OG Onam’ പ്രേക്ഷകർക്കായി ഒരുക്കുന്നത്.
വേൾഡ് ടെലിവിഷൻ പ്രീമിയറുകളുടെ ശക്തമായ നിരയാണ് ആഘോഷങ്ങൾക്ക് തുടക്കമിടുന്നത്. " പ്രതിച്ഛായ " യോടെയാണ് പ്രീമിയർ നിര ആരംഭിക്കുന്നത്. തുടർന്ന് 2026-ലെ കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചലചിത്രം മോളിവുഡ് ടൈംസ് എത്തുന്നു. ഏറെ ആസ്വാദ്യകരവും വൈകാരികമായി പ്രേക്ഷകരോട് ചേർന്നുനിൽക്കുന്നതുമായ കോമഡി ഡ്രാമയായ വാഴ 2 ഉം, കേരളം മുഴുവൻ പൊട്ടിച്ചിരിപ്പിച്ച കോമഡി സീക്വലായ മോഹിനിയാട്ടവും പ്രേക്ഷകർക്ക് മുന്നിലെത്തും. പ്രേക്ഷകർ വളരെ ആവേശത്തോടുകൂടി ഏറെ നാളായി കാത്തിരിക്കുന്ന ദൃശ്യം 3 യാണ് പ്രീമിയർ നിരയ്ക്ക് മാറ്റുകൂട്ടുന്നത്.
ഏഷ്യാനെറ്റ് ശ്രദ്ധേയമായ നോൺ-ഫിക്ഷൻ പരിപാടികളിലൂടെ ഈ ഉത്സവ ആവേശം തുടരും. ആവേശം നിറഞ്ഞ ബിഗ് ബോസ് അഗ്നിപരീക്ഷ സീസണിലുടനീളം പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തും. അതേസമയം, ഓണരുചിമേളവും ഓണക്കലവറയും ഓണത്തിന്റെ പ്രിയപ്പെട്ട പാചക വിഭവങ്ങളും രുചികളും പ്രേക്ഷകരിലേക്ക് എത്തിക്കും. ഓണത്തിന്റെ തനതായ രുചികൾ പകർത്തുന്നതിനൊപ്പം, പ്രധാന ആഘോഷ ദിവസങ്ങളിലേക്കുള്ള കേരളീയരുടെ ആവേശം നിലനിർത്താനും ഈ പരിപാടികൾ സഹായിക്കും.
ഏഷ്യാനെറ്റിന്റെ ഏറ്റവും പ്രിയപ്പെട്ട ഫിക്ഷൻ, നോൺ-ഫിക്ഷൻ പരിപാടികളുടെ പ്രത്യേക ഉത്സവ എപ്പിസോഡുകളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും. ഓഗസ്റ്റ് 30ന് അരങ്ങേറുന്ന സ്റ്റാർ സിംഗർ സീസൺ 10 ഗ്രാൻഡ് ഫിനാലെയാണ് ഈ ആഘോഷനിരയിലെ മറ്റൊരു പ്രധാന ആകർഷണം. കൂടാതെ, ഷെഫ് പിള്ളയ്‌ക്കൊപ്പം പൃഥ്വിരാജും ‘ഖലീഫ’യുടെ ടീമും പങ്കെടുക്കുന്ന പ്രത്യേക ചാറ്റ് ഷോയും പരിപാടികളുടെ ഭാഗമാകും. ജനപ്രിയ സിനിമാ താരങ്ങളെയും പാചക വിനോദത്തെയും ഒരേ വേദിയിൽ എത്തിക്കുന്ന ഈ പ്രത്യേക പരിപാടിക്കൊപ്പം ചെമ്പനീർപ്പൂവ്, പത്തരമാറ്റ്, മഴത്തോരും മുൻപേ എന്നീ പരമ്പരകളുടെ പ്രത്യേക എപ്പിസോഡുകളും സംപ്രേക്ഷണം ചെയ്യും.
ക്യാമ്പയിനെക്കുറിച്ച് ജിയോസ്റ്റാർ സൗത്ത് ക്ലസ്റ്റർ, എന്റർടെയ്ൻമെന്റ് ബിസിനസ് വിഭാഗം മേധാവി കൃഷ്ണൻ കുട്ടി പറഞ്ഞു: “തലമുറകളായി മലയാളി വീടുകളിൽ ഓണവും ഏഷ്യാനെറ്റും വേർപിരിയാനാകാത്ത ബന്ധമാണ്. ഈ വർഷം ‘OG Onam’ അവതരിപ്പിക്കുന്നതിലൂടെ ആ പാരമ്പര്യത്തെ ആദരിക്കുകയാണ് ഞങ്ങൾ. കൂടുതൽ വിഭജിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മീഡിയാ ലോകത്ത്, ഒരുമിച്ചുള്ള വിനോദാനുഭവങ്ങളിലൂടെ കുടുംബങ്ങളെ ഒന്നിപ്പിക്കുന്ന അപൂർവ അവസരങ്ങളിലൊന്നാണ് ഉത്സവങ്ങൾ. അതാണ് ഞങ്ങൾക്ക് ഓണത്തെ ഇത്രയും പ്രത്യേകമാക്കുന്നത്. കേരളത്തിന്റെ തനതായ പാരമ്പര്യങ്ങളെ അവയുടെ വേരുകളോട് ചേർന്നുനിൽക്കുന്ന ആധികാരികമായ കഥകളിലൂടെയും അനുഭവങ്ങളിലൂടെയും സാംസ്കാരിക നിമിഷങ്ങളിലൂടെയും ആഘോഷിക്കാനുള്ള അവസരമാണിത്. അതോടൊപ്പം, സമാനതകളില്ലാത്ത വ്യാപ്തിയും ആഴത്തിലുള്ള വൈകാരിക ബന്ധവും ഉറപ്പുനൽകുന്ന ഒരു വേദി പരസ്യദാതാക്കൾക്ക് ഒരുക്കാനും ഇതിലൂടെ സാധിക്കും.”
