'ആ സിനിമാ സെറ്റില്‍ മാത്രമേ അതുണ്ടായുള്ളൂ'; 'ക്ലാസ്മേറ്റ്സ്' ഓര്‍മ്മയില്‍ ബാലചന്ദ്ര മേനോന്‍

By Web TeamFirst Published Aug 26, 2021, 11:01 PM IST
Highlights

റിലീസിന്‍റെ 15-ാം വാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് ചിത്രം

മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ സിനിമകളുടെ കൂട്ടത്തില്‍ പ്രേക്ഷകരുടെ മനസ്സില്‍ ഒളി മങ്ങാത്ത ചിത്രമാണ് ലാല്‍ജോസിന്‍റെ സംവിധാനത്തില്‍ 2006ല്‍ പുറത്തെത്തിയ 'ക്ലാസ്മേറ്റ്സ്'. ഓഗസ്റ്റ് 31ന് റിലീസ് ചെയ്യപ്പെട്ട ചിത്രം ഇപ്പോള്‍ റിലീസിന്‍റെ 15-ാം വാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്. ഈ വേളയില്‍ ചിത്രത്തെ സംബന്ധിച്ച് തനിക്ക് വ്യക്തിപരമായി പ്രാധാന്യമുള്ള ഒരു ഓര്‍മ്മ പങ്കുവെക്കുകയാണ് ബാലചന്ദ്ര മേനോന്‍. 'പ്രൊഫ: അയ്യര്‍' എന്ന കോളെജ് അധ്യാപകന്‍റെ വേഷമായിരുന്നു ചിത്രത്തില്‍ ബാലചന്ദ്ര മേനോന്. 

താന്‍ വിവാഹ വാര്‍ഷികം ആഘോഷിച്ച ഒരേയൊരു സിനിമാ സെറ്റ് ക്ലാസ്മേറ്റ്സിന്‍റേത് ആയിരുന്നുവെന്ന് ബാലചന്ദ്ര മേനോന്‍ പറയുന്നു. താന്‍ ഏറെ ആസ്വദിച്ച ചിത്രമായിരുന്നു അതെന്നും- "ക്ലാസ്മേറ്റ്സ്! ഞാന്‍ ഏറെ ആസ്വദിച്ച ചിത്രം. പക്ഷേ എന്നെ സംബന്ധിച്ച് ആ സിനിമയെ കൂടുതല്‍ സ്പെഷല്‍ ആക്കുന്നത്, എന്‍റെ വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ കഴിഞ്ഞ ഒരേയൊരു സിനിമാ സെറ്റ് അതാണ് എന്നതാണ്. ഭാര്യയും മകളും എനിക്കൊപ്പമുണ്ടായിരുന്നു. ജഗതി ശ്രീകുമാറും ശോഭയും ആഘോഷത്തില്‍ പങ്കെടുത്തു. 15 വര്‍ഷങ്ങള്‍ക്കിപ്പുറം ആ ചെറുപ്പക്കാര്‍ ഒക്കെത്തന്നെ നല്ല ഭര്‍ത്താക്കന്മാരായും ഭാര്യമാരായും ഒപ്പം സിനിമയിലും വിജയം കൈവരിച്ചവരായും നില്‍ക്കുന്നതു കാണുമ്പോള്‍ ഏറെ സന്തോഷമുണ്ട്", ക്ലാസ്മേറ്റ്സ് ഓര്‍മ്മച്ചിത്രങ്ങള്‍ക്കൊപ്പം ബാലചന്ദ്ര മേനോന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

പൃഥ്വിരാജ്, നരെയ്ന്‍, ജയസൂര്യ, ഇന്ദ്രജിത്ത്, കാവ്യ മാധവന്‍, ബാലചന്ദ്ര മേനോന്‍, ജഗതി ശ്രീകുമാര്‍, സുരാജ് വെഞ്ഞാറമൂട്, സുകുമാരി തുടങ്ങി വലിയ താരനിര അണിനിരന്ന ചിത്രമായിരുന്നു ക്ലാസ്മേറ്റ്സ്. ജെയിംസ് ആല്‍ബര്‍ട്ടിന്‍റേതായിരുന്നു തിരക്കഥ. ഛായാഗ്രഹണം രാജീവ് രവിയും സംഗീതം അലക്സ് പോളും ആയിരുന്നു. ചിത്രത്തിലെ ഗാനങ്ങള്‍ ഇപ്പോഴും ജനപ്രീതിയില്‍ തുടരുന്നവയാണ്. വലിയ ബോക്സ് ഓഫീസ് വിജയവുമായിരുന്നു ചിത്രം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!