
ബിഗ് സ്‌ക്രീനിലേയും, മിനിസ്‌ക്രീനിലേയും ഒട്ടനവധി കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് ബാലാജി ശര്‍മ്മ. 'കായംകുളം കൊച്ചുണ്ണി', 'മൂന്നുമണി', 'അലകള്‍', 'മൗനരാഗം' തുടങ്ങിയ പരമ്പരകളിലൂടെയാണ് ബാലാജി പ്രേക്ഷകരിലേക്ക് ഏറെ അടുത്തത്. പൃഥ്വിരാജ് സുകുമാരന്റെ ആക്ഷന്‍ ഹീറോ ചിത്രമായ 'കടുവ'യിലാണ് ബാലാജി അവസാനമായി വേഷമിട്ടത്. തന്റെ പല സ്വപ്‌നങ്ങളും ഫേസ്ബുക്കില്‍ പങ്കുവയ്ക്കാറുള്ള ബാലാജിയുടെ പുതിയ കുറിപ്പാണ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്. 'കടുവ' എന്ന ചിത്രത്തില്‍ ഫസ്റ്റ് ഷോട്ടിലെത്തിയതിന്റെ ഹാങോവര്‍ വിടുന്നതിന് മുന്നേതന്നെ, പൃഥ്വിരാജുമായുള്ള അടുത്ത സിനിമയാണ് ബാലാജിയുടെ സ്വപ്‍നം. മനോഹരമായ എഴുത്ത് ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. സുഖിപ്പിക്കല്‍ കുറച്ച് കൂടുന്നുണ്ടെന്നും, വല്ലാത്തൊരു സ്വപ്‌നമായി പോയെന്നുമെല്ലാമാണ് ആരാധകര്‍ പോസ്റ്റിന് കമന്റിടുന്നത്.
കുറിപ്പ് വായിക്കാം
''ലൊക്കേഷനില്‍ വെള്ള ഷര്‍ട്ടും വെള്ള പാന്റ്‌സുമിട്ടു വന്ന പൃഥ്വിരാജിനെ വാ പൊളിച്ചു നോക്കി കൊണ്ട് നില്‍ക്കുമ്പോഴാണ് അണ്ണാ എന്നൊരു വിളി... നോക്കുമ്പോള്‍ വിളിക്കുന്നത് പൃഥ്വിരാജ് സുകുമാരന്‍ തന്നെയാണ്. സാധാരണ എത്ര മൂത്തവരെയാണെങ്കിലും പേര് വിളിക്കുന്ന പ്രിഥ്വി ആണോ ( മോഹന്‍ലാല്‍, മമ്മൂട്ടി, അമിതാഭ് ബച്ഛന്‍ എന്നിവരെ ഒഴികെ) എന്നെ സ്‌നേഹപുരസരം അണ്ണാ എന്ന് വിളിച്ചത് എന്ന് അന്തം വിട്ടു നില്‍ക്കുമ്പോള്‍ 'അണ്ണാ നിങ്ങളെ തന്നെ..വാ '..കടുവയിലെ ഫസ്റ്റ് സീനില്‍ വന്ന് ഞാന്‍ പൊളിച്ചല്ലോ അതിന്റെ സ്‌നേഹമായിരിക്കും എന്ന് കരുതി ഞാന്‍ അടുത്ത് ചെന്നു. പുതിയ പടത്തിലെ പൗരുഷ പ്രതീകമായി പകര്‍ന്നാട്ടം നടത്താന്‍ തയാറായി നില്‍ക്കുകയാണ് രാജു. ഞാന്‍ അടുത്ത് ചെന്നപ്പോള്‍ വിശേഷങ്ങള്‍ തിരക്കിയതിന്റെ കൂട്ടത്തില്‍ തിരുവനന്തപുരം ബേസ് ചെയ്‍ത കഥയായത് കൊണ്ട് എന്തെങ്കിലും തിരുവനന്തപുരം ഇന്‍പുട്‌സ് കിട്ടാനായിരിക്കും എന്നെ വിളിച്ചത് എന്ന് കരുതി ഞാന്‍ വാളൂരാന്‍ തുടങ്ങി,'രാജു... ഈ പടത്തില്‍ വ്യത്യസ്‍തമായ എന്തെങ്കിലും പിടിക്കണം മീശ പിരിയല്‍, മുണ്ട് മടക്കല്‍, വള കാണിക്കല്‍ ഒക്കെ നമ്മള്‍ കടുവയില്‍ കണ്ടു. ഇതില്‍ തിരുവനന്തപുരം സ്ലാങ് പിടിച്ചാല്‍ പൊളിയായിരിക്കും.' അപ്പോള്‍ രാജു എന്ത് പിടിക്കും എന്ന അര്‍ത്ഥത്തില്‍ നോക്കി അപ്പോള്‍ ഞാന്‍ 'അളിയാ, മച്ചുന, മച്ചമ്പി, അളി, മച്ചു എന്നിവയൊക്കെ ലാലേട്ടന്‍ വിട്ട സാധനങ്ങള്‍ ആണ്. നമുക്ക് സിറ്റി സ്ലാങ് പിടിക്കണം. ഫോര്‍ എക്‌സാമ്പിള്‍, 'എന്തെടെ... ഷേ.... തന്നെ.. ധര്‍പ്പെ കുജേ.. സ്റ്റുണ്ടടിച്ചു നിന്നപ്പം... വേട്ടവളിയന്‍ ലുക്ക്... അങ്ങിനെ അങ്ങിനെ...' പൃഥ്വിരാജ്രാജ് സന്തോഷ പുളകിതനായി 'അണ്ണാ കലക്കി' അത് തന്നെ പിടിക്കാം' എന്ന് പറഞ്ഞു എന്നെ കെട്ടിപിടിച്ചു ഒരു മലക്കം മറിഞ്ഞു. ഉരുണ്ടടിച്ചു താഴെ വീണ ഞാന്‍ കട്ടിലില്‍ ഇഴഞ്ഞു കയറിയപ്പോള്‍ ഉച്ചയൂണ് കഴിഞ്ഞു ഇനി ഉറങ്ങില്ല എന്ന തീരുമാനം എടുത്തു.
Read More : 'ഹരി'യെ പോലീസ് അറസ്റ്റ് ചെയ്‍തത് കള്ള പരാതിയിലോ?, 'സാന്ത്വനം' റിവ്യു