
പ്രണയംകൊണ്ടും കഥാഗതിയിലെ ട്വിസ്റ്റുകള്‍കൊണ്ടും കുടുംബ സദസുകളെ ത്രസിപ്പിക്കുന്ന പരമ്പരയാണ് 'സാന്ത്വനം'. കുടുംബ ബന്ധങ്ങളുടെ തീവ്രത അതിന്റെ ഏറ്റവും മനോഹരമായ രീതിയില്‍ അവതരിപ്പിക്കുന്നത് കൊണ്ടുതന്നെ പരമ്പരയുടെ റേറ്റിംഗും, ആരാധകവൃന്ദവും ഏറെ മുന്നിലാണ്. 'ബാലന്‍', 'ഹരി', 'ശിവന്‍', 'കണ്ണന്‍' തുടങ്ങിയ സഹോദരങ്ങളും 'ദേവി', 'അപര്‍ണ്ണ', 'അഞ്‍ജലി' തുടങ്ങിയ അവരുടെ ഭാര്യമാരുമാണ് പരമ്പരയിലെ പ്രധാന കഥാപാത്രങ്ങള്‍. ഇവര്‍ തമ്മിലുള്ള സ്‌നേഹബന്ധങ്ങളും പ്രണയവുമെല്ലാം മനോഹരമായാണ് പരമ്പര കാണിക്കുന്നത്. എന്നാല്‍ അവര്‍ ചെന്നുപെടുന്ന ചില അപ്രതീക്ഷിതമായ പ്രശ്‌നങ്ങള്‍ പരമ്പരയെ ഇടയ്‌ക്കെല്ലാം കലുഷിതമായ ചുറ്റുപാടുകളിലേക്ക് നയിക്കുന്നുണ്ട് (Santhwanam review).
'സാന്ത്വനം' കുടുംബത്തോട് വെറുപ്പ് വച്ചുപുലര്‍ത്തുന്ന പലരും പരമ്പരയിലേക്ക് വില്ലന്‍ പരിവേഷത്തോടെ എത്തുന്നുണ്ട്. എന്നാല്‍ അത്തരത്തിലുള്ള മിക്കവരും പിന്നീട് 'സാന്ത്വനം' കുടുംബത്തോട് അടുക്കുന്നുമുണ്ട്. തമ്പി എന്ന കഥാപാത്രം അങ്ങനെയാണ് പ്രേക്ഷകപ്രീതി നേടുന്നത്. തന്റെ മകളായ 'അപര്‍ണ്ണ'യെ 'സാന്ത്വനം' വീട്ടിലെ ഹരി പ്രണയിച്ച് വിവാഹം കഴിക്കുന്നതോടെ, 'സാന്ത്വനം' വീട്ടുകാരോട് അടക്കാനാകാത്ത കലി 'തമ്പി'ക്ക് ഉണ്ടാകുകയും, ആ തീവ്രതയില്‍ കുടുംബത്തെ നശിപ്പിക്കാനായി പലതരം പ്രശ്‌നങ്ങളും 'തമ്പി' ഉണ്ടാക്കുന്നുമുണ്ടായിരുന്നു. എന്നാല്‍ 'സാന്ത്വനം' കുടുംബത്തിന്റെ ഏകതയും സ്‌നേഹവും മനസ്സിലാക്കുന്ന 'തമ്പി' ഇന്ന് 'സാന്ത്വനം' കുടുംബത്തിന്റെ ഫാനാണ്.
കുടുംബം ആണെന്നിരിക്കിലും 'സാന്ത്വനം' വീടിനോട് കാലങ്ങളായി ശത്രുത വച്ചുപുലര്‍ത്തുന്നവരാണ് 'ഭദ്രനും' മക്കളും. വളരെ പണ്ട് 'സാന്ത്വന'ത്തിലെ അച്ഛന്‍ 'കൃഷ്‍ണന്‍',' ഭദ്രനെ' പറ്റിച്ചതാണ് ശത്രുതയ്ക്ക് കാരണമെന്നാണ് 'ഭദ്രന്‍' പറയുന്നത്. ഭദ്രന്റെ സഹോദരിയുമായും, തറവാട് വീടായും 'സാന്ത്വനം' സഹോദരങ്ങള്‍ അടുക്കുന്നതില്‍ രോഷം പൂണ്ട 'ഭദ്രനും' മക്കളും, 'സാന്ത്വന'ത്തെ അടിമുടി നശിപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നു. അതിനായി പലതരം കളികളും 'ഭദ്രന്‍' കളിക്കുന്നുമുണ്ടായിരുന്നു. 'ബാലനും' 'ദേവി'യും നടത്താനിരുന്ന ക്ഷേത്രത്തിലെ പൂജ നശിപ്പിച്ചതും, സാന്ത്വനത്തിലെ ഇളയ സഹോദരനായ 'കണ്ണനെ' ബലമായി മദ്യം കൊടുത്തതുമടക്കം പലതരം മോശം കളികളും 'ഭദ്രന്‍' കാണിക്കുന്നു. അതിന് പകരം വീട്ടാനായി 'സാന്ത്വന'ത്തിലെ കലിപ്പന്‍ സഹോദരനായ 'ശിവന്‍' ഒരുങ്ങിയിറങ്ങുമ്പോള്‍, വല്ല്യേട്ടനായ 'ബാലനാ'ണ് തടയുന്നതും, അടക്കി നിര്‍ത്തുന്നതും. എന്നാല്‍ ആരും പ്രതീക്ഷിക്കാതെ 'ഹരി' പകരം വീട്ടല്‍ ഏറ്റെടുക്കുകയായിരുന്നു. കഴിഞ്ഞദിവസം ബാറില്‍ മദ്യപിച്ചിരിക്കുകയായിരുന്ന 'ഭദ്രന്റെ' മക്കളെ അജ്ഞാത സംഘം അക്രമിച്ചിരുന്നു. അതാരാണെന്നുള്ള അന്വേഷണത്തിലായിരുന്നു കാഴ്ച്ചക്കാരും, പരമ്പരയിലെ കഥാപാത്രങ്ങളുമെല്ലാം. 'ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ' എന്ന തരത്തില്‍ അക്രമത്തിന്റെ ഉത്തരവാദിത്തം 'ശിവനി'ലേക്ക് അടുപ്പിക്കാനായി പ്രേക്ഷകര്‍ ഒരുങ്ങുമ്പോളാണ് പരമ്പരയിലെ പുതിയ ട്വിസ്റ്റ് ഉണ്ടാകുന്നത്.
'ഭദ്രന്റെ' പരാതിയിന്മേല്‍ 'സാന്ത്വനം' വീട്ടിലെ 'ഹരി'യെയാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. സംഭവം നടക്കുന്ന സമയത്ത് 'ഹരി' വീട്ടില്‍ ഇല്ലാതിരുന്നതും, അതിന് മുന്നേയായി താന്‍ 'ഭദ്രനേ'യും മക്കളേയും ശരിയാക്കും എന്ന് 'ഹരി' പറഞ്ഞതും പ്രേക്ഷകരുടെ മനസ്സില്‍ ചെറിയ സംശയം ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ താനല്ല ചെയ്‍തതെന്ന് പൊലീസിനോടും വീട്ടുകാരോടും 'ഹരി' ആവുന്നത്രയും സത്യമായി പറയുന്നുണ്ട്. രാത്രി വീട്ടില്‍നിന്നും എല്ലാവരുടേയും മുന്നില്‍ നിന്നുമാണ് 'ഹരി'യെ അറസ്റ്റ് ചെയ്യുന്നത്. ഇത് കള്ള പരാതിയാണെന്ന് വിശ്വസിക്കാനാണ് പ്രേക്ഷകര്‍ക്ക് ഇഷ്‍ടമെങ്കിലും, മേല്‍പ്പറഞ്ഞ ചില കാര്യങ്ങള്‍ എല്ലാവരിലും സംശയം ഉണര്‍ത്തുന്നു. എന്താകും നടക്കാനിരിക്കുന്നതെന്ന് കണ്ടറിയാം.
Read More : ഫാന്റസി കാഴ്‍ചകളില്‍ രസിപ്പിക്കുന്ന 'മഹാവീര്യര്‍'- റിവ്യു