
നന്ദമൂരി ബാലകൃഷ്ണ (Nandamuri Balakrishna) എന്ന ബാലയ്യയുടെ കരിയറിലെ വലിയ വിജയമായ ആക്ഷന്‍ ഡ്രാമ ചിത്രം 'അഖണ്ഡ' (Akhanda)യുടെ രണ്ടാം ഭാഗം വരുന്നുവെന്ന് റിപ്പോർട്ട്. 2023ഓടെ ചിത്രം പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പിങ്ക്‌വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു.
അടുത്ത വര്‍ഷത്തെ ഏറ്റവും വലിയ റിലീസ് ആയിരിക്കും അഖണ്ഡ രണ്ടാം ഭാഗം. പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമായി ബാലയ്യ തിരിച്ചുവരുമെന്ന് ചിത്രവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നു. കഥ അന്തിമരൂപത്തിലേക്ക് എത്തിയിട്ടില്ല. പല തരത്തിലുള്ള ആശയങ്ങള്‍ ആലോചിക്കുന്നുണ്ടെന്നും ഇവർ പറഞ്ഞു. ബാലകൃഷ്ണയും ബോയപ്പെട്ടി ശ്രീനുവും ഒന്നിക്കുന്ന നാലാത്തെ ചിത്രമാകും അഖണ്ഡ രണ്ടാം ഭാഗം. നേരത്തെ സിംഹ, ലെജന്റ്, അഖണ്ഡ എന്നീ ചിത്രങ്ങളാണ് ബോയപ്പതി ശ്രീനുവിന്റെ സംവിധാനത്തില്‍ ബാലകൃഷ്ണ നായകനായി എത്തിയത്.
റിലീസ് ചെയ്ത് 50 ദിവസം കൊണ്ട് 200 കോടിക്കു മേല്‍ നേട്ടമുണ്ടാക്കിയ ചിത്രമാണ് അഖണ്ഡ. 200 കോടി തിയറ്റര്‍ കളക്ഷനിലൂടെ മാത്രമല്ല, സാറ്റലൈറ്റ്, ഡിജിറ്റല്‍ അവകാശങ്ങളുടെ വില്‍പ്പനയിലൂടെയുമാണ് സ്വന്തമാക്കിയത്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ജനുവരി 21ന് ചിത്രം റിലീസ് ചെയ്തിരുന്നു. തിയറ്ററുകളിലേതുപോലെ അവിടെയും അമ്പരപ്പിക്കുന്ന പ്രകടനമാണ് ബാലയ്യ നടത്തിയത്.
അഖോര സന്യാസിയായ അഖണ്ഡ രുദ്ര സിക്കന്ദര്‍, മുരളീ കൃഷ്‍ണ എന്നിങ്ങനെ ഇരട്ട വേഷങ്ങളിലാണ് ബാലയ്യ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. പ്രഗ്യ ജയ്‍സ്വാള്‍ നായികയായ ചിത്രത്തില്‍ ജഗപതി ബാബു, ശ്രീകാന്ത്, നിതിന്‍ മെഹ്ത, പൂര്‍ണ്ണ, അവിനാഷ്, സുബ്ബരാജു, ശ്രാവണ്‍ എന്നിവരും അഭിനയിച്ചിരിക്കുന്നു. ബോയപ്പെട്ടി ശ്രീനുവാണ് സംവിധാനം. സംവിധായകനൊപ്പം എം രത്നവും ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സി രാം പ്രസാദ് ആണ് ഛായാഗ്രഹണം. സംഗീതം എസ് തമന്‍, ദ്വാരക ക്രിയേഷന്‍സിന്‍റെ ബാനറില്‍ മിര്യാള രവീന്ദര്‍ റെഡ്ഡിയാണ് നിര്‍മ്മിച്ചിരിക്കുന്നത്.