
ചിദംബരം സംവിധാനം ചെയ്ത 'ബാലൻ- ദി ബോയ്' ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളെ ആകർഷിച്ചു കൊണ്ട് മുന്നേറ്റം തുടരുകയാണ്. മലയാളത്തിന്റെ അതിരുകൾ ഭേദിച്ച് കൊണ്ട് നിരൂപകരും സിനിമാ പ്രേമികളും ആരാധകരും ഒരേപോലെ പ്രശംസ ചൊരിയുന്ന ഈ ചിത്രം, മലയാള സിനിമയിലെ ക്ലാസ്സിക്കുകളിൽ ഒന്നായി ഇതിനോടകം ഇടം പിടിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളായ തെസ്‌പിയൻ ഫിലിംസിന്റെ സതീഷ് ഫെൻ ചിത്രത്തെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഏറെ വൈകാരികമായ വാക്കുകളാണ് അദ്ദേഹം സോഷ്യൽ മീഡിയ കുറിപ്പിലൂടെ പങ്ക് വെച്ചത്. സംവിധായകൻ ജിത്തു മാധവൻ രചന നിർവഹിച്ച ചിത്രം നിർമ്മിച്ചിരിക്കുന്നത് കെ വി എൻ പ്രൊഡക്ഷൻസ്, തെസ്പിയൻ ഫിലിംസ് എന്നിവയുടെ ബാനറിൽ വെങ്കട്ട് കെ നാരായണ, സതീഷ് ഫെൻ, ശൈലജ ദേശായി ഫെൻ, എന്നിവർ ചേർന്നാണ്.
ബാലൻ റിലീസ് ചെയ്ത് പത്താം ദിവസമായ ജൂൺ 28 നാണ് ചിത്രത്തിന്റെ ഭാഗമായിട്ട് കൂടി താൻ ഈ ചിത്രം ആദ്യമായി കണ്ടതെന്ന് സതീഷ് ഫെൻ പറയുന്നു. മുംബൈയിലെ അന്ധേരി സിറ്റി മാളിൽ ഉച്ചകഴിഞ്ഞ് 12 മണിയുടെ ഷോ ആണ് താൻ ഈ ചിത്രം കണ്ടതെന്നും അദ്ദേഹം പറയുന്നു. 2006 ൽ മുംബൈയിൽ താൻ എത്തിയതിന് ശേഷം ആദ്യമായി കണ്ട ചിത്രവും ഇതേ മാളിലെ സ്‌ക്രീനിൽ ആയിരുന്നു എന്നും, അന്ന് ഷാരൂഖ് ഖാന്റെ ചിത്രം ഇവിടെ കാണുമ്പോൾ മനസ്സിൽ കണ്ട സ്വപ്നമാണ് ഇപ്പോൾ സാക്ഷാത്കരിച്ചതെന്നും അദ്ദേഹം പറഞ്ഞു. തനിക്കും സ്വന്തമായി ഒരു നിർമ്മാണ കമ്പനി ഉണ്ടാക്കണമെന്നും, താൻ നിർമ്മിച്ച ചിത്രം ഇതേ സ്‌ക്രീനിൽ നിറഞ്ഞ ഹൃദയത്തോടെ കാണണം എന്നുമായിരുന്നു ആ സ്വപ്നം എന്നും അദ്ദേഹം കുറിച്ചു.
അത് ഇപ്പോൾ 2026 ജൂൺ 28 ന് സാക്ഷാത്കരിക്കപ്പെട്ടു എന്നും, അവിടെ ബിഗ് സ്‌ക്രീനിൽ തന്റെ പ്രൊഡക്ഷൻ ഹൌസിന്റെ പേര് താൻ ഇന്ന് കണ്ടു എന്നും തെസ്പിയൻ ഫിലിംസ് എന്ന് ബിഗ് സ്ക്രീനിൽ തെളിഞ്ഞ നിമിഷം, ഈ യാത്രയെ നിർവചിക്കാൻ, തനിക്ക് എന്താണ് തോന്നുന്നത് എന്നതിനെ കുറിച്ചു പറയാൻ വാക്കുകൾ കിട്ടുന്നില്ല എന്നും അദ്ദേഹം പറയുന്നു. താൻ ശരിക്കും ഒരു മായാലോകത്തെന്ന പോലെയാണ് ഫീൽ ചെയ്യുന്നതെന്നും അദ്ദേഹം കുറിച്ചു. ഈ സ്വപ്നം സാക്ഷാത്കരിക്കാൻ കൂടെ നിന്ന, കെവിഎൻ പ്രൊഡക്ഷൻസിന്റെ വെങ്കിട്ട് സാറിന് താൻ ആദ്യം നന്ദി പറയുന്നു എന്നും, തങ്ങളുടെ അഭിനിവേശത്തിൽ വിശ്വസിച്ചു കൊണ്ട്, തങ്ങളുടെ വിവരണം കേട്ട്, ഒരു കൺപോള പോലും അടക്കാതെ മുന്നോട്ട് പോകൂ എന്ന് പറഞ്ഞു കൊണ്ട് ബാലനിലും ഹൈവാനിലും തങ്ങൾക്കൊപ്പം അദ്ദേഹം നിന്നുവെന്ന് സതീഷ് പറയുന്നു. 2024 ൽ തന്റെ ഓഫീസ് ലോബിയ്ക്ക് പുറത്ത് ഇരുന്ന്, തന്റെ തിരക്കുകൾ മാറ്റിവെച്ച്, താൻ ഒരു നിർമ്മാതാവാകണം എന്ന വസ്തുതയിൽ എല്ലായ്പ്പോഴും ഉറച്ചുനിന്ന അഫ്സർ സൈദിയുടെ വാക്കുകളിൽ നിന്ന് ആരംഭിച്ച യാത്രയാണ് തെസ്പിയൻ ഫിലിംസിന്റെ രൂപീകരണത്തിലേക്ക് നയിച്ചത് എന്നും സതീഷ് ഫെൻ നന്ദിയോടെ ഓർത്തെടുക്കുന്നു.
തുടർന്ന് ആദ്യ ചിത്രമായി, തന്റെ പിതാവിന്റെയും എല്ലാ മലയാളികളുടെയും അഭിമാനവും കേരളത്തിന്റെ നിധിയുമായ പ്രിയദർശനുമായി ചേർന്ന് ഹൈവാൻ സജ്ജീകരിച്ചു എന്നും അദ്ദേഹം കുറിക്കുന്നു. അതിന് ശേഷം ചിദംബരം തന്നോട് ഒരുമിച്ച് ഒരു സിനിമ ചെയ്യാമെന്ന് പറഞ്ഞപ്പോൾ എങ്ങനെ പ്രതികരിക്കണമെന്ന് തനിക് അറിയില്ലായിരുന്നു എന്നും സതീഷ് ഫെൻ പറയുന്നു. നിങ്ങൾ ഗൗരവത്തോടെയാണോ ഇത് പറയുന്നത് എന്ന് താൻ വീണ്ടും അദ്ദേഹത്തോട് ചോദിച്ചപ്പോൾ, അദ്ദേഹം തന്നോട് പറഞ്ഞത് അവർ പൂർണ്ണ ഗൗരവത്തോടെ തന്നെയാണ് ഇതിനെ സമീപിക്കുന്നത് എന്നായിരുന്നു എന്നും സതീഷ് ഫെൻ പറഞ്ഞു. ജിത്തു മാധവൻ ആണ് തിരക്കഥയെഴുതിയതെന്നും, ഈ സിനിമ ഒരു അമ്മയെയും മകനെയും കുറിച്ചുള്ളതാണെന്നും, മകൻ ജയിലിൽ ജനിക്കുന്നുവെന്നും പറയുന്ന ഒരു വരി ചിദംബരം വിവരിച്ചു. പുതിയ വ്യക്തിത്വം തേടി ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് പോകുന്നവരാണ് അവർ. ആ കൊച്ചുകുട്ടിയെ സംബന്ധിച്ചിടത്തോളം, അവൻ കാണുന്നതെല്ലാം യഥാർത്ഥ ലോകത്തിലെ ഒരു പുതിയ അനുഭവമാണ്. അത്രയേ തനിക്ക് അറിയാമായിരുന്നുളൂവെന്നും, അതിനൊപ്പം താൻ മുന്നോട്ട് പോയി എന്നും സതീഷ് പറഞ്ഞു.
ഇന്ന് ഈ ചിത്രം മുഴുവനായി കാണുന്നത് വരെ താൻ അതിൽ വിശ്വസിച്ച് ബിസിനസ്സ് ചെയ്തു എന്നും എന്നും അദ്ദേഹം പറയുന്നു. താൻ ഈ സിനിമയോട് നീതി പുലർത്തുമെന്ന് വിശ്വസിച്ച ചിദംബരത്തെക്കുറിച്ചുള്ള തന്റെ പൂർണ്ണവിശ്വാസം മൂലമാണ് താനിത് ചെയ്തത് എന്നും, തന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ സാധുത അതായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ചിത്രത്തിന് ചിദംബരത്തോടു നന്ദി പറഞ്ഞ സതീഷ് ഫെൻ, ഇത് ഏറ്റവും ശുദ്ധമായ സിനിമയാണ് എന്നും, സർവ്വശക്തന്റെ അനുഗ്രഹത്തിനും കൃപയ്ക്കും നന്ദി പറയുന്നു എന്നും കുറിച്ചു കൊണ്ടാണ് തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.
നേരത്തെ കാൻ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി മാർഷേ ഡു ഫിലിമിൽ പ്രദർശിപ്പിച്ച ചിത്രം അവിടേയും മികച്ച നിരൂപക പ്രശംസ നേടിയിരുന്നു. ഒരമ്മയുടെയും മകൻ്റെയും ജീവിതത്തിലൂടെ സഞ്ചരിച്ചു കൊണ്ട് വ്യക്തിത്വത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. ഫർസാന പാലത്തിങ്കൽ, ആദിശേഷൻ, മുഹമ്മദ് സിനാൻ, ടോവിനോ തോമസ്, ഡോളി ജൂൺ, ജീൻ പോൾ ലാൽ, ഗിരീഷ് എ ഡി, ബീന ആൻ്റണി എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ആണ് ചിത്രം എത്തിയിരിക്കുന്നത്.
ഛായാഗ്രഹണം - ഷൈജു ഖാലിദ്, സംഗീതം- സുഷിൻ ശ്യാം. എഡിറ്റർ- വിവേക് ഹർഷൻ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, കാസ്റ്റിംഗ് ഡയറക്ടർ/ എക്സികുട്ടീവ് പ്രൊഡ്യൂസർ - ഗണപതി, വസ്ത്രാലങ്കാരം - സപ്‍ന കാജാ റാവുത്തർ, മേക്കപ്പ്- റോണക്സ് സേവ്യർ, ആർട്ട് ഡയറക്ടർ- ഇന്ദുലാൽ കാവീട്, ഓഡിയോഗ്രഫി - ഷിജിൻ മെൽവിൻ ഹട്ടൻ, അഭിഷേക് നായർ, അസ്സോസിയേറ്റ് പ്രൊഡ്യൂസഴ്സ് - സുപ്രീത്, ധവൽ ജട്ടാനിയ, പൂജ ഷാ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസ്സോസിയേറ്റ് ഡിറക്ടർസ്- ബിനു ബാലൻ, എസ് കെ ശ്രീരാഗ്, കളറിസ്റ്റ് - ശ്രീക് വാര്യർ, വിഎഫ്എക്സ് - എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, സ്റ്റിൽ ഫോട്ടോഗ്രാഫർ- രോഹിത് കെ സുരേഷ്, പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്സ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ