
മുംബൈ: പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായിരുന്ന ബപ്പി ലാഹിരി (69/ Bappi Lahiri) അന്തരിച്ചു. മുംബൈയിലെ ക്രിട്ടികെയര്‍ ആശുപത്രിയില്‍ വച്ചാണ് മരണം. എഴുപതുകളിലും എണ്‍പതുകളിലും ബോളിവുഡില്‍ നിരവധി ഹിറ്റ് ഗാനങ്ങളാണ് അദ്ദേഹം ചിട്ടപ്പെടുത്തിയത്. അവയില്‍ പലതും ആലപിക്കുകയും ചെയ്‍തു. ഇന്ത്യന്‍ സിനിമയില്‍ ഡിസ്കോ സംഗീതത്തെ ജനപ്രിയമാക്കിയത് ബപ്പി ലാഹിരിയാണ്. 2020 ചിത്രം ഭാഗിയിലാണ് അദ്ദേഹത്തിന്‍റെ അവസാന ഗാനം.
ഒരു ബംഗാളി ബ്രാഹ്‍മണ കുടുംബത്തില്‍ ജനിച്ച അദ്ദേഹത്തിന്‍റെ ഔദ്യോഗിക നാമം അലോകേഷ് ലാഹിരി എന്നാണ്. മാതാപിതാക്കളായ അപരേഷ് ലാഹിരിയും ഭാന്‍സുരി ലാഹിരിയും ശാസ്ത്രീയ സംഗീതം അഭ്യസിച്ച ഗായകരായിരുന്നു. കിഷോര്‍ കുമാര്‍ ബന്ധുവാണ്. മൂന്നാം വയസ്സില്‍ തബല പഠിച്ചുതുടങ്ങിയ അലോകേഷ് പിന്നീട് സംഗീത പഠനത്തിലേക്ക് എത്തുകയായിരുന്നു. ഡിസ്കോ ഡാന്‍സര്‍, ഷറാബി തുടങ്ങി എണ്‍പതുകളിലെ നിരവധി ജനപ്രിയ ചിത്രങ്ങള്‍ക്ക് അദ്ദേഹമൊരുക്കിയ ഗാനങ്ങള്‍ ഇന്നും സിനിമാപ്രേമികളുടെ മനസ്സിലുണ്ട്. സല്‍മാന്‍ ഖാന്‍ അവതാരകനായ ബിഗ് ബോസ് സീസണ്‍ 15ല്‍ അതിഥിയായി എത്തിയതാണ് ബപ്പി ലാഹിരിയുടെ അവസാനത്തെ വേദി.
ഒരു മാസം മുന്‍പ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം തിങ്കളാഴ്ച വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ ചൊവ്വാഴ്ച ആരോഗ്യം വീണ്ടും മോശമാവുകയായിരുന്നു. പരിശോധനയ്ക്കായി ഒരു ഡോക്ടറെ വീട്ടിലെത്തിച്ച കുടുംബം പിന്നാലെ വീണ്ടും അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. പല ആരോഗ്യ പ്രശ്നങ്ങളുമുണ്ടായിരുന്ന അദ്ദേഹത്തിന്‍റെ മരണ കാരണം ഒഎസ്എ (ഒബ്സ്ട്രക്റ്റീവ് സ്ലീപ്പ് അപ്നിയ) ആണെന്ന് ക്രിട്ടികെയര്‍ ആശുപത്രി ഡയറക്ടര്‍ ഡോ. ദീപക് നംജോഷി വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. കൊവിഡ് പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കൊവിഡ് മോചിതനായിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ