സീന്‍ ടു സീന്‍ കോപ്പി; ശ്രീലങ്കന്‍ ചാനലില്‍ ടെലിഫിലിമായി ജോജി

Published : Feb 16, 2022, 06:30 AM IST
സീന്‍ ടു സീന്‍ കോപ്പി; ശ്രീലങ്കന്‍ ചാനലില്‍ ടെലിഫിലിമായി ജോജി

Synopsis

ഒടിടി റിലീസ് ആയെത്തി ഭാഷാ അതിരുകള്‍ക്കപ്പുറത്ത് പ്രേക്ഷകരിലെത്തിയ ചിത്രം

ഇന്ത്യന്‍ സിനിമയില്‍ കൊവിഡ് കാലത്ത് ഒടിടി റിലീസുകളിലൂടെ ഏറ്റവും നേട്ടമുണ്ടാക്കിയ സിനിമാ മേഖല മലയാളമാണ്. പ്രമുഖ പ്ലാറ്റ്ഫോമുകളായ ആമസോണ്‍ പ്രൈം വീഡിയോയിലൂടെയും നെറ്റ്ഫ്ലിക്സിലൂടെയുമൊക്കെ മലയാള സിനിമകള്‍ സബ് ടൈറ്റിലുകള്‍ക്കൊപ്പം എത്തിയതോടെ ഇന്ത്യയ്ക്ക് പുറത്തും ഒട്ടനവധി സിനിമാപ്രേമികളിലേക്ക് മലയാള സിനിമകള്‍ എത്തി. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണും ജോജിയും (Joji) അവസാനം മിന്നല്‍ മുരളിയുമൊക്കെ അത്തരത്തില്‍ ഒടിടി റിലീസിലൂടെ ഭാഷാ അതിരുകള്‍ക്കപ്പുറത്ത് എത്തിയ സിനിമകളാണ്. ഇപ്പോഴിതാ മലയാളം ഒടിടി റിലീസുകള്‍ ഉണ്ടാക്കിയ റീച്ച് എന്തെന്ന് പ്രേക്ഷകരെ ബോധ്യപ്പെടുത്തുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ മലയാളികള്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ്. ഒരു ശ്രീലങ്കന്‍ ടെലിഫിലിമിന്‍റെ ട്രെയ്ലര്‍ ആണത്.

ബേണിംഗ് പീപ്പിള്‍ എന്നു പേരിട്ടിരിക്കുന്ന ടെലിഫിലിം ശ്രീലങ്കയിലെ സിരസ ടിവി (Sirasa TV) എന്ന ചാനലിലാണ് പ്രദര്‍ശിപ്പിക്കുന്നത്. ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ ഒരുക്കിയ ജോജിയുടെ പകര്‍പ്പാണ് ഈ ടെലിഫിലിം എന്നാണ് ട്രെയ്ലറില്‍ നിന്ന് മനസിലാക്കാനാവുന്നത്. വെറും പകര്‍പ്പ് അല്ല മറിച്ച് സിനിമയുടെ സീന്‍ ടു സീന്‍ കോപ്പിയാണ് ഈ ടെലിഫിലിം. ഒരു മിനിറ്റ് 4 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ട്രെയ്ലറിന്‍റെ ആദ്യ കാഴ്ചയില്‍ തന്നെ ഇത് ജോജിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഒന്നാണെന്ന് ചിത്രം കണ്ട ആര്‍ക്കും മനസിലാവും. സിരസ ടിവിയുടെ ഫേസ്ബുക്ക് പേജിലൂടെ ഈ മാസം 11നാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മലയാളികള്‍ക്കിടയില്‍ വൈറലായതോടെ മലയാളം കമന്‍റുകള്‍ നിറയുകയാണ് ഈ വീഡിയോയ്ക്കു താഴെ. 

മഹേഷിന്‍റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ സിനിമകള്‍ക്കുശേഷം ദിലീഷും ഫഹദും ഒന്നിച്ച ചിത്രമാണ് ജോജി. എരുമേലിയിലെ ഒരു സമ്പന്ന ക്രിസ്‍ത്യന്‍ കുടുംബത്തിന്‍റെ പശ്ചാത്തലത്തില്‍ ശ്യാം പുഷ്‍കരനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വില്യം ഷേക്സ്പിയറിന്‍റെ വിഖ്യാത നാടകം 'മാക്ബത്തി'ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള സ്വതന്ത്രാവിഷ്‍കാരമാണ് ജോജി. വിദേശത്തു പോകാനും ധനികനാകാനും ആഗ്രഹിക്കുന്ന, എന്നാല്‍ എഞ്ചിനീയറിംഗ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച ജോജിയെയാണ് ഫഹദ് ഫാസില്‍ അവതരിപ്പിച്ചിരിക്കുന്നത്. ബാബുരാജ്, ഉണ്ണിമായ, ഷമ്മി തിലകന്‍, അലിസ്റ്റര്‍ അലക്സ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ബിബിസി ഉള്‍പ്പെടെയുള്ള വിദേശ മാധ്യമങ്ങളില്‍ പോലും ചിത്രത്തെക്കുറിച്ചുള്ള ആസ്വാദനങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

നടി ചൈത്രയെ തട്ടിക്കൊണ്ട് പോയി, ഒരു വയസുകാരിയായ മകളെ നൽകണമെന്ന് നിർമ്മാതാവായ ഭർത്താവ് ഭീഷണിപ്പെടുത്തിയതായി പരാതി
രണ്ട് ദിവസത്തെ ഷൂട്ട്, ദൈർഘ്യം 73 മിനിറ്റ്; അഭിമാനത്തോടെ 'ആദി സ്നേ​ഹത്തിന്‍റെ വിരുന്ന് മേശ'യുമായി മിനി ഐ ജി