അന്ന് ജ്യൂസ് കടയില്‍ ജോലി, ഇന്ന് ഹിറ്റ് സിനിമയുടെ സംവിധായകന്‍; 'ആര്‍ഡിഎക്സ്' സംവിധായകനെക്കുറിച്ച് ബേസില്‍

Published : Aug 28, 2023, 03:54 PM IST
അന്ന് ജ്യൂസ് കടയില്‍ ജോലി, ഇന്ന് ഹിറ്റ് സിനിമയുടെ സംവിധായകന്‍; 'ആര്‍ഡിഎക്സ്' സംവിധായകനെക്കുറിച്ച് ബേസില്‍

Synopsis

'ഗോദ'യിലാണ് നഹാസ് ആദ്യമായി വര്‍ക്ക് ചെയ്യുന്നത്

ബേസില്‍ ജോസഫിന്‍റെ അസിസ്റ്റന്‍റ് ആയി സിനിമാ രംഗത്തേക്കെത്തിയ ആളാണ് ഓണച്ചിത്രമായെത്തി തിയറ്ററുകള്‍ നിറയ്ക്കുന്ന ആര്‍ഡിഎക്സിന്‍റെ സംവിധായകന്‍ നഹാസ് ഹിദായത്ത്. ഇപ്പോഴിതാ ആദ്യ ചിത്രത്തിലേക്കുള്ള യാത്രയില്‍ നഹാസ് പ്രദര്‍ശിപ്പിച്ച നിശ്ചയദാര്‍ഢ്യത്തെക്കുറിച്ച് പറയുകയാണ് ബേസില്‍ ജോസഫ്. ആര്‍ഡിഎക്സ് കണ്ടതിനു ശേഷം സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പിലൂടെയാണ് ബേസില്‍ നഹാസിനെക്കുറിച്ച് പറയുന്നത്.

ബേസില്‍ ജോസഫിന്‍റെ കുറിപ്പ്

2016 ല്‍ എന്‍റെ രണ്ടാം ചിത്രമായ ഗോദയുടെ പ്രീ പ്രൊഡക്ഷന്‍ നടക്കുന്ന സമയത്താണ് ഞങ്ങളുടെ ഡയറക്ഷന്‍ ടീമിന്‍റെ ഭാഗമാവാനുള്ള ആഗ്രഹം അറിയിച്ച് ഈ ചെറുപ്പക്കാരന്‍ എന്നെ സമീപിക്കുന്നത്. ഒരു ചലച്ചിത്രകാരന്‍ ആവാനുള്ള തന്‍റെ തീവ്രാഭിലാഷത്തെക്കുറിച്ച് പറഞ്ഞതിനൊപ്പം സാമ്പത്തികവും വ്യക്തിപരവുമായുള്ള ജീവിതപ്രയാസങ്ങളെക്കുറിച്ചും അയാള്‍ പറഞ്ഞു. കാഞ്ഞിരപ്പള്ളി എന്ന ചെറിയ പട്ടണത്തില്‍ നിന്നും അയാള്‍ കൊച്ചിയില്‍ എത്തിയതിന് പിന്നില്‍ നിശ്ചയദാര്‍ഢ്യം മാത്രമായിരുന്നു. ചെലവിനുള്ള പണം കണ്ടെത്താനായി ഒരു ജ്യൂസ് കടയില്‍ ജോലി ചെയ്യുകയായിരുന്നു അയാള്‍ അന്ന്.

സ്വന്തം കഴിവ് ബോധ്യപ്പെടുത്താനായി ഒരു ഷോര്‍ട്ട് ഫിലിം ചെയ്യാന്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. എന്‍റെ ഉപദേശം ഹൃദയത്തില്‍ ഏറ്റുവാങ്ങിയ അദ്ദേഹം അവിടെനിന്ന് പോയി. അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു ഷോര്‍ട്ട് ഫിലിമുമായി കുറച്ച് ആഴ്ചകള്‍ക്ക് ശേഷം തിരിച്ചുവന്നു. ജ്യൂസ് ഷോപ്പിലെ ജോലിയില്‍ നിന്ന് മിച്ചം പിടിച്ച തുകയും ഒപ്പം സുഹൃത്തുക്കളില്‍ നിന്നും കടം വാങ്ങിയ പണവും ഉപയോഗിച്ചാണ് അദ്ദേഹം അതിനുള്ള ബജറ്റ് കണ്ടെത്തിയത്. ആ ഷോര്‍ട്ട് ഫിലിമിനേക്കാള്‍ ഉപരി എന്നെ ആകര്‍ഷിച്ചത് എല്ലാ പ്രതിസന്ധികള്‍ക്കിടയിലും അത് ചെയ്യാന്‍ അദ്ദേഹം കാണിച്ച നിശ്ചയദാര്‍ഢ്യമാണ്. അപ്പോഴാണ് ഗോദയിലെ അസിസ്റ്റന്‍റ് ഡയറക്ടറായി അദ്ദേഹം ഞങ്ങള്‍ക്കൊപ്പം ചേരുന്നത്.

വര്‍ഷങ്ങള്‍ കടന്നുപോയി, സോഷ്യല്‍ മീഡിയയില്‍ ജനപ്രീതി നേടിയ ഷോര്‍ട്ട് ഫിലിമുകളും മ്യൂസിക് വീഡിയോകളുമൊക്കെ അദ്ദേഹം ചെയ്തു. പിന്നീട് ആദ്യ ചിത്രം ആരംഭിച്ചു. നിര്‍ഭാഗ്യവശാല്‍ കൊവിഡ് മഹാമാരിയും മറ്റ് കാരണങ്ങളാലും ചിത്രം പാതിവഴിയില്‍ നിര്‍ത്തിവെക്കേണ്ടിവന്നു. പിന്നീടാണ് അദ്ദേഹം ആര്‍ഡിഎക്സിനുവേണ്ടി സോഫിയ പോളിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. അതിന്‍റെ ഷൂട്ടിംഗ് സമയത്തും അദ്ദേഹത്തിന്‍റെ പ്രതിസന്ധികള്‍ തുടര്‍ന്നു, അനുകൂലമല്ലാത്ത കാരണങ്ങളാല്‍ ചിത്രം തലക്കെട്ടുകള്‍ സൃഷ്ടിച്ചു. നിര്‍മ്മാതാവിനും അഭിനേതാക്കള്‍ക്കും മറ്റ് അണിയറക്കാര്‍ക്കും നന്ദി. അവരുടെ പിന്തുണയോടെ അവസാനം അദ്ദേഹം ഷൂട്ട് പൂര്‍ത്തീകരിച്ചു. റിലീസിന് തലേന്നും അദ്ദേഹം എന്നെ വിളിച്ചു, വലിയ അളവില്‍ പരിഭ്രമത്തോടെ.

ഇന്ന് അദ്ദേഹത്തിന്‍റെ ചിത്രം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിക്കുകയാണ്. നഹാസ് ഹിദായത്ത് എന്ന പേര് കാണുമ്പോള്‍ പ്രേക്ഷകര്‍ ആവേശപൂര്‍വ്വം കൈയടിക്കുന്നു. ഇന്ന് ആര്‍ഡിഎക്സ് കാണാന്‍ ഞാന്‍ തിയറ്ററില്‍ പോയപ്പോള്‍ ചിത്രം കാണാനെത്തിയ കുറച്ച് ചെറുപ്പക്കാരെ കണ്ടു. പടം എങ്ങനെയുണ്ടെന്ന എന്‍റെ ചോദ്യത്തിന് ​ഗംഭീരം എന്നായിരുന്നു അവരുടെ പ്രതികരണം. അഭിമാനത്തോടെയും സന്തോഷത്തോടെയുമായിരുന്നു അവരത് പറഞ്ഞത്. നഹാസ് ആണ് ഇതിന്‍റെ സംവിധായകന്‍, ഒരിക്കല്‍ അദ്ദേഹം എന്‍റെ അസിസ്റ്റന്‍റ് ഡയറക്ടര്‍ ആയിരുന്നു, അത് പറഞ്ഞപ്പോള്‍ എന്‍റെ കണ്ണ് നിറഞ്ഞു. 

പ്രിയ നഹാസ്, ആശംസകള്‍. ഈ വിജയവും മുന്നോട്ടുള്ള നിരവധി വിജയങ്ങളും നീ അര്‍ഹിക്കുന്നു. ഒരു ​ഗംഭീര കരിയറിന്‍റെ തുടക്കമാവട്ടെ ഇത്, നിന്‍റെ സിനിമ പോലെ തന്നെ. 

ALSO READ : ഓണം അടിച്ചോ? 'ആര്‍ഡിഎക്സ്' ആദ്യ മൂന്ന് ദിനങ്ങളില്‍ നേടിയ കളക്ഷന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

പുതുമുഖങ്ങളുമായി ഫാമിലി എന്റർടെയ്‌നർ 'ഇനിയും'; ഓഡിയോ പ്രകാശനം നടന്നു
കന്നഡ മള്‍ട്ടി സ്റ്റാര്‍ ചിത്രം ഒടുവില്‍ ഒടിടിയില്‍ എത്തി