
'ട്രെയിലറും പോസ്റ്ററും കണ്ട് സിനിമ കാണാൻ തോന്നിയാൽ നിങ്ങൾ പോയി കാണുക. കണ്ടിട്ട് ഇഷ്ട പെട്ടെങ്കില്‍ മാത്രം നാലാളോട് അത് കാണാനായി പറയുക', എന്നായിരുന്നു പ്രാവിൻകൂട് ഷാപ്പിനെ കുറിച്ച് ബേസിൽ ജോസഫ് അടുത്തിടെ പറഞ്ഞത്. വളരെ സിമ്പിളായി തന്റെ സിനിമയെ താരം പ്രമോട്ട് ചെയ്തുവെങ്കിലും അത്ര സിമ്പിളല്ല പ്രാവിൻകൂട് ഷാപ്പിന്റെ കഥ. അത് അന്വർത്ഥമാക്കുന്ന കാഴ്ചകളായിരുന്നു ഇന്ന് ബിഗ് സ്ക്രീനിൽ കണ്ടത്. പക്കാ നാച്വറലായി എടുത്ത കോമഡി-ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്ന് പ്രാവിൻകൂട് ഷാപ്പിനെ ഒറ്റവാക്കിൽ വിശേഷിപ്പിക്കാം.
ഡാർക്ക് മോഡിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ടൈറ്റിൽ പോലെ തന്നെ 'പ്രാവിൻകൂട് ഷാപ്പാ'ണ് ചിത്രത്തിലെ മെയിൻ താരം. എന്താണ് സിനിമയുടെ ഇതിവൃത്തം എന്ന് കാണിച്ചുകൊണ്ടാണ് പടം തുടങ്ങുന്നത്. മഴക്കാറും കാറ്റും കോളുമുള്ളൊരു രാത്രിയിൽ ഷാപ്പിലൊരു കൊലപാതകം നടക്കുന്നു. ഇതാര് നടത്തി ? എന്തിന് നടത്തി? എങ്ങനെ നടത്തി? എന്നീ ചോദ്യങ്ങളുടെ ഉത്തരം തേടിയുള്ള യാത്രയാണ് സിനിമ.
എസ്ഐ സന്തോഷ് സിജെ, കണ്ണൻ, മെറിന്റ, കൊമ്പൻ ബാബു, സുനിൽ പി എസ് എന്നിവരാണ് പ്രാവിൻകൂട് ഷാപ്പിലെ പ്രധാന കഥാപാത്രങ്ങൾ. ഇത് യഥാക്രമം ബേസിൽ ജോസഫ്, സൗബിൻ ഷാഹിർ, ചാന്ദ്നി, ശിവജിത്ത്, ചെമ്പൻ വിനോദ് തുടങ്ങിയ താരങ്ങളാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ ആദ്യം എടുത്ത് പറയേണ്ടുന്ന കാര്യം ചുറ്റുപാടാണ്. ഒരു ഗ്രാമാന്തരീക്ഷത്തിൽ ഒരു കള്ള് ഷാപ്പ്. അവിടെ എന്തെല്ലാം കാര്യങ്ങൾ നടക്കുമോ അതെല്ലാം ഉൾക്കൊള്ളിച്ച് കൊണ്ട് പ്രേക്ഷകനെ ശരിക്കും ഒരു ഷാപ്പിലേക്ക് കൊണ്ടുപോകുന്നുണ്ട് അണിയറക്കാർ.
പ്രാവിൻകൂട് ഷാപ്പിലെ അഭിനേതാക്കളെല്ലാം പെർഫക്ട് കാസ്റ്റിംഗ് ആണ്. ചെറിയൊരു വേഷത്തിൽ വന്ന് പോകുന്നവർ വരെ അതിഗംഭീരമായി അഭിനയിച്ചിരിക്കുന്നു എന്നത് എടുത്ത് പറയേണ്ടുന്ന കാര്യമാണ്. എക്സ്ട്രാ ഇന്റലിജന്റ് ഐക്യു ലെവലുള്ള പെലീസ് ഉദ്യോഗസ്ഥനാണ് സന്തോഷ്. ഒരാൾ എന്താണോ ചിന്തിക്കുന്നത് അത് അറിയാൻ അയാൾക്ക് സാധിക്കും. അത് ത്മയത്തത്തോടെ അവതരിപ്പിക്കാൻ ബേസിലിന് സാധിച്ചിട്ടുണ്ട്. മിനിമം ഗ്യാരന്റിയുള്ള നടനാണ് താനെന്ന് ബേസിൽ ജോസഫ് വീണ്ടും തെളിയിച്ചിരിക്കുകയാണ് ചിത്രത്തിലൂടെ. കാലിന് ഒരു മുടന്തുള്ള കള്ള് ഷാപ്പിലെ ജീവനക്കാരനായി എത്തി സൗബിനും അസാധ്യ പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ഇരുവരുടെയും കഥാപാത്രങ്ങൾക്കുള്ള ട്രാൻസ്ഫോർമേഷൻസ് അതി മനോഹരമായി തന്നെ താരങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. ശിവജിത്ത്, ചെമ്പൻ വിനോദ്, ചാന്ദ്നി, ശബരീഷ് വർമ തുടങ്ങി എല്ലാവരും മികച്ച പ്രകടനം തന്നെ കാഴ്ചവച്ചിരിക്കുന്നു.
വേ ഓഫ് മേക്കിങ്ങ് ആണ് പ്രാവിൻകൂട് ഷാപ്പിൽ എടുത്ത് പറയേണ്ട മറ്റൊരു കാര്യം. ഓരോ കഥാപാത്രത്തങ്ങളെ അവതരിപ്പിച്ചതായിക്കോട്ടെ, ട്വിസ്റ്റുകൾ ആയിക്കോട്ടെ, വളരെ മൈന്യൂട്ട് ആയിട്ടുള്ള കാര്യങ്ങൾ ആയിക്കോട്ടെ ദ ബെസ്റ്റ് എന്ന് തന്നെ പറയേണ്ട രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. അത്രക്കുണ്ട് ബിഗ് സ്ക്രീനിൽ ദൃശ്യമായ സിനിമ. ഡാർക്ക് ഹ്യൂമർ ജോണറിൽ എത്തിയ ചിത്രം ആദ്യം മുതൽ അവസാനം വരെ അത് നിലനിർത്തിയിട്ടുണ്ട്. വളരെ സീരിയസ് ആയിട്ടുള്ള സീനുകളിൽ പോലും പ്രേക്ഷകരെ ചിരിപ്പിക്കാൻ സിനിമയ്ക്ക് സാധിച്ചിട്ടുണ്ട്.
ഇന്ദ്രജിത്തിന്റെ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ; 'ധീര'ത്തിന് ആരംഭം
പ്രാവിൻകൂട് ഷാപ്പിലെ നട്ടെല്ല് തിരക്കഥയാണ്. സംവിധായകൻ ശ്രീരാജ് ശ്രീനിവാസൻ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആദ്യമുതൽ അവസാനം വരെ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എങ്ങനെ പോകണമോ അതിന് യാതൊരുവിധ കോട്ടവും തട്ടാതെ മുന്നോട്ട് കൊണ്ടുപോകാൻ തിരക്കഥയ്ക്ക് സാധിച്ചിട്ടുണ്ട്. സിനിമ എന്താണ് എന്ന പ്ലോട്ട് പ്രേക്ഷന് നൽകിയിട്ടുണ്ടെങ്കിലും അവർ ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലാണ് സിനിമയെ ശ്രീരാജ് കൊണ്ടുപോയത് എന്നത് അഭിനന്ദനീയമാണ്. ഒരു പക്ഷേ ഈ വേ ഓഫ് മേക്കിംഗ് മലയാള സിനിമയിൽ വേറെ ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. സമീപകാലത്ത് മലയാള സിനിമയ്ക്ക് ഒട്ടനവധി മികച്ച ചിത്രങ്ങൾ സമ്മാനിച്ചത് നവാഗതരാണ്. ആ കൂട്ടത്തിലേക്ക് ശ്രീരാജ് ശ്രീനിവാസന് സധൈര്യം നടന്ന് കയറാം എന്ന് പ്രാവിൻകൂട് ഷാപ്പ് ഉറപ്പുനൽകുന്നുമുണ്ട്.
സിനിമയിലെ ഹൈലൈറ്റുകള്‍ ഛായാഗ്രഹണവും സംഗീതവുമാണ്. ലോകമാകെ തരംഗമായി മാറിയ 'മഞ്ഞുമ്മൽ ബോയ്‌സി'ന്‍റെ വലിയ വിജയത്തിന് ശേഷം ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവഹിച്ച ചിത്രമാണിത്. ക്രിസ്റ്റൽ ക്ലിയറായാണ് ഷൈജു ഓരോ കാര്യങ്ങളും പ്രാവിൻകൂട് ഷാപ്പിനായി ചെയ്തിരിക്കുന്നത്. തല്ലുമാല, ഫാലിമി, പ്രേമലു, അമ്പിളി എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങള്‍ക്കുശേഷം വിഷ്ണു വിജയ് സംഗീത ഒരുക്കിയ ചിത്രമാണിത്. സിനിമയ്ക്ക് കോട്ടം തട്ടാതെ അതിനെ താങ്ങിനിർത്തിയതിൽ പ്രധാനഘടകവും ഈ സംഗീതം തന്നെയാണ്. എന്തായാലും ആവേശത്തിന് ശേഷം അൻവർ റഷീദ് നിർമിച്ച ചിത്രം ഫാമിലികൾക്ക് ഇഷ്ടപ്പെടുന്ന ഒരു പക്കാ ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണെന്ന് നിസംശയം പറയാനാകും.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..