ആ ക്ലൈമാക്സിനു പിന്നിലുള്ള പരിശ്രമം ഇങ്ങനെ; 'ബ്രഹ്‍മാസ്ത്ര' മേക്കിംഗ് വീഡിയോ

By Web TeamFirst Published Nov 8, 2022, 4:44 PM IST
Highlights

വിഷ്വല്‍ എഫക്റ്റ്സിന് ഇത്രയും പ്രാധാന്യമുള്ള ഒരു ക്ലൈമാക്സ് ഇന്ത്യന്‍ സിനിമയില്‍ത്തന്നെ അപൂര്‍വ്വമായിരിക്കും

കൊവിഡാനന്തര കാലത്ത് അക്ഷയ് കുമാര്‍, ആമിര്‍ ഖാന്‍ ചിത്രങ്ങള്‍ പോലും പരാജയം രുചിച്ചിടത്ത് ബോളിവുഡിന്‍റെ പ്രതീക്ഷ തെറ്റിക്കാതെ വിജയം കൈവരിച്ചത് അപൂര്‍വ്വം ചിത്രങ്ങളാണ്. അക്കൂട്ടത്തില്‍ ഒന്നായിരുന്നു വമ്പന്‍ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ബ്രഹ്‍മാസ്ത്ര. ഇന്ത്യന്‍ പുരാണങ്ങളുമായി ബന്ധപ്പെട്ട് സംവിധായകന്‍ അയന്‍ മുഖര്‍ജി രൂപപ്പെടുത്തിയ ഏറെ സവിശേഷതകളുള്ള ഒരു ഫ്രാഞ്ചൈസിയിലെ ആദ്യ ഭാഗമായിരുന്നു ബ്രഹ്‍മാസ്ത്ര. 

ആക്ഷനും വിഷ്വല്‍ എഫക്റ്റ്സിനും വൈകാരികതയ്ക്കുമൊക്കെ പ്രാധാന്യമുള്ള 20 മിനിറ്റ് സീക്വന്‍സ് ആയിരുന്നു ചിത്രത്തിന്‍റെ ക്ലൈമാക്സ്. ഈ 20 മിനിറ്റിന് ഒരു ഇന്‍ഡിപെന്‍ഡന്‍റ് സിനിമയായി തന്നെ നില്‍ക്കാനുള്ള ശേഷിയുണ്ടെന്ന് സംവിധായകന്‍ അയന്‍ മുഖര്‍ജി പറയുന്നു. വിഷ്വല്‍ എഫക്റ്റ്സിന് ഇത്രയും പ്രാധാന്യമുള്ള ഒരു ക്ലൈമാക്സ് ഇന്ത്യന്‍ സിനിമയില്‍ത്തന്നെ അപൂര്‍വ്വമായിരിക്കും. പശ്ചാത്തലം മുഴുക്കെ നീല നിറത്തിലുള്ള മാറ്റ് വച്ച് ഇന്‍ഡോറിലാണ് ക്ലൈമാക്സ് ചിത്രീകരിച്ചത്. ഹോളിവുഡില്‍ നിന്നുള്ള നിരവധി സാങ്കേതിക പ്രവര്‍ത്തകരാണ് ചിത്രീകരണത്തില്‍ പങ്കെടുത്തത്. ഈ ക്ലൈമാക്സിന്‍റെ ചിത്രീകരണം വിവരിക്കുന്ന ഒരു ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്.

ALSO READ : 'ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി'യായി മമ്മൂട്ടി; 'കാതലി'ല്‍ മാത്യു ദേവസി

സെപ്റ്റംബര്‍ 9 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം മികച്ച സാമ്പത്തിക വിജയമാണ് നേടിയത്. 25 ദിവസം കൊണ്ട് 425 കോടിയാണ് ചിത്രം നേടിയത്. പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം ഒടിടി റിലീസ് ചെയ്യപ്പെട്ടിരിക്കുന്നത്. രണ്‍ബീര്‍ കപൂര്‍ നായകനായ ചിത്രം ഫാന്‍റസി ആക്ഷന്‍ അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ഫാന്‍റസി ആക്ഷന്‍ അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും അയന്‍ മുഖര്‍ജിയാണ്. അസ്ത്രാവേഴ്സ് എന്നാണ് ബ്രഹ്‍മാസ്ത്ര ആദ്യ ഭാഗമായി വരുന്ന ഫ്രാഞ്ചൈസിയുടെ പേര്.

click me!